കീഴടക്കാൻ വന്ന മരണത്തിന്റെ മുഖത്തു നോക്കി ഉച്ചത്തിലൊന്നു കുരച്ച് ജൂലി ഇപ്പോൾ കൂട്ടിലുണ്ട്. സ്വന്തം രക്ഷ നോക്കാതെ നാലു പേരുടെ ജീവൻ കാത്തതാണവൾ. അവളെ മരണത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിച്ച വീട്ടുകാർക്കും ഡോക്ടർമാർക്കും പോലും അദ്ഭുതമാണ് അവളുടെ മടങ്ങിവരവ്. അക്കഥ ഇങ്ങനെ; മാന്നാർ വിഷവർശേരിക്കര കുന്നുംപുറത്ത് പരേതനായ ജേക്കബ് ജോണിന്റെ ഭാര്യ മണിയമ്മാൾ, മക്കളായ കാർത്തിക, കീർത്തി, മരുമകൻ ശിവജിത്ത് എന്നിവർ താമസിക്കുന്ന ചെന്നിത്തലയിലെ വാടകവീട്. 15ന് രാത്രി, ജൂലിയെന്ന ഏഴു വയസുകാരി ജർമൻ ഷെപ്പേഡ് നായയുടെ കുര കേട്ട് വീട്ടുകാർ പുറത്തിറങ്ങി.
കണ്ടത് പത്തി വിടർത്തി നിൽക്കുന്ന മൂർഖനെ. വീട്ടുകാർ പുറത്തിറങ്ങിയതും ജൂലി പാമ്പിനെ കടിച്ചു കുടഞ്ഞതും ഒരുമിച്ച്. പിന്നാലെ കൂട്ടിൽ പോയി കിടന്നു അവൾ. പിറ്റേന്നു രാവിലെ കൂട്ടിൽ ഛർദ്ദിച്ച് അവശയായി, മുഖത്ത് നീരു വച്ചു കിടന്ന ജൂലിയെ കണ്ടപ്പോഴാണ് പാമ്പുകടിയേറ്റ വിവരം വീട്ടുകാർ അറിയുന്നത്. ഉടൻ ചെങ്ങന്നൂർ വെറ്ററിനറി പോളി ക്ലിനിക്കിലെത്തിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ.ദീപു ഫിലിപ് മാത്യുവിന്റെ നേതൃത്വത്തിൽ ചികിത്സ തുടങ്ങി. അപ്പോഴാണ് അടുത്ത വെല്ലുവിളി. മൂർഖന്റെ വിഷത്തിനുള്ള ആന്റിവെനം കിട്ടാൽ പ്രയാസം.
മനുഷ്യന് അത്യാവശ്യമുള്ളത് ആയതിനാൽ മൃഗങ്ങൾക്കു നൽകരുതെന്ന സർക്കുലർ പോലും നിലവിലുണ്ട്. ഏറെ പാടുപെട്ട് കോഴഞ്ചേരിയിൽ നിന്നു 3 കുപ്പി ആന്റിവെനം സംഘടിപ്പിച്ചു. 10 മണിയോടെ കുത്തിവയ്പെടുത്തിട്ടും മാറ്റമൊന്നും കണ്ടില്ല. വൈകിട്ട് അഞ്ചരയോടെ അവൾ കണ്ണു തുറന്നപ്പോഴാണ് വീട്ടുകാരുടെ കണ്ണീർ തോർന്നത്. 3 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ ആരോഗ്യം വീണ്ടെടുത്തു. ഇനി ഗുളികകൾ മതി. തലച്ചോറിനെ ബാധിക്കുന്നതാണു മൂർഖന്റെ വിഷം. വിഷമിറങ്ങി ജീവൻ തിരികെ കിട്ടുന്നത് അപൂർവം.