padayappa-elephant-new
‘എന്‍ പേര് പടയപ്പ.. പാസമുള്ള ആനയപ്പ, ഞാന്‍ കൊമ്പുവച്ച കുളന്തയപ്പ..’ ഇടുക്കിയിലെ പടയപ്പയുടെ എന്‍ട്രി സോങ്ങുകളിലൊന്നായി സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കുറിക്കാറുള്ളതാണ്. നാട്ടുകാര്‍ക്കും സഞ്ചാരികള്‍ക്കും പ്രിയപ്പെട്ടവനാണ് ഇൗ കാട്ടുക്കൊമ്പന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ഇൗ കാടിന്റെ മുത്ത് ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അവന്‍ എല്ലാവരെയും ഒന്ന് വിരട്ടി. ശരീരത്തിലേറ്റ മുറിവിന്റെ വേദനയും സഞ്ചാരികളുടെ പെരുമാറ്റവുമാണ് അവനെ കലിപ്പിലാക്കിയത്. രാജമല വഴി ദേശീയ പാതയിലേക്കിറങ്ങുന്ന ആനയ്ക്ക് നാട്ടുകാര്‍ നല്‍കിയ പേരാണ് പടയപ്പ എന്നത്.

കാടിറങ്ങി പുഴയില്‍ മുങ്ങി നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണമൊക്കെ കഴിച്ച് എല്ലാര്‍ക്കും സലാം വച്ച് അവന്‍ കാട്ടിലേക്ക് തന്നെ മടങ്ങും. ഇൗ പോക്ക് വരവ് വര്‍ഷങ്ങളായി സുപരിചിതമാണ്. ഒരിക്കല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ആന പടയപ്പ സിനിമയിലെ എന്‍ പേര് പടയപ്പ എന്ന പാട്ട് കേട്ടപ്പോള്‍ അത് ആസ്വദിച്ച് വെള്ളത്തില്‍ കുസൃതി നൃത്തമൊക്കെ ചെയ്തു. ഇതോടെ അവന് പടയപ്പ എന്ന പേരും കിട്ടി. സ്നേഹത്തിനും സൗഹൃദത്തിലും രജനി കഥാപാത്രങ്ങളെ പോലെ പടയപ്പയും മാട്ടുപ്പെട്ടിക്കാര്‍ക്ക് പ്രിയങ്കരനായി.

എന്നാല്‍ ഇത്തവണ പടയപ്പ എത്തിയത് ശരീരത്തിലെ മുറിവുമായിട്ടാണ്. ആ വേദനയിലാവണം അവന്‍ അസ്വസ്ഥനായിരുന്നു. നാട്ടുകാര്‍ക്ക് അവന്റെ വേദന മനസിലായി. പക്ഷേ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് ഇതു തിരിച്ചിറിഞ്ഞില്ല. അവര്‍ അവനൊപ്പം നിന്ന് സെല്‍ഫി എടുക്കാനൊക്കെ തുടങ്ങി.  ആളുകൂടിയതോടെ അവന്‍ ദേഷ്യപ്പെട്ടു. ആളുകളെ ഒന്നുവിരട്ടി സമീപത്തെ തട്ടുകടയൊക്കെ തകര്‍ത്ത് അവന്‍ രോഷം വ്യക്തമാക്കി. ഒടുവില്‍ പ്രിയപ്പെട്ട നാട്ടുകാരുടെ സങ്കടം കണ്ടിട്ടാകണം അധികം സമയം നില്‍ക്കാതെ അവന്‍ കാടുകയറി. ശരീരത്തിലെ മുറിവ് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. പരുക്ക് മാറി ശാന്തനായി അവന്‍ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് മാട്ടുപ്പെട്ടിക്കാര്‍.