വെള്ളത്തിൽ മുങ്ങിത്താഴ്ന്ന അമ്മൂമ്മയെ കൊച്ചുമകൻ കൈപിടിച്ച് കയറ്റിയത് ജീവന്റെ കരയിലേക്ക്. ആറിൽ മാത്രമല്ല, ആറ്റിലും പഠിച്ചതുകൊണ്ടാണു വെള്ളത്തിൽ മുങ്ങിത്താഴ്ന്ന മറിയാമ്മയുടെ ജീവൻ രക്ഷിക്കാൻ പേരക്കുട്ടി റോജിനു കഴിഞ്ഞത്.
ആറു ദിവസം മുൻപു മരിച്ച കരിച്ചിറ വാളേക്കാട് വീട്ടിൽ വി.ജെ.ജോസഫിന്റെ കുഴിമാടത്തിൽ പ്രാർഥിക്കാൻ പോകുമ്പോഴാണു ജോസഫിന്റെ ഭാര്യ മറിയാമ്മയും (60) പുന്നപ്ര യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ പേരക്കുട്ടി റോജിനും (11) ഇന്നലെ വള്ളംമുങ്ങി അപകടത്തിൽപ്പെട്ടത്.
പൂക്കൈതയാറിന്റെ അക്കരെ ചെമ്പുംപുറം നർബോനപുരം പള്ളിയിലേക്കായിരുന്നു യാത്ര. സംസ്കാരം കഴിഞ്ഞതു മുതൽ എന്നും റോജിനൊപ്പമാണു മറിയാമ്മ കുഴിമാടത്തിലെ പ്രാർഥനയ്ക്കു പോയിരുന്നത്. ഇന്നലെ രാവിലെ 6.45 നു യാത്ര പുറപ്പെട്ട ഇരുവരും നദിയിലൂടെ അൽപദൂരം തുഴഞ്ഞപ്പോഴേക്കും അമിതവേഗത്തിലെത്തിയ വഞ്ചിവീട് വള്ളത്തിലിടിച്ചു കടന്നുപോകുകയായിരുന്നു.
വഞ്ചിവീട് നിർത്തിയില്ല. ഇരുവർക്കും നീന്തൽ അറിയാമായിരുന്നെങ്കിലും മറിയാമ്മയുടെ കാലുകളിൽ സാരി കുരുങ്ങിയതോടെ മുങ്ങാൻ തുടങ്ങി. റോജിൻ ഇടംകൈ വള്ളത്തിലും വലംകൈ അമ്മൂമ്മയുടെ കൈയിലുമായി പിടിച്ചു കരയിലേക്കു നീന്താൻ തുടങ്ങി. കരയിലെത്തിയ ശേഷം വീട്ടിലേക്കു മടങ്ങിയ ഇരുവരും വസ്ത്രം മാറി അതേ വള്ളത്തിൽ വീണ്ടും പള്ളിയിലേക്കു പുറപ്പെട്ടു.
‘എനിക്കു നീന്തി രക്ഷപ്പെടാം. അമ്മൂമ്മയെക്കൂടി കരയ്ക്കെത്തിക്കണമെന്നായിരുന്നു ആഗ്രഹം’–മറിയാമ്മയോടു ചേർന്നുനിന്നു റോജിൻ പറഞ്ഞു. പുന്നപ്ര തെക്ക് പുത്തൻപുരക്കൽ റോബർട്ടിന്റെ മകനാണു റോജിൻ. റോജിന്റെ മാതാവ് ജിൻസിയുടെ അമ്മയാണു മറിയാമ്മ.