rajaputhra-renjith-mammootty

മമ്മൂട്ടി ചിത്രം ഷൈലോക്ക് തിയറ്ററിൽ ഇപ്പോഴും മികച്ച അഭിപ്രായത്തോടെ ഇപ്പോഴും പ്രദർശനം തുടരുകയാണ്. എന്നാൽ അതേസമയം സിനിമ ‍ഡിജിറ്റൽ ഫ്ലാറ്റ്ഫോമിൽ എത്തിയതിലുള്ള ചര്‍ച്ച തുടരുന്നതിനിടെ, പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രജപുത്ര രഞ്ജിത്ത്. സിനിമ പുറത്തിറങ്ങി 35 ദിവസം പോലും കഴിയുന്നതിന് മുൻപുള്ള ഇൗ നീക്കം തിയറ്റർ വ്യവസായത്തെ അടക്കം ക്ഷീണിപ്പിക്കുമെന്ന വാദം ഉയരുന്നതിനിടെയാണ് പുതിയ നിലപാട്. സിനിമ ഇപ്പോഴും തിയറ്ററിൽ ഒാടുന്ന സാഹചര്യത്തിലാണ് നിർമാതാവിന്റെ ഇൗ നീക്കം. രജപുത്ര രഞ്ജിത്ത് മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

‘തീർച്ചയായും ഇത്തരം നീക്കങ്ങൾ സിനിമയ്ക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക. നാളെ ജനം തിയറ്ററിൽ എത്താതാകും. ഷൈലോക്ക് തിയറ്ററിൽ മികച്ച അഭിപ്രായം നേടിയ സിനിമയാണ്. ജനം തിയറ്ററിലെത്തി സിനിമ കാണാനും ഒരുക്കമാണ്. അതിനിടയിലാണ് 35 ദിവസം പോലും കഴിയുന്നതിന് മുൻപ് ഇത്തരം ഡിജിറ്റൽ ഫ്ലാറ്റ്ഫോമിലേക്ക് സിനിമ എത്തുന്നത്. നിർമാതാവിന് നേട്ടമായിരിക്കും. വൻ തുക ലഭിച്ചിരിക്കാം. എന്നാൽ ഇതിന് പിന്നിൽ വരാനിരിക്കുന്ന വലിയ അപകടം കാണേണ്ടതുണ്ട്.

തിയറ്ററിൽ ശരാശരി വിജയം നേടി മുന്നേറുന്ന ഒരു സിനിമ തിയറ്ററിലെത്തി കാണാൻ ജനം മടിക്കും. പത്തുദിവസത്തിനകം ഇത് ഡിജിറ്റൽ ഫ്ലാറ്റ്ഫോമിൽ കിട്ടുമെന്ന ധാരണ വന്നാൽ പിന്നെ എന്തിനാണ് തിയറ്ററിൽ പോയി കാണുന്നത്. വമ്പൻ ബജറ്റിലൊരുക്കുന്ന സൂപ്പർതാര ചിത്രങ്ങൾക്ക് ഇത് നേട്ടമാണ്. എന്നാൽ ചെറിയ ബജറ്റിൽ മികച്ച അഭിപ്രായം നേടുന്ന സിനിമകളെ ഇത്തരം നീക്കങ്ങൾ പ്രതികൂലമായി ബാധിക്കും. ഇതിന് പരിഹാരമായി തോന്നുന്നത് സംഘടനകൾ ഇടപെട്ട് ഇത്ര ദിവസങ്ങൾക്ക് ശേഷമേ സിനിമകൾ ഡിജിറ്റൽ ഫ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് നൽകാവൂ എന്ന തരത്തിൽ ഒരു തീരുമാനം എടുക്കണം. 

എങ്കിൽ മാത്രമേ ഇനി രക്ഷയൂള്ളൂ. വരും ദിവസങ്ങളിൽ ഇതേ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും.’ രഞ്ജിത് പറഞ്ഞു.  ചിത്രത്തിന്റെ നിർമാതാവായ ജോബി ജോര്‍ജ് വൻതുകയ്ക്കാണ് സിനിമ കൈമാറിയത്.