വൈദ്യുതാഘാതമേറ്റ് പിടഞ്ഞ അമ്മയും മുത്തശിയും ഉള്‍പ്പെടെ നാലു പേരെ എട്ടാം ക്ലാസുകാരന്‍ രക്ഷപ്പെടുത്തി. ചക്ക പറിക്കുന്നതിനിടെ തോട്ടി വൈദ്യുത ലൈനില്‍ തട്ടിയായിരുന്നു അപകടം. വീട്ടുമുറ്റത്തുണ്ടായിരുന്ന ടൈലുകൊണ്ട് തോട്ടിയില്‍ ആഞ്ഞടിച്ചതോടെ നാലു പേരും രക്ഷപ്പെടുകയായിരുന്നു.
തൃശൂര്‍ പുത്തന്‍പീടിക സ്വദേശി അദ്വൈത് റെഗീഷാണ് നാലു പേരുടെ ജീവന്‍ രക്ഷപ്പെടുത്തിയത്. വീട്ടുമുറ്റത്തെ പ്ലാവില്‍ തോട്ടി ഉപയോഗിച്ച് ചക്കയിടുകയായിരുന്ന അമ്മ ധന്യയ്ക്കാണ് ആദ്യ വൈദ്യുതാഘാതമേറ്റത്. ധന്യ പിടയുന്നത് കണ്ട് അമ്മ ലളിതയും മകളെ വാരിപ്പുണര്‍ന്നു. മൂത്തമകള്‍ ശുഭയും അയല്‍വാസി റോസിയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കെല്ലാം വൈദ്യുതാഘാതമേറ്റു. ഇവരെല്ലാം പിടയുന്നതു കണ്ടെത്തി മകന്‍ അദ്വൈത് ഉടനെ വീട്ടുമുറ്റത്തുണ്ടായിരുന്ന ടൈല്‍ കഷണമെടുത്ത് തോട്ടിയില്‍ ആഞ്ഞടിച്ചു. വൈദ്യുതി ലൈനില്‍ നിന്ന് തോട്ടി വിട്ടതോടെ നാലു പേരും രക്ഷപ്പെട്ടു. നാലുപേരുടെ ജീവന്‍ രക്ഷിച്ച അദ്വൈത് താരമാണ് നാട്ടില്‍ ഇപ്പോള്‍.