പിഎസ്സി എന്ന സ്വപ്നം മാത്രം മനസിലിട്ട് നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ മുഖത്തടിക്കുന്ന തരത്തിലായിരുന്നു ഇന്നലെ പിഎസ്സി പരീക്ഷയിൽ നടന്ന ക്രമക്കേട് പുറത്തുവന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ അഖിലിനെ കുത്തിയ കേസിലെ പ്രതികളും കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി പ്രവര്‍ത്തകരുമായ ശിവരജ്ഞിത്തും പ്രണവും നസീമും തട്ടിപ്പ് നടത്തിയാണ് റാങ്ക് ലിസ്റ്റില്‍ യഥാക്രമം ഒന്നും രണ്ടും ഇരുപത്തിയെട്ടും റാങ്കുകള്‍ നേടിയതെന്നുമുള്ള വാർത്ത പുറത്തുവന്നിരുന്നു. പിഎസ്സി പരീക്ഷയിൽ വരെ തട്ടിപ്പ് നടക്കുന്നുവെന്ന് വ്യക്തമായതോടെ സൈബർ ലോകവും രോഷത്തോടെ രംഗത്തെത്തി. ട്രോളുകളിൽ ചിരി മാത്രമല്ല യുവാക്കളുടെ രോഷം കൂടിയാണ് പ്രകടമാകുന്നത്.
പ്രണവിന് സന്ദേശം അയച്ചവരില്‍ എസ്എപി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറും. സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുലാണ് സന്ദേശം കൈമാറിയത്. പരീക്ഷ നടക്കുന്ന രണ്ടു മണിമുതല്‍ 3.15 വരെയാണ് തുടര്‍ച്ചയായി സന്ദേശം അയച്ചത്. ആഭ്യന്തര വിജലന്‍സിന്റെ കണ്ടെത്തല്‍ ഡിജിപിയ്ക്ക് നല്‍കും. പ്രതിയായ ശിവരഞ്ജിത്തിന്റെ ഫോണില്‍ 96 സന്ദേശങ്ങള്‍ എത്തിയതായി പിഎസ്സി ചെയർമാൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
സന്ദേശങ്ങള്‍ അയച്ച ഫോണ്‍ നമ്പരുകളും ശേഖരിച്ചെന്നും. ഇവരുടെ കോള്‍ലിസ്റ്റ് ആവശ്യപ്പെട്ടെന്നും പി.എസ്.സി. ചെയര്മാന് വ്യക്തമാക്കിയിരുന്നു. 22–07–2018ല്‍ നടന്ന ഏഴ് ബറ്റാലിയനിലേക്കുള്ള പരീക്ഷകളും പരിശോധിക്കും.100 റാങ്കുവരെയുള്ളവരുടെ കോള്‍ലിസ്റ്റ് എടുക്കുമെന്നും ചെയര്മാന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.