ഒറ്റ ഗാനം കൊണ്ട് സോഷ്യൽ മീഡിയയിലെ ഹിറ്റായ ശ്രീക്കുട്ടി വീണ്ടും വൈറൽ. ‘സമ്മർ ഇൻ ബത്‌ലഹേമി’ലെ ‘ചൂളമടിച്ചു കറങ്ങി നടക്കും’ എന്ന ഗാനം ഈ കൊച്ചു മിടുക്കി അതിമനോഹരമായി പാടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
നേരത്തെ ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിന്തത്തിലെ കുക്കുക്കു കൂവിയും കുറുവാലിട്ടാട്ടിയും എന്ന് തുടങ്ങുന്ന പാട്ട് പാടിയാണ് സോഷ്യൽ മീഡിയയിൽ ഈ അഞ്ചാം ക്ലാസുകാരി ഹിറ്റാകുന്നത്. പാലക്കാട്, മുണ്ടൂർ സ്വദേശിനിയും എം.ഇ.എസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ശ്രീക്കുട്ടി എന്ന അനാമിക രാജ്.
‘ശ്രീക്കുട്ടി എത്ര മനോഹരമായാണ് പാടുന്നത്. കേട്ടാൽ ഒരു ലൈക്ക് കൊടുക്കാൻ ആർക്കും തോന്നും’ എന്ന കുറിപ്പോടെയാണ് വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്നത്. ഗാനത്തിന്റെ അനുപല്ലവിയിൽ തുടങ്ങി പല്ലവിയിൽ അവസാനിക്കും വിധമാണ് ശ്രീക്കുട്ടിയുടെ പാട്ട്. ‘മൈലാഞ്ചിക്കുന്നിൻ മേലെ വെയിൽ കായും മാടത്തത്തേ’ എന്നു തുടങ്ങുന്ന വരികൾ തന്റെ പാട്ടുപുസ്തകത്തിൽ നോക്കി ഭാവാർദ്രമായി ആലപിക്കുകയാണ് ഈ കൊച്ചുമിടുക്കി. നിരവധിപേർ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു.
എൽകെജി മുതൽ ശ്രീക്കുട്ടി സംഗീതം പഠിക്കുന്നുണ്ട്. സംഗീതാധ്യാപികയായ 'അമ്മ ജ്യോതി രാജിന്റെ സംഗീതവാസനയും അച്ഛൻ രാജുവിന്റെ പിന്തുണയുമാണ് കുഞ്ഞു ശ്രീക്കുട്ടിയുടെ കരുത്. സ്‌കൂളിൽ പട്ടു മത്സരങ്ങളിലെല്ലാം മുൻപന്തിയിൽ തന്നെയുണ്ട് ശ്രീക്കുട്ടി. സ്‌കൂളിലെ പ്രിയ ഗായികയെ ലോകം തിരിച്ചറിയണം എന്ന ഗണിതാധ്യാപികയായ രേഷ്മയുടെ ആഗ്രഹമാണ് ആദ്യം വൈറലായ വിഡിയോക്ക് പിന്നിൽ.