geethu

ചന്ദ്രനിലെത്തിയാലും ചായക്കടയിട്ടൊരു മലയാളി അവിടെ ഉണ്ടാകുമെന്ന് തമാശയ്ക്ക് പറയാറില്ലേ. ലോകത്തിന്റെ എല്ലാ ഭാഗത്തിലേക്കും എത്തിപ്പെടാനുള്ള നമ്മുടെ വൈദഗ്ധ്യമാണ് കളിയാക്കിയാണെങ്കിലും അതിലൂടെ സൂചിപ്പിക്കുന്നത്. ചന്ദ്രനിലേക്ക് അല്ലെങ്കിലും ഭൂമിയുടെ തണുത്തുറഞ്ഞ വടക്കൻ അറ്റത്തേക്ക് ഒരു യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് എറണാകുളം സ്വദേശിയായ ഗീതു മോഹൻദാസ്. 

ലോകത്തിലേക്കും ഏറ്റവും സാഹസികമായ യാത്രകളിലൊന്നായ ആർട്ടിക് എക്സ്പെഡീഷനാണ് ഗീതു ഒരുങ്ങുന്നത്. വെറും യാത്രയല്ല മൈനസ് 33 ഡിഗ്രിയോളം താഴുന്ന തണുപ്പിലൂടെ ഒരു ദീർഘയാത്ര.

സ്വീഡിഷ് കമ്പനിയായ ഫിയൽ റാവനാണ് എല്ലാവർഷവും ലോകത്തെ തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കായി പോളാർ എക്സ്പെഡീഷൻ നടത്തുന്നത്. കഴിഞ്ഞ രണ്ട് വർഷവും ഈ എക്സ്പെഡീഷനിൽ പങ്കെടുക്കുകയും ഒന്നാമതെത്തുകയും ചെയ്തത് രണ്ട് മലയാളികളാണെന്നതാണ് മറ്റൊരു കൗതുകം. പക്ഷേ മലയാളി പെൺകുട്ടികളാരും കഴിഞ്ഞ വർഷം വരെ ഇതിലേക്ക് ഒരു കൈ നോക്കിയിരുന്നില്ലെന്നാണ് ഗീതു പറയുന്നത്. യാത്രയിൽ പങ്കെടുക്കാനുള്ള യോഗ്യത താൻ നേടിയാൽ അത് മറ്റുള്ള പെൺകുട്ടികൾക്ക് വലിയ പ്രചോദനമാകുമെന്നും ഗീതു പറയുന്നു. 

ലോകരാജ്യങ്ങളെ പത്ത് സോണുകളായി തിരിച്ചുള്ള ഓൺലൈൻ വോട്ടിങിലൂടെയാണ് സംഘത്തിലേക്കുള്ള പത്തുപേരെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യ ഉൾപ്പെടുന്ന സോണിൽ നിന്ന് ഒരാൾക്ക് മാത്രമാണ് പോളാർയാത്രയ്ക്ക് അവസരം ലഭിക്കുക. ബാക്കിയുള്ള പത്ത്പേരെ അപേക്ഷകരുടെ പ്രൊഫൈൽ പരിശോധിച്ച് അവർ തിരഞ്ഞെടുക്കും. രണ്ട് വർഷം മുമ്പ് തന്നെ ഇതിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നുവെന്നും ലഡാക്കിൽ പോയി അസ്ഥി തുളയ്ക്കുന്ന തണുപ്പ് അനുഭവിച്ചിട്ടുണ്ടെന്നും ഗീതു പറയുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഗീതുവിന്റെ മനസിലേക്ക് കയറി ഇരിപ്പുറപ്പിച്ചതാണ് ആർട്ടികിലെ ആകാശത്ത് മാത്രം തെളിയുന്ന പച്ചയും നീലയും കലർന്ന വെളിച്ചം. നമ്മൾ ഒരു കാര്യം ആത്മാർഥമായി ആഗ്രഹിച്ചാൽ അതിലേക്ക് എത്തിക്കാൻ ലോകം മുഴുവൻ ഒപ്പം നിൽക്കുമെന്ന് പറയാറില്ലേ, ഗീതുവിന്റെ ആ ആഗ്രഹം സഫലമാകാൻ ഇനി വേണ്ടത് നമ്മുടെ വോട്ടുകളാണ്. പട്ടികയിൽ ഇപ്പോൾ ആറാം സ്ഥാനത്താണ് ഗീതുവുള്ളത്. ഒന്നാമതെത്തി വിജയിച്ചാൽ ഇന്ത്യയിൽ നിന്ന് തന്നെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പെൺകുട്ടിയാകും  ഗീതു മോഹൻദാസ്.