shanavas

സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഷാനവാസ്. മലപ്പുറം സ്വദേശിയായ ഷാനവാസ് ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന ഒരു ഭൂതകാലം ഷാനവാസിനുണ്ട്. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്നിൽ ഷാനവാസ് മനസുതുറന്നു.

 

ചെറുപ്പക്കാലം മുതൽ അഭിനയമോഹം മനസിലുണ്ടായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് തപാലിലൂടെ അഭിനയം പഠിക്കാം എന്ന പരസ്യം കാണുന്നത്. അങ്ങനെ പഠിക്കുന്നവർക്ക് സിനിമയിലേക്ക് അവസരം നൽകുമെന്നും എഴുതിയിരുന്നു. പരസ്യത്തിൽ കണ്ട നമ്പറിൽ വിളിച്ചു അവർ മണിഓർഡർ അയച്ചുനൽകിയാൽ പുസ്തകങ്ങൾ നൽകാമെന്ന് പറഞ്ഞു. പുസ്തകമൊക്കെ വന്നു, അതിനുശേഷം തിരുവനന്തപുരത്ത് ഓഡിഷന് വരണമെന്ന് പറഞ്ഞു. ഓഡിഷനും കുറച്ച് തുക നൽകണമെന്ന് പറഞ്ഞു. എന്റെ ആഗ്രഹം കണ്ട് ഉപ്പ എതിരൊന്നും പറഞ്ഞില്ല, തിരുവനന്തപുരത്ത് പോകാനുള്ള പണം തന്നു. ഒരു കൂട്ടുകാരനോടൊപ്പം അവിടെയത്തി. ഓഡിഷനെല്ലാം കഴിഞ്ഞ് അവർ അറിയിക്കാമെന്ന് പറഞ്ഞു. രണ്ടു മൂന്ന് ദിവസം കഴിഞ്ഞും വിവരമൊന്നുമില്ല. ആ നമ്പറിൽ വിളിച്ച് നോക്കിയപ്പോൾ നമ്പർ തന്നെ നിലവിൽ ഇല്ല എന്ന് അറിഞ്ഞു. എന്റെ ആദ്യത്തെ അഭിനയ അനുഭവം അങ്ങനെ കയ്പേറിയതായി.

 

പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ഉപ്പ മരിക്കുന്നത്. അതോടെ കുടുംബത്തിന്റെ നാഥനാകേണ്ടി വന്നു. രണ്ട് അനുജത്തിമാരും ഉമ്മയും ഉപ്പയുടെ ഉമ്മയുടെ അടങ്ങുന്നതായിരുന്നു കുടുംബം. ഇവരുടെയെല്ലാം ഉത്തരവാദിത്തം എന്റെ തോളിലായി. പഠിക്കുന്നതിന്റെ ഇടയ്ക്ക് പറ്റുന്ന പോലെ എല്ലാ ജോലിക്കും പോകുമായിരുന്നു. ജോലിയോടൊപ്പമാണ് ഡിഗ്രിക്ക് പഠിക്കുന്നത്. ക്ലാസിൽ പോയി വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാൻ പോകും, മെറ്റൽ ചുമക്കാനും കൂലിപ്പണിക്കുമെല്ലാം പോകും. ഇത്രയും അംഗങ്ങളുടെ ചെലവ് വഹിക്കണമെങ്കിൽ പോകാതെ നിവൃത്തിയില്ലായിരുന്നു.

 

ഡിഗ്രി കഴിഞ്ഞ് ഉള്ള പഠിപ്പും കൊണ്ട് ഞാനൊരു കമ്പനിയിൽ അക്കൗണ്ടന്റായി കയറി. അപ്പോഴും അഭിനയമോഹം മറന്നിരുന്നില്ല. ഇടയ്ക്ക് രണ്ടുദിവസം ലീവെടുത്ത് ചെന്നൈയിലും എറണാകുളത്തുമൊക്കെ ചാൻസ് ചോദിച്ച് പോകും. ഒരുപാട് പേർക്ക് ഫോട്ടോ അയച്ചുകൊടുക്കും. കുറച്ചുനാൾ കഴിഞ്ഞ് ഫിനാൻസ് കമ്പനിയിലെ ജോലിവിട്ട് സ്വന്തമായി ബിസിനസ് തുടങ്ങി. ബിസിനസുമായി മുന്നോട്ട് പോകുമ്പോഴാണ് ആദ്യമായി ഒരു സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്– ഷാനവാസ് പറഞ്ഞു. 

 

ഷാനവാസിന്റെ വാക്കുകള്‍ കേട്ട് അവതാരകയായ റിമി ടോമിക്കടക്കം കണ്ണുനിറഞ്ഞു. വിഡിയോ കാണാം.