yati-footprint

നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള മക്കാലും ബേസ് ക്യാംപിന് സമീപം 'യതി'യുടെ കാൽപ്പാടുകൾ കണ്ടെന്ന് ഇന്ത്യൻ സേന. സേനയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. നേപ്പാളിലെ നാടോടിക്കഥകളിലും പുരാണങ്ങളിലും പരാമർശിക്കുന്ന അതികായനായ ഭീകരരൂപിയായ മഞ്ഞുമനുഷ്യനാണ് യതി. 

 

പകുതി മനുഷ്യനും പകുതി മൃഗവുമാണ് യതിയെന്നും പറയാറുണ്ട്. മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളിലാണ് യതിയുടെ ആവാസവ്യവസ്ഥ. ഹിമാലയം, സൈബീരിയ, മധ്യ–കിഴക്ക് ഏഷ്യയുടെ ഭാഗങ്ങളിലുമാണ് യതിയുണ്ടെന്ന് പറയുന്നത്. 

 

ഈ കഴിഞ്ഞ ഏപ്രിൽ ഒമ്പതിനാണ് സേന യതിയുടെ കാൽപ്പാടുകൾ കണ്ടതെന്ന് പറയുന്നു. 32*15 ഇഞ്ച് അളവിലുള്ള കാൽപാദങ്ങളാണ് മഞ്ഞിൽ പതിഞ്ഞ രീതിയിൽ കണ്ടത്. ഒരു കാൽപ്പാദത്തിന്റെ ചിത്രം മാത്രമാണ് ആർമി പുറത്തുവിട്ടത്. ഇതാദ്യമായാണ് ഇന്ത്യൻ ആർമി– പർവതാരോഹണ നിരീക്ഷണസംഘം യതിയുടെ കാൽപ്പാടുകൾ കണ്ടെത്തുന്നത്. മനുഷ്യവാസമുള്ള മേഖലകളിലേക്ക് യതി വരാറില്ല. ഇതിന് മുൻപ് മക്കാലു–ബാരുൺ ദേശീയോദ്യാനത്തിന് സമീപം യതിയെ കണ്ടതായി റിപ്പോർട്ടുകളുണ്ട്.