ദാഹിച്ചു വലഞ്ഞ കാക്ക കുടത്തിന്റെ അടിയിലുള്ള ഇത്തിരിവെള്ളം കുടിക്കാനായി കല്ലുകള്‍ പെറുക്കിയിട്ട കഥ നാം കേട്ടിട്ടുണ്ട്. ഇക്കഥയുടെ ഒരു പുനരാവിഷ്കാരം പോലെ മറ്റൊരു സംഭവം നടന്നിരിക്കുന്നു. കാക്കയ്ക്ക് പകരം ഇവിടെ തത്തയാണ്. കുടത്തിന് പകരം ഇളനീരും. ഇതിന്റെ വിഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കാണാനേറെ ഭംഗിയുള്ള തത്തയാണ് താരം. തെങ്ങില്‍ പറന്നെത്തി അതില്‍ നിന്നും ഒരു കരിക്ക് പറിച്ചെടുത്ത് മുകള്‍ ഭാഗം കൊത്തിയെടുത്ത് ഉള്ളിലെ വെള്ളം കുടിക്കുകയാണ് ഈ തത്ത. ഇതെല്ലാം ചെയ്യുന്നത് തത്തയുടെ കൊക്ക് കൊണ്ടാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കിട്ട മക്കാവു ഇനത്തില്‍പ്പെട്ട തത്തയുടെ ഇളനീര്‍ കുടിയാണ് വൈറലായി മാറിയത്. നിരവധി പേരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്.
ഇളനീര്‍ കുടിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത് എന്ന കുറിപ്പോടെയാണ് സുശാന്ത വീഡിയോ പങ്കിട്ടത്. ഒപ്പം ഇളനീര്‍ വെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ചും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. ഭക്ഷണ ശേഷം ഇളനീര്‍ കുടിക്കുന്നത് ദഹനം സുഗമമാക്കാനായി മികച്ചതാണെന്ന് പറയാറുണ്ട്. ശരീരവണ്ണം തടയുന്നു, ഇളനീര്‍ പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു'- എന്നും സുശാന്ത കുറിച്ചു.