army-bridge

ജെസിബി കയറ്റിയെത്തിയ ലോറി കയറിയതോടെ തകർന്ന ബെയ്‍ലി പാലം അഞ്ചുദിവസം കൊണ്ട് സൈന്യം പുനർനിർമിച്ചു.  ഇന്ത്യ–ചൈന അതിർത്തിയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ ഉത്തരാഖണ്ഡിലാണ് സൈന്യം പണിത ബെയ്‍ലി പാലം ജൂൺ 22നാണ് തകർന്നു വീണത്. അമിതഭാരവുമായി എത്തിയ ലോറിയാണ് അപകടത്തിന് കാരണമായത്. ഇതിന് പിന്നാലെ ബോർഡർ റോഡ് ഓർഗനൈസേഷൻ അതിവേഗം പാലം പുനർനിർമിച്ചു. 

2009 ൽ നിർമിച്ച പാലത്തിന് 18 ടൺ വരെ ഭാരം താങ്ങാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഏകദേശം 26 ടൺ ഭാരവുമായി വന്ന ലോറി പാലം കടക്കാൻ ശ്രമിച്ചപ്പോഴാണ് തകർന്നു വീണത്. മുന്നറിയിപ്പ് വകവെയ്ക്കാതെ പാലത്തിലേക്ക് വാഹനം കയറ്റിയ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു.

മുൻകൂട്ടി നിർമിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചു എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുമുള്ള താൽക്കാലിക പാലമാണ് ബെയ്‍ലി പാലം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള പാലം ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ ശബരിമലയിലും പത്തനംതിട്ട റാന്നിയിലും ഇത്തരത്തിലുള്ള പാലം നിർമിച്ചിട്ടുണ്ട്.