spb-and-yesudas

ഒരു കാലഘട്ടത്തിന്റെ തന്നെ പിന്നണിഗാനരംഗത്തെ ഇതിഹാസങ്ങളായ യേശുദാസും എസ്പി ബാലസുബ്രമണ്യവും ഒരേ വേദിയിലെത്തിയപ്പോൾ സംഗീതപ്രേമികൾക്ക് അത് മറക്കാനാകാത്ത അനുഭവമായി. എസ്പിബിയുടെ സംഗീതത്തിൽ യേശുദാസ് പാടിയ തമിഴ് ചിത്രം സിഗരത്തിലെ ഗാനം ഗാനഗന്ധർവൻ വേദിയിൽ ആലപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കാൽ തൊട്ടുവണങ്ങിയാണ് എസ്പിബി ആദരം പ്രകടിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് സദസ് ആ ധന്യമുഹൂർത്തത്തിന് സാക്ഷികളായത്. 

പ്രിയസുഹൃത്തിന്റെ സ്നേഹവും ആദരവും ഹൃദയപൂർവം ഏറ്റുവാങ്ങിയ യേശുദാസ്, എസ്.പി.ബിയുടെ സംഗീതസംവിധാനത്തിൽ പാട്ടു പാടിയ അനുഭവം സദസുമായി പങ്കുവച്ചു. "നല്ല മെലഡി ചേർത്താണ് ഇദ്ദേഹം ഈണമിട്ടിരിക്കുന്നത്. കേട്ടിരിക്കാൻ നല്ല സുഖമാണ്. പക്ഷെ, ഈ പാട്ടിന്റെ പല്ലവി പാടിയതിനു ശേഷം ചരണം എടുക്കാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ," ചെറിയൊരു പുഞ്ചിരിയോടെ യേശുദാസ് പറഞ്ഞു. 

പറയുക മാത്രമല്ല, ബുദ്ധിമുട്ടേറിയ ആ ഭാഗം കാണികൾക്കു മുന്നിൽ ഒരിക്കൽക്കൂടി അദ്ദേഹം പാടികേൾപ്പിച്ചു. "ഒരു കാലത്തും ശ്രോതാക്കൾക്ക് ഈ പാട്ട് മറക്കാൻ കഴിയില്ല. എനിക്കും അങ്ങനെ തന്നെയാണ്. ഒരിക്കലും ഈ പാട്ട് മറക്കാനാവില്ല. ഇനിയും ഇതുപോലെ നല്ല പാട്ടുകൾക്ക് ഈണമിടുമ്പോൾ ഈ അണ്ണനെ ഓർക്കണം" എസ്.പി.ബിയെ ചേർത്തു നിർത്തി യേശുദാസ് പറഞ്ഞു.