athirabhasker

 

സ്വന്തം സ്വപ്നങ്ങൾക്ക് വേണ്ടി ഒരു പെൺകുട്ടിക്ക് എത്രത്തോളം പോരാടാനാവും? അതിന്‍റെ ഏറ്റവും ശരിയായ ഉത്തരമാണ് ആതിര ഭാസ്ക്കർ എന്ന കൊല്‍ക്കത്ത മലയാളിയുടെ ജീവിതം. 'മസ്സ്കുലാർ ഡിസ്ട്രോഫി' എന്ന അപൂർവ്വരോഗം കൈകളുടേയും കാലുകളുടേയും ചലനശേഷിയെ ബാധിച്ചപ്പോഴും അവളുടെ സ്വപ്നങ്ങൾക്ക് പിന്നാലെയുള്ള വേഗം കൂടിയതേ ഉണ്ടായിരുന്നുള്ളൂ. ചുറ്റും തളർത്തുവാൻ ആയിരം കാരണങ്ങളും മുന്നോട്ട് നീങ്ങാൻ ആത്മവിശ്വാസം എന്ന ഒറ്റ പിൻബലവുമായാണ് ആതിര തന്‍റെ സ്വന്തം വിജയകഥയെഴുതിയത്. 

 

കെഎഎസ് മോഹം

 

കൊല്‍ക്കത്തയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ ആതിര കെഎഎസ് പരീക്ഷയ്ക്കായാണ് കേരളത്തിലെത്തിയത്. രണ്ടു വർഷമായി വാട്ടർ റിസോഴ്സസ് ഡിപ്പാർട്ട്മെൻറിലെ ഉദ്യാഗസ്ഥയാണെങ്കിലും അടുത്തിടെയാണ് കെഎഎസ് എന്ന മോഹത്തിനായി ഇറങ്ങിത്തിരിക്കുന്നത്. തിരുവനന്തപുരം കോട്ടൻഹില്‍സ് സ്കൂളിലായിരുന്നു പരീക്ഷ എഴുതിയത്. ജീവിതത്തിലാദ്യമായാണ് തന്നെപ്പോലെ തന്നെ ബുദ്ധിമുട്ടുകളുള്ള കുട്ടികളോടൊപ്പമിരുന്ന് പരീക്ഷയെഴുതുന്നതെന്നും തുറിച്ചു നോട്ടങ്ങളില്ലാതെ എഴുതിയ പരീക്ഷയെ പ്രതീക്ഷയോടെ തന്നെയാണ് കാണുന്നതെന്നും ആതിര പറഞ്ഞു. തന്നെപ്പോലെ വിഷമമനുഭവിക്കുന്നവർക്ക് വേണ്ടിയാണ് ജീവിതം. അവർക്കായി പുനരധിവാസങ്ങൾ ഒരുക്കുകയാണ് തന്‍റെ ലക്ഷ്യം. ഇതിനായുള്ള ചവിട്ടുപടിയാണ് കെഎഎസ്.

 

സമൂഹം, പ്ലീസ് നോട്ട് ദിസ്

 

'സമൂഹത്തിലേക്ക് ഇറങ്ങുമ്പോഴാണ് നമ്മുക്ക് എന്തൊക്കെയോ കുറവുകൾ ഉള്ളത്പോലെ തോന്നുന്നത്. അത് ആളുകളുടെ പൊരുമാറ്റവും കാഴ്ചപ്പാടുംകൊണ്ട് മാത്രമല്ല എന്നെപ്പോലെയുള്ളവർക്ക് ലഭിക്കാത്ത ആക്സസബിലിറ്റി കൂടി കാണുമ്പോഴാണ്. സർക്കാർ ഓഫീസുകളിലോ പൊതു ഇടങ്ങളിലോ ഒന്നും റാമ്പുകളോ വീല്‍ചെയർ സൗകര്യമോ ഒന്നും ഇല്ല. എന്നെപ്പോലെയുള്ളവരെ കൂടി പരിഗണിക്കുമ്പോഴല്ലേ ഈ സമൂഹം ഞങ്ങളുടേത് കൂടിയാണെന്ന് തോന്നുന്നത്?'. ആതിര തെല്ലു വിഷമത്തോടെയെങ്കിലും മനസ്സ് തുറന്നു.

 

പഠനം അഥവാ പോരാട്ടങ്ങൾ

 

'പ്ലസ് വണ്ണിന് ജോയിൻ ചെയ്ത കാലത്താണ് 'മസ്സ്കുലാർ ഡിസ്ട്രോഫി' ഉണ്ടെന്ന് തിരിച്ചറിയുന്നത്. പിന്നീട് ജീവിതം വളരെ മാറിപ്പോയി. നിമിഷങ്ങൾകൊണ്ട് അതുവരെ ഉണ്ടായിരുന്നതൊക്കെ നഷ്ടമായിപ്പോയെന്ന് തോന്നിയ ദിവസങ്ങളായിരുന്നു അത്. 12 വർഷമായി നൃത്തം പഠിച്ചുകൊണ്ടിരിക്കുന്ന എനിക്ക് കയ്യുംകാലും അനക്കാൻ പോലുമായില്ല. പ്ലസ് ടു പഠനം എങ്ങനെയൊക്കെയോ പൂർത്തിയാക്കി. അപ്പോഴും എൻട്രൻസ് എന്ന മോഹം ബാക്കി നിന്നു. 

 

സ്കൂളിലും കോച്ചിങ്ങിനും കൂടി പോകാനുള്ള ആരോഗ്യം ഇല്ലാത്തതിനാൽ ഒറ്റയ്ക്കിരുന്നു പഠിച്ചു. ബിഎഎംഎസിനു അഡ്മിഷൻ കിട്ടി.  പ്രക്ടിക്കലും റാമ്പുകളില്ലാത്ത കോളേജ് വരാന്തകളുമൊക്കെ എന്നെ ആ ലക്ഷ്യത്തിലും എത്തിച്ചേരാൻ അനുവദിച്ചില്ല. ഒരു വർഷത്തെ എൻറെ പരിശ്രമങ്ങളൊക്കെ വെറുതെയാക്കി മടങ്ങേണ്ടി വന്നു. ബാലൻസ് തെറ്റിയുള്ള വീഴ്ചകളും ഡിപ്രഷനുമെല്ലാം രണ്ടുവർഷത്തെ ജീവിതം മുറിക്കുള്ളിലാക്കി. ഇതിനിടയിലെപ്പോഴോ ആത്മഹത്യയുടെ വക്കിൽവരെ എത്തിയിരുന്നു ഞാൻ'– ആതിര ഓർത്തെടുത്തു.

 

വീണ്ടും പഠിക്കണമെന്നും ജീവിതത്തിലേക്ക് മടങ്ങി വരണമെന്നുമൊക്കെയുള്ള തോന്നലുകൾ വന്നപ്പോഴും ആതിര പരീക്ഷണങ്ങളെ നേരിട്ടുകൊണ്ടേയിരുന്നു. സർക്കാർ സീറ്റിൽ പഠനം നിർത്തിപ്പോന്നതിന് നഷ്ടപരിഹാരമായി നൽകേണ്ടി വന്ന ഭീമമായ തുക അടച്ച് സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കി. പിന്നീട് നിരന്തരമായി പരിശ്രമങ്ങൾക്കൊടുവിലാണ് ആ തുക തിരികെ കിട്ടിയത്. സർട്ടിഫിക്കേറ്റ് ലഭിച്ചതോടെ കൽകട്ടാ യൂണിവേഴ്സിറ്റിയിൽ എക്കണോമിക്സ് ബിരുദത്തിനായി ജോയിൻ ചെയ്തു. ഇതിനിടയിൽ ആതിര നേടിയെടുത്തതാണ് വാട്ടർ റിസോഴ്സ് ബോർഡിലെ ജോലി. ബുരുദ പഠനം രണ്ടു വർഷം പൂർത്തിയാക്കിയപ്പോഴായിരുന്നു ഇത്. ജോലി ചെയ്തുകൊണ്ട് തന്നെ പഠനവും ഈ മിടുക്കി പൂർത്തിയാക്കി.

 

‌വിജയിച്ച് തുടങ്ങിയത്..

 

കൽക്കട്ട യൂമിവേഴ്സിറ്റിയിൽ പഠനത്തിന് എത്തിയപ്പോൾ അമ്മ പ്രഫസർമാരെ കണ്ട് എന്‍റെ പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞു. എന്നാൽ 'ഭിന്നശേഷ്ക്കാരെ പഠിപ്പിക്കുന്ന കോളേജിലയച്ചാൽ പോരെ എന്തിനാണ് ഇങ്ങോട്ടേക്കയക്കുന്നത്' എന്ന ഒരു പ്രഫസറുടെ ചോദ്യം എന്നെയും അമ്മയും ഒരുപാട് വേദനിപ്പിച്ചു. അതേ കോളേജില്‍ മിടുക്കിയായി പഠിക്കണമെന്ന് എനിക്ക് വാശിയായിരുന്നു. ഒടുവില്‍ ജോലി കിട്ടിപ്പോകുമ്പോൾ പഠനം പൂർത്തിയാക്കാൻ സഹായിച്ചതും അതേ പ്രഫസറായിരുന്നു. അതൊക്കെ ജീവിതത്തിലെ വലിയ പ്രചോദനങ്ങളായിരുന്നു.

 

കൊല്‍ക്കത്തയിൽ ജോലിചെയ്യുന്ന ആതിരയുടെ രക്ഷിതാക്കൾ തന്നെയാണ് അവളുടെ ശക്തി. ഫെയ്സ്ബുക്കിലൂടെ ആരിതയേയും അവളുടെ നേട്ടങ്ങളേയും പരിമിതികളേയുമൊക്കെ ഒരുപോലെ മനസ്സിലാക്കിയ രാഹുലും ജീവിത്തിൽ എല്ലാത്തിനും തുണ‌യായുണ്ട്.

 

ക്വാഡനോട് പറയാന്‍

 

'അടുത്തിടെ ക്വാഡൻ എന്ന കുട്ടിയുടെ വേദന ലോകമെമ്പാടും ചർച്ചയായിരുന്നല്ലോ. അവനോടും എനിക്ക് പറയാനുള്ളത് ഇതാണ്. ഇതിലും സങ്കടകരമായ നിമിഷങ്ങളിലൂടെ നമ്മൾ കടന്നു പോകും. പക്ഷേ വലുതാകുന്നതിനനുസരിച്ച് നമ്മൾ കൂടുതൽ ശക്തരാകും. പോരാടാൻ പഠിക്കും. അപ്പോൾ കരയാനാവില്ല. എന്തിനെയും നേരിടാനുള്ള ആ കരുത്ത് പരിഹാസങ്ങളിലൂടെ നമ്മൾ നേടും. ഇതെന്‍റെ അനുഭവമാണ്.‌ വിജയച്ചിരിയിൽ ആതിര ഭാസ്ക്കർ പറയുന്നു.

 

ചെങ്ങന്നൂർ കൊഴുവല്ലൂരിലെ കുടുംബ വീട്ടിലാണ് ആതിരയും അമ്മയും ഇപ്പോൾ താമസം. മെയ് 7 തിരികെ കൊല്‍ക്കത്തയിലേക്ക് മടങ്ങും.