fahad-kumbalangi-nights

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ഫഹദിന്റെ ഷമ്മി എന്ന കഥാപാത്രത്തെ മുൻനിർത്തി സമൂഹത്തിന്റെ സ്വഭാവ സവിശേഷതകൾ പറയുകയാണ് ഡോ വീണ ജെഎസ്. എന്തൊക്കെ സമത്വം പറഞ്ഞാലും അവസാനം നായകസ്ഥാനം കയ്യടക്കുന്ന പുരുഷസ്വഭാവത്തെക്കുറിച്ചാണ് ഡോ. വീണയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. 

 

കുമ്പളങ്ങി നൈറ്റ്‌സ് പരാമർശിക്കപ്പെടുന്ന ഒരുകുഞ്ഞുഭാഗം ഇതിലുണ്ട്. Alert.

 

അടുപ്പമുള്ള ഒരു വീട്, എല്ലാവരും സ്നേഹമുള്ളവർ ആണ്. അവിടത്തെ ചേട്ടനും ചേച്ചിയും പരസ്പരം ബഹുമാനമുള്ള ദമ്പതികൾ തന്നെ. സ്നേഹം കടലോളവും. ഭക്ഷണം വെക്കാൻ ചേട്ടനും കുറച്ചൊക്കെ സഹായിക്കും. എല്ലാത്തിലും രണ്ടുപേരും ചേർന്നുള്ള മേളം തന്നെ. എന്നാൽ ഭക്ഷണം കഴിക്കാൻ നേരം മാത്രം ചേട്ടന് സ്പെഷ്യൽ സീറ്റ്‌ ആണ് എല്ലാവരെയും അഭിമുഖീകരിക്കുന്നത് ചേട്ടനാണ്. ചേച്ചി ഒരു സൈഡിലും. ആ സീറ്റിൽ മറ്റാരിരുന്നാലും ചേരുകയില്ല/ശെരിയാവില്ല എന്നൊരു തോന്നൽ പെട്ടെന്ന് എല്ലാവർക്കും ഉണ്ടാവുകയും ചെയ്യും. പ്രായം കൂടുതലുള്ള ചേട്ടൻ ആവണം കുടുംബനാഥൻ എന്ന തത്വം.

 

എന്റെ വീട്ടിൽ നേരെ തിരിച്ചാണ്. എല്ലാവരെയും അഭിമുഖീകരിച്ചിരിക്കുന്നത് മൂത്തമ്മയാണ്. (അച്ഛന്റെ ചേച്ചി). പ്രായത്തിൽ മൂത്തത് മൂത്തമ്മയാണ്.

 

എന്നാൽ മറ്റൊരു വീട്. അവിടെ ഭക്ഷണസമയത്ത് എല്ലാവരെയും അഭിമുഖീകരിച്ചിരിക്കുന്നത് മൂത്ത മകളുടെ ഭർത്താവാണ്. ആ വീട്ടിലെ മൂത്തയാൾ അവിടത്തെ അമ്മയാണ്. ഭർത്താവ് മരിച്ചു.പെൺകുട്ടികൾ മാത്രമുള്ള വീട്. മരുമകനോട് പറയാതെ തന്നെ ആ കസേരയിൽ കേറിയിരുന്നതാവും എന്നാണ് തോന്നുന്നത്. ജാള്യതയില്ലായ്മ എന്നത് ചില ആണുങ്ങൾക്ക് സ്വാഭാവികമാണ്.. ഇതിൽ ജാള്യതയുടെ ആവശ്യമെന്ത് എന്ന് തോന്നുന്നവർ ഉണ്ടാവുകയും ചെയ്യും.

 

അടുത്ത വീട്. ചേച്ചിയും അനിയനും അവരുടെ അമ്മയും ഉള്ള വീട്. അച്ഛൻ ഉപേക്ഷിച്ച വീട്. അവിടെ എല്ലാവരെയും അഭിമുഖീകരിച്ചിരിക്കുന്നത് ചേച്ചിയുടെ ഭർത്താവ്. അനിയൻ അമ്മയെപ്പോലെ പാട്രിയാർക്കിയെ അംഗീകരിച്ചിരിക്കുന്നു.

 

ഇനിയൊരു വീട്. ചേട്ടന് ഒരനിയത്തി. അച്ഛനില്ല. അമ്മയുണ്ട്. ഭക്ഷണസമയം എല്ലാവരെയും അഭിമുഖീകരിച്ചിരിക്കുന്നത് ചേട്ടൻ. അനിയത്തിയുടെ ഭർത്താവ് വരുന്ന ദിവസം അഭിമുഖീകരിക്കുന്ന കസേരയിൽ നിന്നും മാറിയിരിക്കും. ആ കസേര അന്ന് ശൂന്യമായിരിക്കും. എന്തിനാണെന്ന് ആർക്കുമറിയാത്തപോലെ ചേട്ടനും അറിയില്ല. അതൊരുതരം അസ്വസ്ഥതയാണ്.

 

അടുത്ത വീട്. സുഹൃത്തിന്റേതാണ്. അവർ രണ്ടും മാത്രമേ ഉള്ളൂ. അവന് അവളേക്കാൾ പ്രായം കുറവാണ്. അവന് മുപ്പത്, അവൾക്കു മുപ്പത്താറ്. താലീം പീലിം ഒന്നുമില്ലാതെ ചെയ്ത വിവാഹം. അതിഥികൾ ഉള്ള ദിവസങ്ങളിൽ അവൻ എല്ലാവരെയും അഭിമുഖീകരിച്ചിരിക്കും. അവൾ സൈഡ്. 

 

കുമ്പളങ്ങി നൈറ്റ്‌സ് ലെ ഷമ്മി വളരെ വിദഗ്ധമായി കസേര കൈക്കലാക്കുന്നത് കണ്ടപ്പോൾ ഇവരെയെല്ലാം പെട്ടെന്ന് ഓർക്കാൻ പറ്റി. മുകളിൽ പറഞ്ഞ ഭൂരിഭാഗവും നല്ലവർ തന്നെ. എന്നാൽ അവരറിയാതെതന്നെ "അവരുടേത് മാത്രം" എന്ന് വരുത്തിത്തീർക്കപ്പെട്ട കസേരകളെ ഇനിയെങ്കിലും നമ്മൾ തിരിച്ചറിയണം. കുടുംബനാഥൻ എന്ന സ്ഥാനം മാത്രം അല്ല പ്രധാനപ്പെട്ടത് എന്ന തിരിച്ചറിവുണ്ടാകണം. മക്കളെയും പുരുഷനെയും പഠിക്കാനും ജോലിക്കും വിടാനായി പകലന്തിയോളം അടുക്കളകളിൽ സേവനം അനുഷ്ഠിക്കുന്ന (ഔദാര്യമാണെങ്കിലും സേവനമായി കണക്കാക്കപ്പെടുന്നതാണല്ലോ ഭൂരിഭാഗം അമ്മമാർക്കും താല്പര്യം :( ) അമ്മമാരുള്ള വീട്ടിലെങ്കിലും ആ കസേര നിങ്ങൾ അവർക്കുവേണ്ടി ഒഴിച്ചിടണം. താൻ ഉണ്ടാക്കിക്കൊടുത്തുവിട്ട ഭക്ഷണം എങ്ങനെയുണ്ടായിരുന്നു എന്നു ചോദിക്കാനെങ്കിലും അവരൊന്നു നിങ്ങൾക്കഭിമുഖമായി ഇരിക്കട്ടെ. ആ കുറച്ച് നേരമെങ്കിലും അവരെ നിങ്ങളൊന്നു ശെരിക്കു കാണുക.

 

കുടുംബത്തോടൊപ്പം ഇരിക്കാൻ കൊതിച്ചു കിട്ടുന്ന ഈ ഭക്ഷണനേരത്തിനിടയിൽപ്പോലും വെള്ളമെടുക്കാനും ഉപ്പെടുക്കാനും ഇടക്കിടെ ഓടേണ്ടിവരുന്ന അമ്മമാർക്ക് വേണ്ടിയാണ് ഇതെഴുതിയത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് രാത്രി ചിലപ്പോഴൊക്കെ സീരിയലുകൾ കാണാറുണ്ടായിരുന്നു ഞാൻ. ഇടയ്ക്കിടെ ഞാൻ അമ്മയുടെ മുഖത്തോട്ട് നോക്കും. എത്ര തമാശയുള്ള പരിപാടി ആണ് ടീവിയിലെങ്കിലും എന്നേക്കാൾ വെറും പത്തൊൻപത് വയസ്സ് മാത്രം മൂപ്പുള്ള അമ്മയുടെ മുഖത്തു ആവലാതി മാത്രമേ കണ്ടിട്ടുള്ളു. അമ്മയെന്താ ആലോചിക്കുന്നത് എന്ന് ചോദിക്കുമ്പോൾ ഒക്കെ അമ്മയുടെ ഉത്തരം "നാളെ കറിക്ക് ഒന്നും വാങ്ങിയിട്ടില്ലല്ലോ, നാളെ രാവിലെ എന്താ ഉണ്ടാക്കുക" എന്ന് തുടങ്ങിയുള്ള ഭക്ഷണവിശേഷങ്ങൾ മാത്രമായിരുന്നു :( ഇന്നും അമ്മ ഭക്ഷണം കഴിക്കാൻ എത്തുമ്പോഴേക്കും ഞാനടക്കമുള്ളവർ കഴിച്ച് പകുതിയായിട്ടുണ്ടാകും.

 

വട്ടത്തിലുള്ള മേശകൾ മാത്രം ഉണ്ടാവട്ടെ. എല്ലാവർക്കും അധികാരം ഉണ്ടെന്ന ബോധ്യം ഉണ്ടാവട്ടെ.