സുശാന്ത് സിങ് രാജ്പുത് എന്തിന് ആത്മഹത്യ ചെയ്തു എന്ന ചോദ്യം ഉത്തരമില്ലാതെ തുടരുകയാണ്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഒരുനിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ച് സുശാന്ത് സിങ് മടങ്ങിയത് വിശ്വസിക്കാനായിട്ടില്ല ആരാധകർക്ക്. വെറും മുപ്പത്തി നാല് വയസിനുള്ളിൽ ഏകദേശം 59 കോടിയുടെ ആസ്തി അദ്ദേഹം നേടിയെടുത്തിരുന്നു.
2018 ൽ സുശാന്ത് ചന്ദ്രനിൽ സ്ഥലം വാങ്ങിയത് വലിയ ചർച്ചയായിരുന്നു. ചന്ദ്രനിൽ സ്ഥലം വാങ്ങുന്ന ഒരേഒരു ഇന്ത്യൻ നടനും സുശാന്ത് ആണ്. ചന്ദ്രനിലെ ‘സീ ഓഫ് മസ്കോവി’ എന്ന സ്ഥലം രാജ്യാന്തര ലൂണാർ ലാൻഡ്സ് ഓഫ് റജിസ്ട്രിയിൽ നിന്നാണ് അദ്ദേഹം വാങ്ങിയത്. ആകാശങ്ങൾക്കപ്പുറമുള്ള കാഴ്ചകൾ കാണുന്നതിനായി തന്റെ ഫ്ലാറ്റിൽ അദ്ദേഹം വില കൂടിയ ആഢംബര ടെലിസ്കോപ്പും സ്ഥാപിച്ചിരുന്നു. (ചന്ദ്രനിലെ സ്ഥലം വിൽപ്പനയും വാങ്ങലുമൊക്കെ ഇപ്പോഴും വിവാദത്തിലാണ്. ഭൂമിക്കപ്പുറമുള്ള പ്രോപ്പർട്ടികളുടെ അവകാശം മാനവലോകത്തിന് മുഴുവനുമാണ് ,ഒരു രാജ്യത്തിനുമാത്രമായുള്ളതല്ല എന്നതാണ് നിയമം.)
ബീഹാർ സ്വദേശിയായ രാജ്പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് സിനിമയിലെത്തുന്നത്. സീരിയലിലൂടെ സിനിമയിലെത്തിയ സുശാന്തിന്റെ വളർച്ച പെട്ടന്നായിരുന്നു. 12 ചിത്രങ്ങൾ അഭിനയിച്ചതിൽ ക്രിക്കറ്റർ ധോണിയുടെ ബയോപിക്ക് ആയ എം.എസ് ധോണി: അൺടോൾഡ് സ്റ്റോറി ( M S Dhoni : Untold Story ) യിലെ അഭിനയം അദ്ദേഹത്തെ മുൻനിരനായകന്മാരുടെ ശ്രേണിയിൽ എത്തിച്ചു. പഠനത്തിലും അഗ്രഗണ്യനായിരുന്ന അദ്ദേഹം 2003 ൽ ഡൽഹി കോളജ് ഓഫ് എൻജിനീയറിങിലെ എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്കുകാരനായിരുന്നു.
ആദ്യകാലത്ത് ബാക്ക് ഡാൻസറായി അഭിനയിച്ചിരുന്നപ്പോൾ കിട്ടിയ പ്രതിഫലം വെറും 250 രൂപയായിരുന്നു. അക്കാലത്ത് 6 പേർക്കൊപ്പം ഒരു ചെറിയ മുറിയിലാണദ്ദേഹം കഴിഞ്ഞിരുന്നത്.അന്നൊക്കെ മോഡലിങും ചെയ്യുമായിരുന്നു. 2008 ലാണ് ടി.വി സീരിയലിൽ അഭിനയിക്കുന്നത്.പിന്നെ 2013 ൽ ആദ്യസിനിമ. ബാന്ദ്രയിലെ ഫ്ലാറ്റ് കൂടാതെ അദ്ദേഹം പാലി ഹില്ലിൽ 20 കോടി രൂപയ്ക്ക് ഒരു ബംഗ്ളാവും വാങ്ങിയിട്ടുണ്ട്. അവസാനകാലത്ത് 5 മുതൽ 7 കോടി രൂപ അദ്ദേഹം വാങ്ങിയിരുന്നു.