letter-police-karnataka

പൊതുവേ മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് പൊലീസിനെ അല്‍പം കൂടി ഭയമായിരിക്കും. എല്ലാ രേഖകളും ഉണ്ടോയെന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച് ഉറപ്പിച്ചിട്ടെ പലരും യാത്ര ആരംഭിക്കു. ഇനി മറ്റൊരു സംസ്ഥനത്തുവച്ച് വാഹനപകടമുണ്ടായാല്‍ പ്രദേശവാസികളായ നാട്ടുകാരും പൊലീസും ചേര്‍ന്ന് ന്യായം നോക്കാതെ ഒറ്റപ്പെടുത്തുമെന്ന ആശങ്കയും പലര്‍ക്കും ഉണ്ടാകാറുണ്ട്. ഈ ധാരണകളെല്ലാം തെറ്റാണെന്ന് ബോധ്യപ്പെട്ട കര്‍ണാടക സ്വദേശിയാണ് തനിക്ക് അറിയാവുന്ന മലയാളത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ പൊലീസിന് കത്തെഴുതിയത്. 

പെരളശേരിയിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് കര്‍ണാടക വീരാജ്പേട്ട സ്വദേശിയായ ടി.കെ.ഗംഗാധറും ഭാര്യയും കാറില്‍ യാത്ര പുറപ്പെട്ടത്. മട്ടന്നൂര്‍ ടൗണിലെത്തുന്നതിന് മുന്‍പ് റോഡ് നിര്‍മാണം നടക്കുന്ന സ്ഥലത്തുവച്ച് എതിരെവന്ന ഗുഡ്സ് ഓട്ടോ ഗംഗാധറിന്റെ കാറിലിടിച്ചു. തെറ്റ് ഗുഡ്സ് ഓട്ടോ ഡ്രൈവറുടേതാണെന്ന് ഗംഗാധര്‍ പറഞ്ഞെങ്കിലും അയാള്‍ സമ്മതിച്ചില്ല. ഇതോടെ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് ചുറ്റും കൂടി. കാര്‍ണാടക സ്വദേശിയാണെന്ന് കണ്ടതോടെ നാട്ടുകാരും ഗംഗാധരന്റെ പക്ഷം പിടിക്കാന്‍ തയ്യാറായില്ല. ഇതിനിടയില്‍ അവിടെയെത്തിയ പൊലീസുകാരനാണ് ഇരുവരെയും വാഹനങ്ങള്‍ സഹിതം മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. 

സ്റ്റേഷനില്‍വച്ചും ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വീഴ്ച ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും എസ്.ഐ. ടി.വി.ധനഞ്ജയ ദാസും മറ്റ് പൊലീസുകാരും ചേര്‍ന്ന് തെറ്റ് ബോധ്യപ്പെടുത്തി. ഓട്ടോ ഡ്രൈവറില്‍നിന്ന് പണം ഈടാക്കാമായിരുന്നുവെങ്കിലും അതിനൊന്നും തയ്യാറാവാതെ ഗംഗാധറും ഭാര്യയും വിവാഹചടങ്ങിനായി പോയി. അടുത്തദിവസം വന്നാല്‍ ഇന്‍ഷൂറന്‍സിന് അപേക്ഷ നല്‍കാനുള്ള രേഖകള്‍ തരാമെന്നും എസ്.ഐ. ടി.വി.ധനഞ്ജയ ദാസ് ഗംഗാധറിന് ഉറപ്പ് നല്‍കി.

എസ്.ഐ. പറഞ്ഞുപ്രകാരം തൊട്ടടുത്ത ദിവസംതന്നെ ഗംഗാധര്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തി. ഒരു മിനിറ്റ് പോലും വൈകാതെ ഇന്‍ഷൂറന്‍സ് രേഖകള്‍ ഗംഗാധറിന് കൈമാറി. 35 വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ ആദ്യമായാണ് മനസില്‍ തട്ടുന്ന രീതിയിലുള്ള പെരുമാറ്റം പൊലീസില്‍നിന്ന് ലഭിക്കുന്നത് കാണിച്ച് ഗംഗാധര്‍ എസ്.ഐ. ധനഞ്ജയ ദാസിന് തപാലിലൊരു കത്തയച്ചു. "യതാ രാജാ തതാ പ്രജാ" എന്ന വാക്യത്തിന്റെ ശരിയായ അര്‍ഥം താങ്കളുടെ സ്റ്റേഷനില്‍നിന്ന് മനസിലാക്കിയെന്നും കത്തിലുണ്ട്. അതോടൊപ്പം മലയാളം അറിയില്ലെന്നും അക്ഷരതെറ്റ് ക്ഷമിക്കണമെന്നും അഭ്യര്‍ഥനയുണ്ട്. വീരാജ്പേട്ടയില്‍ ജനിച്ചുവളര്‍ന്ന ഗംഗാധര്‍ വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനാണ്. 

കത്ത് ലഭിച്ചതോടെ മട്ടന്നൂര്‍ സ്റ്റേഷനിലെ പൊലീസുകാരെല്ലാം ആഹ്ളാദത്തിലാണ്. കാരണം ജനമൈത്രി പൊലീസിന് ഇതരസംസ്ഥാനക്കാരനായ ഒരാള്‍ നല്‍കിയ ഏറ്റെവും വലിയ അംഗീകാരമായാണ് ഈ കത്തിനെ പൊലീസുകാര്‍ കാണുന്നത്. കണ്ണപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ആയിരുന്നപ്പോള്‍ പിഎസ്്സി പരിശീലനം നല്‍കി ജനകീയ ശ്രദ്ധ നേടിയ വ്യക്തിയാണ് ടി.വി.ധനഞ്ജയ ദാസ്.