kalki-god-1

വിവാദ ആൾദൈവങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ പേരാണ് ‘കൽക്കി ഭഗവാൻ’. കൽകി ഭഗവാന്റെ മൂന്ന് ആശ്രമങ്ങളിലും സ്ഥാപനങ്ങളിലുമായി നടത്തിയ അഞ്ച് ദിവസം നീണ്ട റെയ്ഡിൽ കിട്ടിയത് കണക്കിൽപ്പെടാത്ത കോടിക്കണക്കിന് സ്വത്തുക്കളാണ്. 20 കോടി യുഎസ് ഡോളറടക്കം 64 കോടി രൂപയും 90 കിലോ സ്വർണഭരണങ്ങളും രത്നങ്ങളും കണ്ടെടുത്തു. കണക്കിൽ കാണിക്കാത്ത 409 കോടി രൂപയുടെ രസീതും ഇതൊടൊപ്പം പിടിച്ചെടുത്തു. ആരാണ് ഈ കൽക്കി ഭഗവാൻ? ചരിത്രമെന്താണ്?

 

1949 മാർച്ചിൽ തമിഴ്‌നാട് വെല്ലൂർ ജില്ലയിലെ നാഥം ഗ്രാമത്തിൽ വരദരാജുലുവിന്റെയും വൈദർഭി അമ്മയുടെയും മകനായി ജനനം. വിജയ് കുമാർ എന്നാണു യഥാർഥ പേര്. ഇന്ത്യൻ റെയിൽവേയുടെ അക്കൗണ്ട്സ് വിഭാഗത്തിലെ തലവനായിരുന്നു പിതാവ്. വീട്ടമ്മയായിരുന്നു വൈദർഭി. വിജയ് കുമാറിന് ആറു വയസ്സുള്ളപ്പോൾ കുടുംബം ചെന്നൈയിലേക്കു താമസം മാറ്റി. ചെന്നൈ ഡോൺ ബോസ്കോ സ്കൂൾ, ഡിജി വൈഷ്ണവ് കോളജ് (ഗണിതശാസ്ത്രത്തിൽ‌ ബിരുദം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1987 വരെ ഒരു പൊതുമേഖലാ ഇന്‍ഷുറൻസ് സ്ഥാപനത്തിൽ ക്ലർക്ക്, ചെന്നൈയിൽ അരി വ്യാപാരി തുടങ്ങിയ ജോലികളിലേർപ്പെട്ടു.

kalki-2

 

ആരാണു കൽക്കി ഭഗവാൻ എന്നു ഇന്റർനെറ്റിൽ തിരഞ്ഞാൽ ഇന്ത്യയിൽനിന്നുള്ള ആത്മീയ അധ്യാപകൻ എന്നാണു വിക്കിപീഡിയ നൽകുന്ന ഉത്തരം. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘എകത്വ സർവകലാശാല’യുടെ (Oneness University) സ്ഥാപകൻ. ഏതാനും വരികളിൽ ഒതുക്കാവുന്ന സാധാരണ അധ്യാപകനല്ല എഴുപതുകാരനായ കൽക്കി. ശുഭ്രവസ്ത്രധാരിയായി, സുവർണ കരയുള്ള ഷാൾ തോളിലിട്ട് സുസ്മേര വദനനായി ഭാര്യാസമേതമാണു കൂടുതലും കാണാനാവുക. ലക്ഷക്കണക്കിന് അനുയായികളുള്ള, അവരിൽ ഏറെപ്പേർക്കും ‘സൗഖ്യാനുഭവം’ സമ്മാനിച്ച, ശതകോടികളുടെ സമ്പത്തിനുടമ. ജീവിത പങ്കാളിയെയും ഭഗവാനായി കണ്ട് അനുയായികൾ ആരാധിക്കുന്നു.

 

1988ൽ ആണ് ആത്മീയതയുടെ ലോകത്തേക്കു വിജയ് കുമാർ കൂടുതൽ അടുക്കുന്നതെന്നു പറയുന്നത് ഇദ്ദേഹത്തെ കുറിച്ചു പഠിക്കാൻ ശ്രമിച്ച ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ഡോ. വസുധ നാരായണൻ. ‘ഗുരുജി’ എന്നറിയപ്പെടുന്ന പരമാചാര്യ ശങ്കര ഭഗവദ്പാദരുടെ അടുത്തെത്തുന്നത് ഇക്കാലത്താണ്. ആണവ എൻജിനീയറിങ്ങിൽ ജർമനിയിൽനിന്നു പിഎച്ച്ഡി എടുത്തയാളാണു ഗുരുജി. കാലക്രമേണ വിജയ് കുമാർ ഗുരു ആവുകയും, ഗുരുജി അദ്ദേഹത്തിന്റെ കടുത്ത ശിഷ്യനായി മാറുകയും ചെയ്തു!

 

kalki-4

1954 ഓഗസ്റ്റിൽ ആന്ധ്രപ്രദേശിലെ സംഗം ഗ്രാമത്തിൽ ജനിച്ച പദ്മാവതിയെ 1977 ജൂണിൽ വിജയ് കുമാർ വിവാഹം കഴിച്ചു. ഇവർ‌ക്കൊരു മകനുണ്ട്, ശ്രീനിവാസ (കൃഷ്ണ). ഗുരുജിയുടെ സ്വാധീനത്താൽ ജെ.കൃഷ്ണമൂർത്തിയുടെ ആശയങ്ങൾ, ഭഗവത് ഗീത, ബുദ്ധിസം തുടങ്ങിയവയിലായിരുന്നു വിജയ് കുമാറിന്റെ പാണ്ഡിത്യം. വിഷ്ണുവിന്റെ അവതാരമായ കൽക്കിയുടെ കടുത്ത ഭക്തനായ വിജയ് കുമാറിനെ, അനുയായികൾ കൽക്കി ഭഗവാൻ എന്നു വിളിച്ചു തുടങ്ങി. മുക്തേശ്വരാനന്ദ് ശ്രീ ഭഗവാൻ, ശ്രീ ഭഗവാൻ എന്നീ പേരുകളുമുണ്ട്. ഭാര്യ പദ്മാവതിക്ക് അമ്മ, അമ്മ ഭഗവാൻ എന്നെല്ലാമാണു വിളിപ്പേര്.

 

ആന്ധ്രാപ്രദേശിൽ ബദൽ വിദ്യാഭ്യാസത്തിനായി സ്കൂൾ തുറന്നുകൊണ്ടാണ് ആത്മീയതയിലേക്ക് കൽക്കിയും ഭാര്യയും ആദ്യ ചുവട് വെക്കുന്നത്. 1989 ലെ വേനൽക്കാലത്താണു ‘ദിവ്യനിശബ്ദതയുടെ മാന്ത്രിക അനുഭൂതി’ കിട്ടിയതായി ഒരു കുട്ടി അവകാശപ്പെട്ടത്. സമാന അനുഭവവുമായി തുടർദിവസങ്ങളിൽ നിരവധി വിദ്യാർഥികൾ മുന്നോട്ടുവന്നു. ഇതോടെ ജീവാശ്രമം സ്കൂൾ പുതിയ തലത്തിലേക്ക് മാറ്റണമെന്ന് കൽക്കിയും ഭാര്യയും തീരുമാനിച്ചു. ഇതേ തുടർന്ന് ജീവാശ്രമം സ്കൂൾ പൂട്ടി. 

 

പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ആത്മീയ പരിപാടികൾ സംഘടിപ്പിക്കുന്നതിലായി പിന്നീടുള്ള ശ്രദ്ധ. ആത്മീയ – മായ അനുഭവങ്ങൾ വർധിച്ചതോടെ കൽകിയുടെ അനുയായികളായി നിരവധിപ്പേർ രംഗത്ത് വന്നു. 

 

1995 മുതൽ ന്യൂഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം ക്ലാസുകള്‍  സംഘടിപ്പിച്ചു. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നായി ലക്ഷത്തിലേറെ ആത്മീയ വിദ്യാർഥികൾ പങ്കെടുത്ത പൊതുപരിപാടിയും അതേ വർഷം ചെന്നൈയിൽ നടന്നു. കോഴ്‌സുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിച്ചതിനാൽ 1999ൽ ആന്ധ്രയിലെ ചിറ്റൂർ വരദയ്യപലേമിൽ സ്ഥലം വാങ്ങി.

 

അവിടെ ‘എകത്വ സർവകലാശാല’ നിർമാണം തുടങ്ങി. 2000ൽ ആദ്യ ക്യാംപസ് സജ്ജമായപ്പോൾ ഭഗവാനും അധ്യാപക സംഘവും അങ്ങോട്ടു മാറി. അധ്യാത്മിക അനുഭൂതി തേടിയെത്തുന്നവരുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി. 2004 ൽ രാജ്യാന്തര പരിപാടികൾ തുടങ്ങിയതോടെ പ്രശസ്തി വിദേശത്തും പരന്നു. 

 

ക്യാംപസിൽ 2008ൽ ഏകത്വ ക്ഷേത്രം സ്ഥാപിതമായി. അഞ്ചേക്കറിലധികം സ്ഥലത്തു പരന്നുകിടക്കുന്ന ക്ഷേത്രം പൂർണമായും മകരാന മാർബിളിൽ ഏഴു വർഷം കൊണ്ടാണു പണിതത്. ഒരേ സമയം 8000 പേർക്കിരിക്കാവുന്ന ഹാൾ ഉൾപ്പെടെയുള്ള ആഡംബര സൗകര്യങ്ങളുണ്ട്. 2006ൽ ഇവിടെയെത്തിയ അമേരിക്കൻ വ്യവസായിയും പരിശീലകനുമായ ടോണി റോബിൻസ്, സർവകലാശാലയിലെ ധ്യാനത്തിൽ സന്തുഷ്ടനാവുകയും ഇരുവരും ഒരുമിച്ചുള്ള പ്രോഗ്രാമുകൾ തുടങ്ങുകയുമുണ്ടായി. ഇന്ത്യയ്ക്കു പുറത്തേക്കു കൽക്കി ചിറകു വിടർത്തി, വിദേശികൾ തേടിയെത്തി.

 

2009 ൽ 600 ഇന്ത്യൻ പ്രതിനിധികളും 36 വിദേശ പ്രതിനിധികളും പങ്കെടുത്ത വിശ്വഹിന്ദു പരിഷത്തിന്റെ രാജ്യാന്തര കൺവൻഷനു വൺനസ് സർവകലാശാല വേദിയായതോടെ ഹിന്ദുത്വ കേന്ദ്രമായി കൂടുതൽ പേരറിഞ്ഞു. പ്രമുഖ വിഎച്ച്പി നേതാക്കളായ അശോക് സിംഗാൾ, പ്രവീൺ തൊഗാഡിയ, ഗിരിരാജ് കിഷോർ, വേദാന്തം തുടങ്ങിയവർ അന്നത്തെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ബോളിവുഡ് താരങ്ങളായ ശിൽപ ഷെട്ടി, മനീഷ കൊയ്‌രാള, ഹൃത്വിക് റോഷൻ, രാകേഷ് റോഷൻ, ഡിസൈനർ ഡൊണ്ണ കരൺ, സംഗീതജ്ഞൻ റിക്ക് അലൻ, എൻബിഎ കോച്ച് പാറ്റ് റിലെ തുടങ്ങിയവർ സന്ദർശകപ്രമുഖരിൽ ചിലരാണ്. 2011ൽ ജനസ്വാധീനമുള്ള ആത്മീയ നേതാക്കളുടെ ആഗോള പട്ടികയിലും കൽക്കി ഭഗവാൻ ഇടം നേടി.

കൽക്കി ഭഗവാനൊപ്പം സ്വത്തും വളർന്നു. സ്വാധീനം ചെലുത്തി അനധികൃത ഇടപാടുകൾ നടത്തുകയാണെന്ന ആരോപണങ്ങളുയർന്നു. കൽക്കിയും അമ്മയും ഒരേ അവതാരത്തിന്റെ രണ്ടു വശങ്ങൾ ആണെന്നായിരുന്നു പ്രചാരണം. ‘ദീക്ഷ’യിലൂടെയാണ് ദിവ്യത്വം കൈമാറുന്ന വൺനസ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരുന്നത്. വിവിധ കൽക്കി ട്രസ്റ്റുകൾ പൊതുഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ശ്രീ ഭഗവന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തിനെക്കുറിച്ചും പരാതിയുണ്ടായി.

 

 2012 ജൂലൈയിൽ കൽക്കി ഭഗവാനും അമ്മ ഭഗവാനും ആശ്രമം ഉപയോഗിച്ചു നടത്തുന്ന വഴിവിട്ട ഭൂമി– ലഹരിമരുന്ന് ഇടപാടുകൾ ഒരു സ്വകാര്യ ടിവി ചാനൽ പുറത്തുകൊണ്ടുവന്നു. സൗജന്യമാണെന്നു പുറമേ പ്രചരിപ്പിച്ചിരുന്നെങ്കിലും ആത്മീയ കോഴ്സുകൾക്കു നന്നായി പണം ഈടാക്കിയിരുന്നതായി മുൻ അനുയായികൾ വെളിപ്പെടുത്തി.

കോഴ്സിനു ബുക്ക് ചെയ്തവരാണെങ്കിലും ആശ്രമത്തിന് അകത്തേക്കു കടക്കണമെങ്കിൽ പ്രവേശന ഫീസ് നൽകണം. 

 

അമ്മ ഭഗവാന്റെ പാദം ദർശിക്കാൻ 5000 രൂപയും സ്പെഷൽ ദർശനത്തിന് 25,000 രൂപയുമാണ് ഈടാക്കിയിരുന്നത്. ഇപ്പോഴത് അരലക്ഷം രൂപയായിട്ടുണ്ട്. രണ്ടുപേരും ഒരുമിച്ചും ദർശനം നൽകാറുണ്ട്. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ബിസിനസുകളാണു കൽക്കി ട്രസ്റ്റ് നടത്തുന്നത്. ഭഗവാന്റെ മകന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഏക്കർ ഭൂമിയും ആശ്രമത്തിന്റെ പേരിൽ രാജ്യത്തിനകത്തും പുറത്തുമുണ്ട്.

 

ആശ്രമത്തിന്റെ പരാതിയെത്തുടർന്ന് നേരത്തെ, ‘കൽക്കി ഭഗവാൻ’ എന്ന പേരിലുള്ള വിഡിയോകൾ സംപ്രേഷണം ചെയ്യുന്നതിൽ ചാനലുകൾക്കു കോടതിവിലക്കുണ്ടായിരുന്നു. പരിശീലന സമയത്തു ഭക്തിഗാനത്തിനൊപ്പം പരിശീലകരും അനുയായികളും എല്ലാം മറന്ന് ആവേശത്തോടെ നൃത്തം ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് ലഹരിമരുന്ന് ഉപയോഗ ആരോപണമുണ്ടായത്. ഇതു ഭക്തിയുടെയും പരിശീലനത്തിന്റെയും ഉന്മാദത്തിൽ സംഭവിക്കുന്നതാണെന്നും പഠിതാക്കൾ ഉയർന്ന അവബോധം നേടുന്നുണ്ട് എന്നുമായിരുന്നു ലഹരിമരുന്ന് ഉപയോഗ ആരോപണത്തിന് കൽക്കിയുടെ മറുപടി.

 

ആക്രമണങ്ങളും ആരോപണങ്ങളും ശക്തമായപ്പോൾ, നിലപാടുകൾ വ്യക്തമാക്കാനും ആരോപണങ്ങളെ പ്രതിരോധിക്കാനുമായി ‘ഏകത്വ ദാസകൾ’ ടിവി ചാനലും വെബ്‌സൈറ്റുകളും തുടങ്ങി. ആദായനികുതി റെയ്ഡുകളും വിവാദങ്ങളും പ്രശ്നങ്ങളുണ്ടാക്കുമ്പോഴും നിശ്ബദമാണു കൽക്കിയും കൂട്ടരും. കുറച്ചുനാളായി കൽക്കിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ആശ്രമത്തിൽ വരാറില്ലെന്നും പറയുന്നുണ്ട്. വിഡിയോ സന്ദേശങ്ങളിലൂടെയാണ് സംവദിക്കുന്നത്. മകൻ കൃഷ്ണയുടെ ഭരണത്തിലാണിപ്പോൾ ആശ്രമം. രാഷ്ട്രീയക്കാരും ബിസിനസുകാരും ആശ്രമവുമായി നല്ല അടുപ്പത്തിലാണെന്നും ഒരു രാഷ്ട്രീയ നേതാവിനുണ്ടായ പിണക്കമാണു റെയ്ഡുകൾക്കു വഴിവച്ചതെന്നും സംസാരമുണ്ട്.