സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങിൽ ഒന്നാമത് നിൽക്കുന്ന ഒരു ഹ്രസ്വ ചിത്രം. മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെ ചോദ്യം ചെയ്യുന്നുവെന്ന രീതീയിലാണ് ഈ ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്. രചന നാരായണൻ കുട്ടിയും ജയകുമാറുമാണ് പ്രധാനവേഷത്തിലെത്തുന്നത്. മകള്‍ക്കൊപ്പം താമസിക്കുന്ന സ്‍ത്രീയായാണ് രചന നാരായണൻ കുട്ടി ചിത്രത്തില്‍ എത്തുന്നത്. സദാചാരത്തിന്റെ കണ്ണുമായി ജയകുമാറിന്റെ കഥാപാത്രം എത്തുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. എന്നാൽ മലയാളിയുടെ ലൈംഗിക ദാരിദ്യ്രത്തെ പരിഹസിക്കുന്ന ചിത്രത്തിനെതിരെ വിമർശനങ്ങളും സജീവമാണ്. അലക്സാണ്ടര്‍ പി ജെ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.
ഇപ്പോഴിതാ ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് ദാസ് എന്ന എഴുത്തുകാരൻ. 'വഴുതന' ഒരു ദുരന്തമാണ്' എന്നാണ് സന്ദീപ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത്. 'സംവിധായകൻ്റെയും തിരക്കഥാകൃത്തിൻ്റെയും ഉള്ളിലിരുപ്പിനെ ഇങ്ങനെ സംഗ്രഹിക്കാം-''ഞങ്ങളുടെ നായിക വഴുതന മോഷ്ടിച്ചപ്പോൾ അവരുടെ ഉദ്ദ്യേശം സ്വയംഭോഗമാണെന്ന് നിങ്ങൾ കരുതിയില്ലേ? എന്നാൽ സീത അത്തരം ചീത്തക്കാര്യങ്ങളൊന്നും ചെയ്യില്ല.അവർ നല്ലൊരു സ്ത്രീയാണ്....''. വഴുതന മോഷ്ടിക്കുന്ന സമയത്ത് രചന കാഴ്ച്ചവെച്ച ഭാവാഭിനയം അസഹനീയമായിരുന്നു. വിശപ്പുമൂലം മോഷ്ടിക്കുന്ന ഒരാളുടെ മുഖത്ത് എന്തിനാണ് ലൈംഗികതയുടെ സൂചനകൾ? ഈ സംവിധായകന് വിശപ്പെന്താണെന്ന് അറിയാമോ? മധു എന്ന ആദിവാസി യുവാവിനെ ഒാർമ്മയുണ്ടോ അയാൾക്ക്?. സന്ദീപ് കുറിക്കുന്നു.
സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം:
രചന നാരായണൻകുട്ടി അഭിനയിച്ച 'വഴുതന' എന്ന ഹ്രസ്വചിത്രം കാണാനുള്ള യോഗമുണ്ടായി. മലയാളികളുടെ ഒളിഞ്ഞുനോട്ടത്തെയും സദാചാരബോധത്തെയും കണക്കിന് പരിഹസിക്കുന്ന സൃഷ്ടി എന്ന അവകാശവാദത്തോടെയാണ് 'വഴുതന' പുറത്തിറങ്ങിയത്. ഈ ഷോർട്ട് മൂവി പലരുടെയും കണ്ണുതുറപ്പിക്കും എന്നാണ് രചന പറയുന്നത്.എന്നാൽ മിതമായ ഭാഷയിൽ പറഞ്ഞാൽ 'വഴുതന' ഒരു ദുരന്തമാണ് !
ഷോർട്ട്ഫിലിമിൻ്റെ കഥ വളരെ ലളിതമാണ്.രചന അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര് സീത എന്നാണ്.തൻ്റെ അയൽപക്കത്തെ വീട്ടിൽ നിന്ന് സീത ഒരു വഴുതന മോഷ്ടിക്കുകയാണ്.'സെക്സി(?)' ആയ എക്സ്പ്രഷൻസ് മോഷണസമയത്ത് വാരിവിതറുന്നുണ്ട്.സീതയുടെ അയൽക്കാരൻ ഒരു ഞരമ്പുരോഗിയാണ്.സീത വഴുതന മോഷ്ടിച്ചത് സ്വയംഭോഗം ചെയ്യുന്നതിനുവേണ്ടിയാണെന്ന് അയാൾ ഊഹിക്കുന്നു.
എന്നാൽ പിന്നീടാണ് കഥയിൽ ഗംഭീര ട്വിസ്റ്റ് വരുന്നത്.കഥാനായിക ഒരു നിർധന കുടുംബത്തിലെ അംഗമാണ്.ഭർത്താവ് തൊഴിൽരഹിതനാണ്.സ്കൂളിൽ പഠിക്കുന്ന ഒരു മകളുമുണ്ട്.സീതയുടെ വീട്ടിലാണെങ്കിൽ ഒരു മണി അരിപോലുമില്ല.മകളുടെ വിശപ്പുമാറ്റുന്നതിനുവേണ്ടിയാണ് പാവം സീത മോഷ്ടിച്ചത് ! ഈ ട്വിസ്റ്റ് വരുന്നതോടെ പ്രേക്ഷകർ മൊത്തത്തിൽ ചമ്മിപ്പോകുന്നു !
സംവിധായകൻ്റെയും തിരക്കഥാകൃത്തിൻ്റെയും ഉള്ളിലിരുപ്പിനെ ഇങ്ങനെ സംഗ്രഹിക്കാം-
''ഞങ്ങളുടെ നായിക വഴുതന മോഷ്ടിച്ചപ്പോൾ അവരുടെ ഉദ്ദ്യേശം സ്വയംഭോഗമാണെന്ന് നിങ്ങൾ കരുതിയില്ലേ? എന്നാൽ സീത അത്തരം ചീത്തക്കാര്യങ്ങളൊന്നും ചെയ്യില്ല.അവർ നല്ലൊരു സ്ത്രീയാണ്....''
സത്രീ ദൈവമാണെന്നും ദേവിയാണെന്നും ഒക്കെ തള്ളിവിടുന്ന പ്രത്യേകതരം പുരോഗമനവാദികളുണ്ട്.വഴുതനയുടെ അണിയറപ്രവർത്തകർ അത്തരക്കാരാണെന്ന് തോന്നുന്നു.അതുകൊണ്ടാണ് സ്ത്രീയുടെ സ്വയംഭോഗം പാപമാണെന്ന് അവർക്ക് തോന്നുന്നത്.വികാരങ്ങളും വിചാരങ്ങളും ഉള്ള സാധാരണ മനുഷ്യജീവിയായി പെണ്ണിനെ കാണാൻ ഇവരെല്ലാം എന്നാണ് പഠിക്കുക?
ഇതുപോലുള്ള ആളുകളുടെ മനസ്സിലെ 'ഉത്തമസ്ത്രീ' ലക്ഷണങ്ങൾ ഞാൻ പറഞ്ഞുതരാം-
ആണുങ്ങളോട് കയർത്തുസംസാരിക്കാത്തവൾ.
കുടുംബത്തിനുവേണ്ടി മെഴുകുതിരി പോലെ ഉരുകിത്തീരുന്നവൾ.
പട്ടിണി കിടന്നാലും മറ്റുള്ളവരെ ഊട്ടുന്നവൾ.
അടുക്കളജോലി ചെയ്യുന്നതിനുവേണ്ടി പഠിപ്പും ജോലിയും ഉപേക്ഷിക്കുന്നവൾ.
വിവേചനങ്ങൾ സ്നേഹത്തിൻ്റെ ഭാഗമാണെന്ന് കരുതുന്നവൾ.
ഭർത്താവ് തല്ലുമ്പോൾ 'അക്കരെ അക്കരെ അക്കരെ' എന്ന സിനിമയിലെ ശ്രീനിവാസനെപ്പോലെ ചിരിച്ചുകൊണ്ട് മറുകരണം കാണിച്ചുകൊടുക്കുന്നവൾ.
'അന്യപുരുഷൻ്റെ' മുഖത്തുപോലും നോക്കാത്തവൾ(സ്ത്രീ-പുരുഷ ബന്ധമെന്നാൽ സെക്സ് മാത്രമാണല്ലോ!)
ചുരുക്കിപ്പറഞ്ഞാൽ സ്ത്രീകളെ നൈസായി ഒതുക്കാനുള്ള എല്ലാ കാര്യങ്ങളും ആ പട്ടികയിൽ വരും.വ്യാജമായ പ്രശംസകൾ ചൊരിഞ്ഞ് അവളെ അടുക്കളയിൽ തന്നെ നിർത്താനുള്ള സൈക്കളോജിക്കൽ മൂവ് !
സ്വയംഭോഗം എന്നത് പാപമല്ല.ശാരീരികമായും മാനസികമായും സന്തോഷം തരുന്ന പ്രക്രിയയാണത്.ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്യാത്ത ആരെങ്കിലും ഉണ്ടാകുമോ? പിന്നെ എന്തിനാണ് സ്ത്രീ സ്വയംഭോഗം പാപമായി ചിത്രീകരിക്കുന്നത്? എന്തിനാണ് അവളെ വികാരങ്ങളില്ലാത്ത ദിവ്യശക്തിയായി അവരോധിക്കുന്നത്?
വഴുതനയിലെ നായികയുടെ പേര് 'സീത' എന്ന് ആയതുപോലും യാദൃശ്ചികമോ നിഷ്കളങ്കമോ ആണെന്ന് തോന്നുന്നില്ല.സർവ്വവും സഹിക്കുന്നവളാണല്ലോ സീത !
വഴുതന മോഷ്ടിക്കുന്ന സമയത്ത് രചന കാഴ്ച്ചവെച്ച ഭാവാഭിനയം അസഹനീയമായിരുന്നു. വിശപ്പുമൂലം മോഷ്ടിക്കുന്ന ഒരാളുടെ മുഖത്ത് എന്തിനാണ് ലൈംഗികതയുടെ സൂചനകൾ? ഈ സംവിധായകന് വിശപ്പെന്താണെന്ന് അറിയാമോ? മധു എന്ന ആദിവാസി യുവാവിനെ ഒാർമ്മയുണ്ടോ അയാൾക്ക്?
ഒന്നും വേണ്ട.ഷോർട്ട്ഫിലിം തുടങ്ങുമ്പോൾ കലാഭവൻ മണിയുടെ ചിത്രം ആദരസൂചകമായി കാണിക്കുന്നുണ്ട്.അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ വിശപ്പിൻ്റെ 'സുഖം' എന്താണെന്ന് ആ സംവിധായകന് പറഞ്ഞുകൊടുക്കുമായിരുന്നു !
കുറച്ചുദിവസങ്ങൾക്കുമുമ്പ് മറ്റൊരു ഷോർട്ട് ഫിലിം കണ്ടിരുന്നു.ഷോൾ ഇടാത്ത പ്രണയിനിയെക്കൊണ്ട് നിർബന്ധപൂർവ്വം ഷോൾ വാങ്ങിപ്പിക്കുന്ന 'കലിപ്പനായ' കാമുകൻ്റെ കഥ.ഷോൾ ഇട്ടില്ലെങ്കിൽ അടുത്ത നിമിഷം കൊല്ലും എന്ന മട്ടിലാണ് കലിപ്പൻ്റെ നില്പ് ! ഷോൾ വാങ്ങാൻ ചെല്ലുന്ന പെൺകുട്ടിയോട് സെയിൽസ് ഗേൾ ചോദിക്കുന്നത് ''ചെക്കൻ ഭയങ്കര കെയറിങ്ങാണല്ലേ'' എന്നാണ് ! ശരിക്കും പകച്ചുപോയി ഞാൻ !
ഇങ്ങനെയുള്ള കലിപ്പൻമാരാണ് പ്രണയം നിരസിക്കുന്ന പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്.കാമുകിയും ഒരു സ്വതന്ത്രവ്യക്തിയാണെന്ന് മനസ്സിലാക്കാത്ത വിഡ്ഢികൾ ഈ സമൂഹത്തിൽ ഒരുപാടുണ്ട്.'ഉയരെ' എന്ന സിനിമയിൽ ആസിഫ് അലി അവതരിപ്പിച്ച ഗോവിന്ദ് എന്ന കഥാപാത്രം അങ്ങനെയുള്ള ഒരാളായിരുന്നു.എന്നിട്ടും ഗോവിന്ദിനെ ന്യായീകരിക്കാൻ എത്രപേരാണ് എത്തിയത്!
ഗോവിന്ദുമാർ നല്ലവർ ആണെന്ന് സ്ത്രീകഥാപാത്രങ്ങളെക്കൊണ്ട് തന്നെ പറയിക്കും.ചൂഷണം ഒളിപ്പിക്കാനുള്ള ഏറ്റവും സമർത്ഥമായ മാർഗ്ഗമാണല്ലോ അത് !
വിഷയം വേറൊന്നുമല്ല.ഇപ്പോഴത്തെ സ്ത്രീകൾക്ക് നട്ടെല്ലുണ്ട്.അവർ സെക്സും ആർത്തവവും ഒക്കെ നിർഭയം ചർച്ചചെയ്യുന്നു.മെയിൽ ഷോവനിസ്റ്റുകളെ നിർദ്ദയം പുച്ഛിച്ചുതള്ളുന്നു.ചില പുരുഷകേസരികൾക്ക് ഇതിലൊക്കെ വലിയ നിരാശയുണ്ട്.അതാണ് ഇത്തരം ഹ്രസ്വചിത്രങ്ങളിലൂടെ പുറത്തുവരുന്നത്.'സ്ത്രീപക്ഷം' എന്ന ലേബൽ ഒട്ടിച്ചാൽ ആർക്കും ഒന്നും മനസ്സിലാവില്ല എന്നാണ് പാവങ്ങളുടെ ധാരണ !
സീത നീട്ടിത്തുപ്പുന്ന ഒരു രംഗത്തോടെയാണ് 'വഴുതന' അവസാനിക്കുന്നത്.''മുഖത്ത് തുപ്പൽ വീണവർ മാത്രം അങ്ങ് തുടച്ചേര് '' എന്ന പ്രസ്താവന കൂടി വെച്ചിട്ടുണ്ട്.
ഞങ്ങൾ പ്രേക്ഷകർക്ക് ഒരു കാര്യമേ പറയാനുള്ളൂ.തുപ്പിക്കോളൂ.പക്ഷേ മലർന്ന് കിടന്നുകൊണ്ട് അത് ചെയ്യരുത്.ദോഷം നിങ്ങൾക്കുതന്നെയാണ്....