full-jar-soda

പാമ്പാടി: പതഞ്ഞൊഴുകുന്ന സോഡയിലേക്കു ചുണ്ട് അടുപ്പിക്കുമ്പോൾ മുഖത്ത് എരിവിന്റെ നവരസങ്ങൾ. യുവത്വത്തിന്റെ നാവിലെ രസമുകുളങ്ങളിൽ രുചിയുടെ പുത്തൻ കൂട്ടുമായി വിപണി കീഴടക്കി ‘ഫുൾജാർ സോഡ’!  വെറും നാലു  ദിവസം കൊണ്ട് ജില്ലയാകെ കയ്യടക്കിയിരിക്കുകയാണു ഫുൾ ജാർ സോഡ കച്ചവടം. സോഷ്യൽ മീഡിയ സംഭവം ഏറ്റെടുത്തതോടെ  ഇടം കയ്യിലെ ഗ്ലാസിൽ സോഡ പിടിച്ച ശേഷം, വലംകയ്യിൽ തരുന്ന ചെറിയ ഗ്ലാസിലെ ചേരുവകൾ സോഡയ്ക്കുള്ളിലിട്ട് വിഡിയോ പകർത്തി സ്റ്റേറ്റസ് ഇടാൻ കൗമാരക്കാരുടെ ഓട്ടം ‘ഫുൾ ചാർജിൽ’

 

ഒരാഴ്ചയ്ക്കിടെ 30,000 ലീറ്റർ ഫുൾ ജാർ സോഡയെങ്കിലും കോട്ടയം മാത്രം കുടിച്ചു തീർത്തിട്ടുണ്ടാകുമെന്നാണു കണക്കാക്കുന്നത്. പേരും കുടിക്കുന്ന രീതിയുമാണു ഫുൾ ജാറിനെ ട്രെൻഡിയാക്കുന്നത്. സംഗതി നിസ്സാരമാണ്. ഒരു ചെറിയ ഗ്ലാസിലേക്ക് നാരങ്ങ പിഴിയുന്നു. ഇതിലേക്ക് ഒരു സ്പൂൺ പഞ്ചസാരപ്പാനി, ഉപ്പ്, പുതിനയിലയുടെ നീര് ഒരു സ്പൂൺ, ഇഞ്ചിനീര്, പച്ചമുളക് അരച്ചത്, കസ്കസ് കുതിർത്തത് എന്നിവ ഇടുന്നു.

 

വലിയ ഗ്ലാസിൽ പകർന്നു നൽകുന്ന സോഡയിലേക്ക് കുടിക്കുന്ന ആൾ തന്നെ  ചെറിയ ഗ്ലാസിലെ ചേരുവകൾ ഗ്ലാസോടെ ഇടുന്നതോടെ ഫുൾജാർ തയാർ. ഇന്നലെ ഒരു കടയിൽ കണ്ട യുവാവിന്റെ കമന്റ് ഇങ്ങനെ: ‘‘കുലുക്കി സർബത്ത് മരിച്ചെന്നു പറയാൻ പറഞ്ഞു.’’ കോഴിക്കോടൻ കുലുക്കി സർബത്ത് പോലെ തന്നെ ഫുൾജാറിന്റെ വരവും മലബാറിൽ നിന്നു തന്നെയാണ്. കോട്ടയം ടൗണിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഫുൾജാർ താൽക്കാലിക കടകളിൽ അനുഭവപ്പെടുന്നതു വൻതിരക്ക്.

 

അധികം വേണ്ട ഫുൾജാർ

 

∙ പൊതുനിരത്തുകളിൽ നിന്നു വാങ്ങിക്കുടിക്കുന്ന പാനീയങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ജാഗ്രത വേണമെന്നു ഡോക്ടർമാർ. തയാറാക്കുന്നവരുടെ കൈകൾ വൃത്തിയുള്ളതല്ലെങ്കിൽ ഈ അഴുക്കു കൂടി സോഡയിലേക്ക് എത്തും.  സോഡയിലുള്ളതു കാർബോണിക് ആസിഡാണ്. ശരീരത്തിൽ ഇത് അധികം ചെല്ലുന്നതു നല്ലതല്ല. ‘സോഡ കുടിക്കുമ്പോൾ ഗ്യാസ് പോകു’മെന്നു പലരും പറയാറുണ്ടെങ്കിലും വയറ്റിൽ കിടക്കുന്ന ഗ്യാസ് അല്ല പുറത്തേക്കു പോകുന്നത്. കുടിക്കുന്ന ഗ്യാസ് തിരികെ തള്ളുന്നു എന്നു മാത്രം. ആരോഗ്യ വിവരങ്ങൾക്കു കടപ്പാട്: <b>ഡോ. പി.എസ്.ശ്രീകുമാർ (സൂപ്രണ്ട്, കോത്തല ഗവ. ആയുർവേദ ആശുപത്രി)