bear-from-home

കരടികളേറെയുള്ള സ്ഥലമാണ് കലിഫോർണിയയിലെ ലേക്ക് താവോസ്. ഹിമയുറക്കത്തിനായുള്ള ഓട്ടത്തിലാണ് കരടികൾ. അതിനായി ഭക്ഷണം തേടിയും ഉറങ്ങാനുള്ള സുരക്ഷിതമായ സ്ഥലം തേടിയുമൊക്കെ അലഞ്ഞു നടക്കുകയാണ് കരടികളേറെയും. ഇങ്ങനെ സുരക്ഷിതമായ താവളം തേടി ജനവാസകേന്ദ്രത്തിലെത്തിയ കരടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

 

തടികൊണ്ടു നിർമിച്ച വീടുകളാണ് ഇവിടെ ഏറെയും. ഈ വീടുകളുടെ അടിയിലായി കോൺക്രീറ്റ് അറകളുമുണ്ട്. ഇതിലേക്കിറങ്ങാൻ ചെറിയ വാതിലുകളുമുണ്ടാകും. ഈ വാതിൽ വീട്ടുകാർ അടയ്ക്കാൻ മറന്ന ദിവസങ്ങളിലെന്നോ ആണ് ഒരു കൂറ്റൻ കരടി അത് സ്വന്തം താവളമാക്കിയത്. പതിവില്ലാതെ വീടിനടിയിൽ നിന്നും അസാധാരണമായ ശബ്ദങ്ങൾ കേട്ടപ്പോഴാണ് വീട്ടുകാർ പരിശോധിച്ചത്. ഉള്ളിൽ കൂറ്റൻ കരടിയാണുള്ളതെന്നറിഞ്ഞ് വീട്ടുകാർ പരിഭ്രമിച്ചു. ഉടൻ തന്നെ ബെയർ ലീഗിലെ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. 

 

ആദ്യ ദിവസം കരടിയെ ഇറക്കി വിടാനായി തട്ടിയും മുട്ടിയും വലിയ ശബ്ദമുണ്ടാക്കിയെങ്കിലും കരടി ഇറങ്ങിയില്ല. പിറ്റേദിവസം രാവിലെ കരടികിടന്ന സ്ഥലത്തു നിന്നും ശബ്ദമൊന്നും കേൾക്കാതായപ്പോൾ അത് പുറത്തിറങ്ങിയെന്ന ധാരണയിൽ വീട്ടുടമ കരടിയുള്ളിലേക്കിറങ്ങിയ ചെറിയ വിടവ് അടച്ചു. എന്നാൽ വീണ്ടും ഇവിടെ നിന്ന് ശബ്ദം കേട്ടുതുടങ്ങിയതോടെ കരടി പുറത്തു പോയിട്ടില്ലെന്ന് വീട്ടുകാർ മനസ്സിലാക്കി. പിറ്റേന്നു തന്നെ അടച്ചു വച്ച വിടവ് ഇവർ തുറന്നതിനു ശേഷം മാറി നിന്ന് നിരീക്ഷിച്ചു.

ചെറിയ വിടവിലൂടെ ആയാസപ്പെട്ടു പുറത്തു കടന്ന കൂറ്റൻ കരടി പുറത്തെത്തിയ ശേഷം റോ‍ഡിലേക്ക് ഓടിമറയുകയും ചെയ്തു. പതിവായി ഈ പ്രദേശത്ത് കരടികളിറങ്ങാറുണ്ട്. ഹോട്ടലുകളുടെയും മറ്റും സമീപത്തുള്ള  മാലിന്യം നിക്ഷേപിക്കുന്ന പാത്രങ്ങളിൽ ആഹാരം തേടിയാണ് ഈ കരടികളെത്തുന്നത്. പതിവായി കാണാറു കരടിയാണിതെന്ന് വീട്ടുടമയും വ്യക്തമാക്കി.