തൃശൂർ പൂരത്തിന് കൊടിയേറിയ ദിനം ആനപ്രേമികളെ സങ്കടത്തിലാക്കി ചെർപ്പുളശ്ശേരി പാർത്ഥൻ ചരിഞ്ഞു. കേരളത്തിൽ ഏറെ ആരാധകരുള്ള കൊമ്പനായിരുന്നു 44 വയസുള്ള പാർത്ഥൻ. തൃശൂർ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാറുള്ളത് പാർത്ഥൻ ആയിരുന്നു. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചെർപ്പുളശ്ശേരി എസ്‌കെ തറവാട്ടിലെ ആനയാണ് ചെർപ്പുളശ്ശേരി പാർത്ഥൻ. പൂരങ്ങൾക്ക് പാർത്ഥന്റെ വരവ് ആരാധകർ ആവേശമാക്കാറുണ്ട്. പാലക്കാടിന്റെ പാർത്ഥൻ, കുഞ്ഞൻ, ഇളമുറ തമ്പുരാൻ എന്നൊക്കെയാണ് ആരാധകർ സൈബർ ഇടങ്ങളിൽ അവനെ വിശേഷിപ്പിക്കാറുള്ളത്. പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ പ്രതിസന്ധി തുടരുന്നതിനിടയിലാണ് പാർത്ഥനും വിടവാങ്ങുന്നത്.
തൃശൂർ പൂരത്തിന് കൊടിയേറി
തൃശൂര്‍ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ടു ഘടകക്ഷേത്രങ്ങളിലും പൂരം കൊടികയറി. ദേശക്കാരുടെ ആരവങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു കൊടിയേറ്റം. അതേസമയം പൂരം വെടിക്കെട്ടിന് മാലപ്പടക്കം ഉപയോഗിക്കാൻ അനുമതി നൽകാൻ കേന്ദ്ര ഏജൻസിയായ പെസോയ്ക്ക് സുപ്രീംകോടതി നിർദേശം നല്‍കി. തിരുവമ്പാടിയില്‍ ആയിരുന്നു ആദ്യ കൊടിയേറ്റം. ആരവങ്ങളുടേയും ആര്‍പ്പുവിളികളുടേയും നടുവില്‍ കൊടിമരം ഉയര്‍ത്തി. ഒപ്പം കൊടിക്കൂറയും. പൂരത്തിന്‍റെ വരവറിയിച്ചുള്ള ചടങ്ങ്. മണികണ്ഠനാലിലും നായ്കനാലിലും കൊടികള്‍ ഉയര്‍ത്തി. അലങ്കരിച്ച കൊടിമരങ്ങള്‍ ദേശക്കാർ തന്നെ ഉയര്‍ത്തി. തിരുവമ്പാടിയില്‍ കൊടികയറി മുക്കാല്‍ മണിക്കൂറിനു ശേഷമായിരുന്നു പാറമേക്കാവ് ക്ഷേത്രത്തിലെ കൊടിയേറ്റ്.
തിങ്കളാഴ്ച പുലരും വരെ ദേശക്കാര്‍ക്ക് ഇനി ഉറക്കമില്ല. മിനുക്കുപണികള്‍ അവസാനഘട്ടത്തിലാണ്. ശനിയാഴ്ച രാത്രി ഏഴിന് സാംപിള്‍ വെടിക്കെട്ടിന് തിരിക്കൊളുത്തും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യപ്രകാരം വെടിക്കെട്ടിന് മാലപ്പടക്കം ഉപയോഗിക്കാൻ അനുമതി നൽകാൻ സുപ്രീംകോടതി നിർദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് ഉൽസവം തുടങ്ങിയ സാഹചര്യം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഞായറാഴ്ചയാണ് ചമയപ്രദര്‍ശനം. തിങ്കളാഴ്ചയാണ് പൂരങ്ങളുടെ പൂരം.