anju-joseph-fb-post

റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ യുവഗായികയാണ് അഞ്ജു ജോസഫ്. പക്ഷേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അഞ്ജുവിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വാർത്തകളുടെ തലക്കെട്ടുകൾ കണ്ട് മലയാളികൾ ഞെട്ടി.

'ഗായിക അഞ്ജു ജോസഫ് മലേഷ്യയിലേക്ക് ഒളിച്ചോടി’, ‘അഞ്ജു ജോസഫ് മതം മാറി’, ‘പ്രണയം തലയ്ക്കു പിടിച്ചപ്പോൾ ഒളിച്ചോട്ടം’ എന്നിവ അതിൽ ചിലത് മാത്രം. സംഭവം സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ചയായപ്പോൾ സത്യം എന്തെന്നു തിരക്കിയാണ് ‘വനിത ഓൺലൈൻ’ അഞ്ജുവിനെ ബന്ധപ്പെട്ടത്.

''പഴയ ഗോസിപ്പുകളെ തമാശയാക്കാൻ നോക്കിയതാ, ഇതിപ്പോൾ അതിലും വലിയ തലവേദനയായി’’.– അഞ്ജു പറഞ്ഞു തുടങ്ങിയതിങ്ങനെ. 

''കാഞ്ഞിരപ്പള്ളിക്കാരിയാണ് ഞാൻ. കല്യാണത്തിന് മുമ്പ് നാട്ടിൽ എന്നെക്കുറിച്ച് ചില ഗോസിപ്പുകള്‍ പരന്നിരുന്നു. ഞാൻ മലേഷ്യയിലേക്ക് ഒളിച്ചോടി, ഒരു മുസ്ലീമിനെ പ്രണയിച്ച് മതം മാറി അയാൾക്കൊപ്പം പോയി എന്നൊക്കെയായിരുന്നു പ്രധാന കഥകൾ. അന്നത് വലിയ ചർച്ചയായെങ്കിലും ഞാൻ പ്രതികരിച്ചില്ല. പക്ഷേ, അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഞാനീ ഗോസിപ്പുകളെക്കുറിച്ച് തമാശയായി പറഞ്ഞു. അഞ്ചാറ് വർഷം കഴിഞ്ഞല്ലോ ഇനി കുഴപ്പമൊന്നുമുണ്ടാകില്ല എന്നു കരുതിയാണ്, ജീവിതത്തിൽ നേരിട്ട രസകരമായ ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ ഞാനതൊക്കെ പറഞ്ഞത്. 

എന്നാൽ അത് വലിയ പൊല്ലാപ്പായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല ഓൺലൈൻ ന്യൂസ് പോർട്ടലുകളിലും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോടെയാണ് ഈ അഭിമുഖത്തെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ‘ഗായിക അഞ്ജു ജോസഫ് മലേഷ്യയിലേക്ക് ഒളിച്ചോടി’, ‘അഞ്ജു ജോസഫ് മതം മാറി’, ‘പ്രണയം തലയ്ക്കു പിടിച്ചപ്പോൾ ഒളിച്ചോട്ടം’ എന്നിങ്ങനെയാണ് അതിൽ പലതും. വാർത്തയിൽ കാര്യം പറയുന്നുണ്ടെങ്കിലും പലരും തലക്കെട്ടുകൾ മാത്രം കണ്ട് അഭിപ്രായം പറയാൻ തുടങ്ങിയതോടെ കളി കാര്യമായി. ആദ്യം വലിയ ശ്രദ്ധ കൊടുത്തില്ലെങ്കിലും പല കമന്റുകളും അതിരു കടന്നതോടെ, സുഹൃത്തുക്കളാണ് വിളിച്ച് മറുപടി പറയണമെന്ന് പറഞ്ഞത്. അങ്ങനെ ഫെയ്സ്ബുക്കിൽ കാര്യങ്ങൾ വിശദീകരിച്ച് വിഡിയോ പോസ്റ്റ് ചെയ്തു. എങ്കിലും വാർത്തകൾക്ക് കുറവില്ല’’.– അഞ്ജു പറയുന്നു.

ഞാനും ഭർത്താവ് അനൂപ് ജോണും 5 വർഷം പ്രണയിച്ച് വിവാഹിതരായവരാണ്. വിവാഹം കഴിഞ്ഞിട്ടിപ്പോൾ 5 വർഷമായി. വിവാഹത്തിന് വീട്ടിൽ നിന്ന് ആദ്യം ചെറിയ എതിർപ്പുണ്ടായെങ്കിലും പിന്നീട് നടത്തിത്തന്നു. ചാനൽ പ്രൊഡ്യൂസറാണ് അനൂപ്. തൃശൂർ ആണ് നാട്. സ്റ്റാർ സിങ്ങറിൽ വച്ചാണ് പരിചയപ്പെട്ടത്. പിന്നീട് പ്രണയമായി. ഇതിനിടയിലും എന്നെക്കുറിച്ച് പല ഗോസിപ്പുകളും വന്നിരുന്നു. ഒരു കവർ സോങ്ങില്‍ എനിക്കൊപ്പം അഭിനയിച്ച പെൺകുട്ടി എന്റെ മകളാണെന്നും ഞാൻ ഡിവോഴ്സ് ആയി എന്നുമൊക്കെയായിരുന്നു അതിൽ ചിലത്. ഒന്നിനും പ്രതികരിച്ചില്ല. അതിന്റെ ആവശ്യമില്ലല്ലോ. അനൂപ് എന്നെ പൂർണമായും പിന്തുണയ്ക്കുന്ന ആളാണ്.

അടുത്തിടെയാണ് അവതാരകയായത്. വർത്തമാനം പറയാൻ ഇഷ്ടമായതിനാൽ അഭിമുഖം ചെയ്യുന്നു എന്നേയുള്ളൂ. പക്ഷേ, പാട്ടാണ് പ്രധാനം. അതു കഴിഞ്ഞേയുള്ളൂ മറ്റെന്തും. ഒപ്പം വ്ലോഗും ചെയ്യുന്നുണ്ട്. 2011ല്‍ ‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തില്‍ പാടിയാണ് സിനിമയിൽ തുടക്കം. അടുത്തിടെ ‘ലൂക്ക’യിൽ ‘ഒരേ കാറ്റിൽ...’ എന്ന പാട്ട് പാടി. തെലുങ്കിലും അവസരം ലഭിച്ചു. സിനിമയിൽ പത്തിലധികം പാട്ടുകൾ ഇതിനോടകം പാടി. കുറച്ച് കവർ സോങ്ങുകളും ചെയ്തു.