‘ടാ, എന്നെ തൃശൂർ എത്തിക്കാതെ നീയൊന്നും ഇവിടെ നിന്ന് ഒരടി അനങ്ങില്ല..’ സുരേഷ് കല്ലടയിൽ മാസങ്ങൾക്ക് മുൻപ് സമാന അനുഭവം ഉണ്ടായ ഒരു യുവാവ് അന്ന് പ്രതികരിച്ചത് ഇങ്ങനെയാണ്. ഇങ്ങോട്ട് ഗുണ്ടായിസവുമായി വന്നാൽ തിരിച്ച് അങ്ങോട്ടും ഉറച്ച ശബ്ദത്തിൽ തന്നെ പറയണം എന്നാവശ്യപ്പെട്ടാണ് തൃശൂർ സ്വദേശി മുഹമ്മദ് സനീബ് എന്ന യുവാവ് ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവച്ചത്.
അനുഭവം ഇങ്ങനെ: നാലു മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. ബെംഗളൂരുവിൽ നിന്നും തൃശൂരിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കല്ലടയുടെ ഒാഫിസിൽ പോയി. കല്ലട ബസിലെ സ്ഥിരം യാത്രക്കാരനാണ് ഞാൻ. ഒാഫിസിൽ പലതവണ പോയിട്ടുണ്ട്. തൃശൂർ ടൗണിൽ പോകുമോ എന്ന് ഉറപ്പ് വാങ്ങിയ ശേഷമാണ് ടിക്കറ്റെടുത്തത്. അങ്ങനെ യാത്ര തുടങ്ങി. പുലർച്ചെ ജീവനക്കാരുടെ വിളി കേട്ടാണ് ഉണരുന്നത്. തൃശൂർ ഇറങ്ങാൻ ഉള്ളവർ ഇറങ്ങി വന്നേ എന്ന്. ഞാൻ ബാഗുമെടുത്ത് ഇറങ്ങാൻ െചന്നപ്പോൾ സ്ഥലം തൃശൂർ അല്ല, മണ്ണുത്തിയാണ്.
ബസിന്റെ പടിയിൽ നിന്നുകൊണ്ട് തന്നെ ചോദിച്ചു. എനിക്ക് തൃശൂരാണ് ഇറങ്ങേണ്ടത്. ഇവിടെയല്ല. അതൊന്നും അറിയണ്ട. വലിയ വർത്തമാനമൊന്നും പറയാതെ മര്യാദയ്ക്ക് ഇറങ്ങിക്കോ എന്നാണ് ലഭിച്ച മറുപടി. പിന്നീട് ഗുണ്ടായിസത്തിന്റെ ഭാഷയിലും സംസാരം. ഇങ്ങനെയുള്ള അവസരത്തിൽ നമ്മളും ഒട്ടും മോശമാകാറില്ല. ‘ടാ എന്നെ തൃശൂർ എത്തിക്കാതെ നീയൊന്നു ഇവിടെ നിന്ന് ഒരടി അനങ്ങില്ല.. ഒന്നുകിൽ എന്നെ തൃശൂർ ഇറക്കണം അല്ലെങ്കിൽ ഇവിടെ നിന്ന് തൃശൂർ വരെയുള്ള ഒാട്ടോ ചാർജ് 200 രൂപയാണ്. അതുതന്ന് എന്നെ ഒരു ഒാട്ടോയിൽ കയറ്റി വിടണം.’
ഇൗ അഭിപ്രായം ഉറച്ച ശബ്ദത്തിൽ തന്നെ തിരിച്ചു പറഞ്ഞു. ബസിന്റെ പടിയിൽ നിന്നുകൊണ്ടുതന്നെ. ബഹളം ആയതോടെ ബസിന്റെ മറ്റ് യാത്രക്കാരും ഇടപെട്ടു. അവർ എനിക്കൊപ്പം ഉറച്ച് നിന്നതോടെ ഇവൻമാരുടെ ഗുണ്ടായിസം ഒന്നും നടപ്പായില്ല. പിന്നീട് ആ പുലർച്ചെ സമയത്ത് തന്നെ ബസിലെ ജീവനക്കാരൻ ഒാട്ടോ സ്റ്റാൻഡിൽ പോയി ഒാട്ടോ വിളിച്ച് കൊണ്ടുവരികയും അതിനുള്ള ചാർജും തന്ന ശേഷമാണ് ഞാൻ ബസിൽ നിന്നിറങ്ങിയത്. ഒരുമിച്ച് നിന്നാൽ തീരാവുന്നതേയുള്ളൂ കല്ലടയുടെ ഗുണ്ടായിസമൊക്കെ. മുഹമ്മദ് പറയുന്നു. ഇത്തരത്തലുള്ള അനുഭവങ്ങൾ ഇനിയും ആരും മറച്ച് വയ്ക്കാതെ പങ്കുവയ്ക്കണമെന്നും യുവാവ് ആവശ്യപ്പെടുന്നു. വിഡിയോ കാണാം.