save-luttapi-life

‘ആ പാവം ജെട്ടിയിട്ട് നടക്കണ പ്രായത്തിൽ കണ്ടു തുടങ്ങിയതാ.. പിന്നെ നിങ്ങൾ പൊടിമില്ലിൽ തൂങ്ങി കിടക്കുന്ന പോലത്തെ ബനിയൻ ഇട്ടുകൊടുത്തു. അങ്ങനെ നിങ്ങൾ അവനെ പരിഷ്കാരിയാക്കി.. അതും ഞങ്ങൾ സഹിച്ചു. എന്നാൽ ഇപ്പോൾ എവിടെ നിന്നോ വന്ന ഒരുത്തിക്ക് വേണ്ടി ഞങ്ങടെ ചെക്കനെ ഒഴിവാക്കിയാൽ.. പിന്നെ നടക്കുന്നത് വേറെയാ.. പറഞ്ഞേക്കാം..ഡിങ്കിനി എന്ന ഡാകിനിയുടെ ബന്ധുവിന് വേണ്ടി നടത്തിയ ഇൗ വഴിവിട്ട നിയമനത്തിനെതിരെ രോഷം ആളിക്കത്തും. നോക്കിക്കോ ബാലരമേ..’ ഇങ്ങനെ പോകുന്നു സമൂഹമാധ്യമങ്ങള്‍ അടക്കി വാഴുന്ന സേവ് ലുട്ടാപ്പി ക്യാംപെയിനിലെ വാചകങ്ങൾ. 

luttapi-1

ബാലരമയിലെ മായാവി ചിത്രക്കഥയിൽ ഡിങ്കിനി എന്ന കഥാപാത്രത്തിന്റെ വരവാണ് എല്ലാത്തിനും കാരണം. ലുട്ടാപ്പിയെ ഒഴിവാക്കിയാണ് ഡിങ്കിനിയുടെ വരവെന്നും അതല്ല ലുട്ടാപ്പിയുടെ കാമുകയാണ് ഡിങ്കിനി എന്നും പലതരത്തിലുള്ള ഗോസിപ്പുകൾ നിമിഷ നേരം കൊണ്ട് വൈറലായി. സേവ് ലുട്ടാപ്പി എന്ന ഹാഷ്ടാഗിൽ ക്യാംപെയിനും ആരംഭിച്ചു. 

luttapi

ബാലരമയുടെ ഫെബ്രുവരി എട്ടിന് പുറത്തിറങ്ങിയ ലക്കത്തിലാണ് ഡിങ്കിനിയുടെ അരങ്ങേറ്റം. ലുട്ടാപ്പിയുടെ ഭാവങ്ങളും കുന്തവും കൊമ്പും ഒക്കെ കണ്ടതോടെ ലുട്ടാപ്പി ഫാൻസിന് ആശങ്കയേറി. പുതിയ ബാലരമയിൽ ലുട്ടാപ്പി ഇല്ല താനും. കുട്ടൂസന്റെ കൂടെ ഏതോ ക്വട്ടേഷനു പോയതാണെന്ന് മാത്രമാണ് പറയുന്നത്. ഇൗ ചോദ്യങ്ങൾ ഫോൺവിളികളായും ഫെയ്സ്ബുക്ക് സന്ദേശങ്ങളായും ബാലരമയ്ക്ക് ലഭിക്കുന്നുണ്ട്. മാത്രമല്ല മലയാള മനോരമ പ്രസിദ്ധീകരണങ്ങളുടെ വെബ്സൈറ്റുകളുടെ താഴെ കമന്റായി സേവ് ലുട്ടാപ്പി ഹാഷ്ടാഗുകളും വന്നുതുടങ്ങി. ഇക്കാര്യത്തിൽ ബാലരമയുടെ അണിയറക്കാര്‍ പറയുന്നതിങ്ങനെ:

‘ഒരിക്കലും ലുട്ടാപ്പിയെ ഒഴിവാക്കില്ല. അടുത്ത ലക്കം ലുട്ടാപ്പി അതിഗംഭീരമായി തിരികയെത്തും. ലുട്ടാപ്പിയുടെ ഫാൻസ് പവർ കണ്ടറിഞ്ഞ് പുതിയ ഒരു പംക്തി തന്നെ അടുത്ത ലക്കം ബാലരമയിൽ തുടങ്ങും.അതോടൊപ്പം ഡിങ്കിനിയുമായി ഒരു നേർക്കുനേർ അഭിമുഖസംഭാഷണവും അടുത്ത ലക്കം പ്രതീക്ഷിക്കാം.’ 

ഏറെ കാലത്തിന് ശേഷമാണ് മായാവി ചിത്രകഥയിൽ ഒരു പുതിയ കഥാപാത്രം എത്തുന്നത്. ഏതായാലും മായാവിക്ക് പോലും കിട്ടാത്ത മാസ് എൻട്രിയാണ് സോഷ്യൽ ലോകവും ട്രോളൻമാരും ഡിങ്കിനിയ്ക്ക് നൽകിയത്. ഇക്കാലമത്രയും സിങ്കിളായി നടന്ന ലുട്ടാപ്പിക്ക് ഇൗ പ്രണയദിനത്തിന് ബാലരമ സമ്മാനിച്ച കാമുകിയാണ് ഡിങ്കിനി എന്നുവരെ ട്രോൾ ഭാവന വിടർന്നിരുന്നു.