humans-bombay-09

കുഞ്ഞിനെ നോക്കാൻ ജോലി ഉപേക്ഷിച്ച് ഒരച്ഛൻ. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ വന്ന കുറിപ്പ് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. ഗർഭകാലത്ത് ഭാര്യക്കുണ്ടായ ബുദ്ധിമുട്ടുകളെത്തുടർന്നാണ് ഗൾഫിലെ ജോലി ഉപേക്ഷിച്ചതെന്ന് ഈ അച്ഛൻ പറയുന്നു. 

 

കുറിപ്പ് വായിക്കാം: ഞാൻ വീട്ടിലിരിക്കുന്ന ഒരച്ഛനാണ്, എനിക്കത് ഇഷ്ടവുമാണ്. ഷാര്‍ജയിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു ഞാൻ. എന്നാൽ ഗർഭിണി ആയിരുന്നപ്പോൾ ഭാര്യക്കുണ്ടായിരുന്ന അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും കാരണം ഞാൻ ജോലി ഉപേക്ഷിച്ചു. അവൾക്കൊപ്പം നിൽക്കാൻ ഞാൻ നാട്ടിലേക്ക് വന്നു. 

 

ഇപ്പോൾ വേറെ ജോലി നോക്കുന്നുണ്ട്, പക്ഷേ ആയിരിക്കുന്ന അവസ്ഥയിൽ ഞാൻ സന്തോഷവാനാണ്. ആറ് വയസ്സുള്ള മകളും 10 മാസം പ്രായമുള്ള മകളുമുണ്ട് എനിക്ക്. നാല് മാസത്തെ പ്രസവാവധി കഴിഞ്ഞ് ഭാര്യക്ക് തിരികെ ജോലിക്ക് പോകണമായിരുന്നു. അതിനാൽ കുഞ്ഞുങ്ങളെ ഞാൻ നോക്കാൻ തീരുമാനിച്ചു. എന്റെ അമ്മയാണ് കുഞ്ഞുങ്ങളെ നോക്കാൻ എന്നെ സഹായിച്ചത്. 

 

അവരെ കുളിപ്പിക്കുന്നതും ഭക്ഷണം നൽകുന്നതും അവർക്കൊപ്പം കളിക്കുന്നതും ഞാനാണ്. ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അന്നത്തെ വിശേഷങ്ങളെല്ലാം ഞങ്ങൾ അവളോട് പങ്കുവെക്കും. പാരമ്പരാഗതരീതി ഇതല്ലെന്ന് എനിക്കറിയാം, പക്ഷേ ആ രീതിയിൽ ഞാനതിനെ നോക്കിക്കാണുന്നില്ല. എന്റെ കുടുംബമാണ് എനിക്ക് വലുത്, അതുകൊണ്ട് ഇത് തന്നെയാണ് ഏറ്റവും മികച്ച തീരുമാനം.