kunnamkulam-unknown

‘വീടിനു പുറകില്‍ പുറത്തായി മൂത്രമൊഴിക്കാന്‍ നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത് വിജനമായ പറമ്പില്‍ അകലെ നിന്ന് ആരോ നടന്നു വരുന്നതു കണ്ടു. പെട്ടെന്ന് അടുത്ത് എത്തി. പേടിപ്പെടുത്തുന്നത് എന്തോ മുഖത്ത്. മനുഷ്യനാണോയെന്ന് ചോദിച്ചാല്‍ വ്യക്തമല്ല. ഈ കാഴ്ച കണ്ടതും ബോധം കെട്ടുവീണു...’ കുന്നംകുളം സ്വദേശിയായ മോഹനന്റെ വാക്കുകളാണിത്. ‘നിറയെ മരങ്ങളുള്ള പറമ്പ്. പ്രധാനപ്പെട്ട റോഡിനോടു ചേര്‍ന്നുതന്നെയാണ് ഈ പറമ്പ്. അജ്ഞാത രൂപത്തെ കണ്ടുവെന്ന ബഹളം കേട്ട് യുവാക്കള്‍ പരക്കംപായുകയാണ്. ഇതു കേട്ടാണ് മെയിന്‍ റോഡിലേക്ക് എത്തിയത്. പറമ്പില്‍ നിന്ന് പച്ചവെളിച്ചം. പിന്നാലെ, തുരുതുരാ കല്ലേറ്. തൊട്ടടുത്ത വീടുകളിലേക്കും കല്ലുകളെത്തി.’ 

 

കുന്നംകുളം സ്വദേശിയായ സാബുവിന്റെ വാക്കുകളില്‍ ഇപ്പോഴും ഭയമുണ്ട്. സ്വകാര്യ ആശുപത്രിയിലെ മൂന്നു സെക്യൂരിറ്റി ജീവനക്കാരും കണ്ടു ഈ അജ്ഞാത രൂപത്തെ. മരത്തിനു മുകളില്‍ നിന്ന് എന്തോ ഊഴ്ന്നിറങ്ങുന്നതായാണ് സുരക്ഷാ ജീവനക്കാര്‍ കണ്ടത്. ഗാനരചയിതാവ് ഹരിനാരായണന്‍റെ ബന്ധുവീട്ടിലും ഈ അജ്ഞാത രൂപമെത്തി. വീടിനു പുറകിലേക്കിറങ്ങിയ സ്ത്രീയെ മാന്തി. നിലവിളിച്ചതോടെ ഓടിമറിഞ്ഞു. ക്വാറന്‍റൈന്‍ കാലത്തെ തസ്ക്കരന്‍മാരാണിതെന്ന രീതിയില്‍ ഹരിനാരായണന്‍ കവിതയും എഴുതി. 

 

ചിലര്‍ പറയുന്നു ഇങ്ങനെ അജ്ഞാത രൂപം വരുന്നതിന് മുമ്പ് സ്പോര്‍ട്സ് ബൈക്കുകളുടെ ശബ്ദം കേട്ടെന്ന്. കൈകാണിച്ചാലും ഇത്തരം ബൈക്കുകള്‍ നിര്‍ത്തുന്നില്ല. കുന്നംകുളം സ്വദേശി കമറുദ്ദീന്‍ ഈ ബൈക്കുകള്‍ നേരില്‍ കണ്ടതായി പറയുന്നു. രാത്രി പതിനൊന്നിനും പുലര്‍ച്ചെ മൂന്നിനും മധ്യേയാണ് ഈ അജ്ഞാതരൂപം കുന്നംകുളത്തിന്റെ ഉറക്കംകെടുത്തിയത്. ഉള്‍ഗ്രാമങ്ങളിലാണ് ഇതെല്ലാം സംഭവിക്കുന്നത്. സിസിടിവി കാമറകള്‍ തീരെയില്ലാത്ത ഗ്രാമങ്ങളില്‍. രാത്രിയായതിനാല്‍ മൊബൈല്‍ ഫോണിലും ഇതൊന്നും കിട്ടുന്നുമില്ല. നാടിന്റെ നാനാഭാഗത്തു നിന്ന് പരാതി ലഭിച്ചതോടെ പൊലീസിനും ഉറക്കം നഷ്ടപ്പെട്ടു. വിവിധ സംഘങ്ങളായി തിരി‍ഞ്ഞ് അന്വേഷണം നടത്തി. 

 

ഇതിനിടെ, സംശയാസ്പദമായ സാഹചര്യത്തില്‍ അഞ്ചു യുവാക്കളെ പലഭാഗത്തു നിന്നായി പിടികൂടി. പക്ഷേ, ഇവരെല്ലാം സുഹൃത്തുക്കളെ കാണാന്‍ ഇറങ്ങിയവരാണ്. അജ്ഞാത രൂപത്തെ കണ്ടതായി വീടുകളില്‍ നിന്ന് നിലവിളി ഉയരുമ്പോള്‍ യുവാക്കള്‍ സംഘടിച്ച് ഇറങ്ങുകയാണ്. അജ്ഞാത രൂപത്തിന്റെ പര്യടനം തുടങ്ങിയ ശേഷം കുന്നംകുളം മേഖലയില്‍ സാമൂഹിക അകലം പാലിക്കലെല്ലാം മറന്നു. അഞ്ഞൂറു പേരു വരെ സംഘടിച്ച് നാട്ടില്‍ റോന്തു ചുറ്റുകയാണ്. ഇനി, ഏതെങ്കിലും ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും നടത്തുന്ന പ്രച്ഛന്നവേഷമാണോയെന്നാണ് പൊലീസിന്റെ സംശയം. എവിടെയും മോഷണം നടന്നിട്ടില്ല. ആരേയും ഉപദ്രവിച്ചിട്ടില്ല. കാമറയില്‍ ദൃശ്യങ്ങളുമില്ല. അതുകൊണ്ടുതന്നെ, പൊലീസിന് ഇനിയും വിശ്വാസം വന്നിട്ടില്ല. എന്നിരുന്നാലും, നാട്ടുകാരുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ ഇരുപതംഗ സംഘം കുന്നംകുളം എ.സി.പി: ടി.എസ്.സിനോജ് നിയോഗിച്ചിട്ടുണ്ട്. നാട്ടുകാരും പൊലീസും പറയുന്നതിന്റെ വിഡിയോ കാണാം.