ഫുട്ബോൾ കളിക്കുന്ന പശുവോ? നെറ്റി ചുളിക്കാൻ വരട്ടെ. ട്വിറ്ററിൽ ട്രെൻഡിങായിക്കൊണ്ടിരിക്കുന്ന ഈ വിഡിയോ കണ്ടാൽ സംശയമെല്ലാം പമ്പ കടക്കും. ലോകകപ്പ് ക്രിക്കറ്റിനിടയിലും ഫുട്ബോൾ കളിച്ച് വൈറലാകുന്ന ഈ താരത്തിനെ കൗണാൽഡോ എന്നാണ് ട്വിറ്ററേനിയൻസ് വിളിച്ചത്. പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററായ ഹർഷാ ഭോഗ്ലെ ഉൾപ്പടെയുള്ളവ വിഡിയോ പങ്ക് വച്ചിട്ടുണ്ട്.
മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരിൽ നിന്നും പന്ത് സ്വന്തം കാൽച്ചുവട്ടിലാക്കി വയ്ക്കുന്ന പശുവിനെയാണ് ആദ്യം കാണുക. കളിക്കാൻ വല്യ താത്പര്യമൊന്നും ആദ്യം കാണിക്കുന്നില്ലെങ്കിലും ഒന്ന് രണ്ട് പാസുകൾ കഴിയുന്നതോടെ പശു ഫോമിലാകുന്നുണ്ട്. പന്തിന് പിന്നാലെ ഓടി സ്വന്തം കാലിൽ തന്നെ പന്ത് നിർത്താൻ ശ്രമിക്കുന്നതാണ് രണ്ട് മിനിറ്റോളം നീളുന്ന വിഡിയോയിലെ തമാശ.
മണിക്കൂറുകൾക്കകം ലക്ഷക്കണക്കിനാളുകളാണ് വിഡിയോ കണ്ടതും പങ്കുവച്ചതും. രസകരമായ കമന്റുകൾ ചിലർ കുറിക്കുമ്പോൾ, പശു ഫുട്ബോൾ കളിക്കുന്നതിന്റെ സ്വഭാവമാറ്റമാണ് മറ്റു ചിലർക്ക് അറിയേണ്ടത്. വിഡിയോ കാണാം