snake-in-helmet

ഹെൽമറ്റിനുള്ളിൽ വിഷപ്പാമ്പുമായി അധ്യാപകൻ സഞ്ചരിച്ചത് 11 കിലോമീറ്റർ. ഉദയംപേരൂർ കണ്ടനാട് ഹൈസ്കൂൾ സംസ്‌കൃത അധ്യാപകൻ കെ.എ.രഞ്ജിത്തിന്റെ (37) ഹെൽമറ്റിനുള്ളിലാണ് വളവളപ്പൻ എന്നറിയപ്പെടുന്ന ഇന്ത്യയിലെ വിഷം കൂടിയ പാമ്പുകളിലൊന്നായ ശംഖുവരയൻ കയറിക്കൂടിയത്. വീടിന്റെ കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലാണു ഹെൽമറ്റ് തൂക്കിയിട്ടിരുന്നത്.

 

സമീപത്തെ കാട്ടിൽ നിന്നാകാം പാമ്പു കയറിയത് എന്നാണ് രഞ്ജിത് പറയുന്നത്. വീട്ടിൽ നിന്നു കണ്ടനാട് സ്കൂളിൽ എത്തിയ ശേഷം സംസ്‌കൃത ക്ലാസിനായി തൃപ്പൂണിത്തുറ ആർഎൽവി സ്കൂളിൽ എത്തി ഹെൽമറ്റ് നോക്കിയപ്പോഴാണ് പാമ്പിന്റെ വാലു കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണു ഹെൽമറ്റിന്റെ സ്പോഞ്ചിന്റെ ഉള്ളിൽ നിന്നു പാമ്പിനെ പുറത്തെടുത്തത്. ഹെൽമറ്റ് തലയിൽ വച്ചതിനാൽ പാമ്പു ഞെരുങ്ങി ചത്ത നിലയിൽ ആയിരുന്നു എന്നു രഞ്ജിത് പറഞ്ഞു.

 

ഉടനെ ഹെൽമറ്റ് അടക്കം മണ്ണണ്ണ ഒഴിച്ച് കത്തിച്ചു കളഞ്ഞു. ശംഖുവരയൻ കടിച്ചാൽ വിഷം നേരിട്ട് തലച്ചോറിനെയാണു ബാധിക്കുക. വെള്ളിക്കെട്ടൻ, കാട്ടുവിരിയൻ, എട്ടടിവീരൻ, മോതിരവളയൻ, വളയപ്പൻ, കെട്ടുവളയൻ, കരിവേല തുടങ്ങിയ പല പേരുകളിലാണ് അറിയപ്പെടുന്നത്. കുറ്റിക്കാടുകളിലും വീട്ടുപറമ്പുകളിലുമാണ് ഈ പാമ്പുകളുടെ വാസം.