പേര് മാറ്റുകയാണ് എന്നറിയിച്ച് നടൻ ആദിത്യൻ ജയൻ. യഥാർഥ പേരായ ജയൻ എസ്.എസ് എന്നായിരിക്കും ഇനി മുതൽ ഉപയോഗിക്കുക. സമൂഹമാധ്യമ അക്കൗണ്ടുകളിലെ പേരുകൾ ജയൻ എസ്.എസ് എന്നു മാറ്റിയിട്ടുണ്ട്. അഭിനയത്തിലേക്ക് മേഖലയിലേക്ക് വന്നപ്പോൾ സ്വീകരിച്ച പേരാണ് ആദിത്യനെന്നും അതുകൊണ്ട് ദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതുമാണ് മാറ്റത്തിനു കാരണമായി താരം പറയുന്നത്.
‘എന്റെ യഥാർഥ പേര് ജയൻ എസ് എന്നാണ്. ആയതിനാൽ അതേപേരിൽ തന്നെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അപ്ഡേറ്റ് ചെയ്യുന്നു’ – ആദിത്യന്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. അച്ഛനും അമ്മയും ഇട്ട പേരാണ് ജയൻ. അതിൽ മാറ്റം വരുത്തിയതോടെ സ്വസ്ഥത നഷ്ടപ്പെടുകയാണ് ഉണ്ടായത്. സഹാക്കാവുന്നതിനുമപ്പുറം കാര്യങ്ങൾ അനുഭവിച്ചതോടെയാണ് യഥാർഥ പേര് ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും കമന്റുകൾക്ക് മറുപടിയായി താരം കുറിച്ചു.
അനശ്വര നടൻ ജയന്റെ സഹോദരൻ സോമൻ നായരുടെ മകനാണ് ആദിത്യൻ. നടി അമ്പിളി ദേവിയുമായുള്ള ആദിത്യന്റെ വിവാഹം വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ ആദിത്യൻ പലപ്പോഴായി രംഗത്തെത്തുകയും ചെയ്തു. നടി ജീജ സുരേന്ദ്രന്‍ തന്റെ കുടുംബ ജീവിതത്തിൽ അനാവശ്യമായി ഇടപെടുന്ന ആരോപിച്ച് ആദിത്യൻ പങ്കുവച്ച കുറിപ്പും വാർത്താ പ്രാധാന്യം നേടി.