manju-sarada-nair

‘അവള്‍ക്കൊരു ചതി പറ്റിയതാ, ആളുകളുടെ മനസ്സുതുരന്നുനോക്കാന്‍ പറ്റുമോ.....ദാമൂന്റെ...’

മുത്തശ്ശി വാക്കുകള്‍ മുഴുമിപ്പിക്കുംമുമ്പെ ഉമ്മറത്തെ മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടം ഭേദിച്ച് ഭാനു പ്രത്യക്ഷപ്പെട്ടു.

‘എല്ലാം വിളമ്പിക്കോ, കണ്ണില്‍ക്കണ്ടവരോടൊക്കെ..’

 

പെട്ടെന്ന് നിശബ്ദയാകുന്ന മുത്തശ്ശി. മങ്ങിയ വെളിച്ചത്തിലും മുത്തശ്ശിയുടെ മുഖത്തെ ഭാവമാറ്റം പ്രേക്ഷകന് കാണാം. 

saradanair

ലോഹിതദാസിന്റെ കന്മദം സിനിമയിലെ പ്രധാനരംഗങ്ങളിലൊന്ന് ഹൃദയത്തെ തൊട്ടുകടന്നുപോകുന്നു. മുത്തശിയായി എത്തിയ ശാരദ നായര്‍ ജീവിതത്തിലും നിശബ്ദയായിരിക്കുന്നു. അഭിനയിച്ച സിനിമകളുടെ എണ്ണം കൊണ്ടല്ല, അഭിനയത്തിന്റെ കരുത്തുകൊണ്ടാണ് ആ മുത്തശ്ശി സിനിമാപ്രേമികളുടെ മനസ്സുനിറയ്ക്കുന്നത്. കൊല്ലന്റെ ആലയില്‍ ജീവിതത്തിന്റെ അലകും പിടിയും തീര്‍ക്കാനിറങ്ങിയ ഭാനുവിന് കൂട്ടായിനിന്ന മുത്തശ്ശി. വാക്കുകള്‍കൊണ്ട് ഊര്‍ജം പകര്‍ന്ന കഥാപാത്രം. മഞ്ജു വാരിയരുടെ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രം ഭാനു പിറന്നുവീണത് മുത്തശ്ശിയുടെ കണ്‍മുന്നിലായിരുന്നു. മഞ്ജു ഓര്‍ക്കുകയാണ് നരച്ച മുടിയുള്ള, നെറ്റിയില്‍ ചന്ദനക്കുറിയുള്ള, കഴുത്തില്‍ കറുത്ത ചരടുമാലയിട്ട മുത്തശ്ശിയെ. പ്രിയപ്പെട്ട ശാരദ നായരെ.

‘കന്മദം സമ്മാനിച്ച നല്ല ഓര്‍മകളില്‍ ഇപ്പോഴും ചിരിക്കുന്നുണ്ട് മുത്തശ്ശി. ആദ്യം കാണുന്നത് ലൊക്കേഷനില്‍വച്ചുതന്നെയാണ്. പല്ലില്ലാതെ നിറഞ്ഞുചിരിക്കുന്ന മുഖം. ആദ്യമായിട്ട് അഭിനയിക്കുന്നതാണെന്ന് തോന്നില്ല. ഇടവേളയില്‍ സംസാരിച്ചപ്പോള്‍ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. മലയാളത്തിലും ഇംഗ്ലീഷിലുമൊക്കെ നല്ല പ്രാവീണ്യം. അഭിനയിക്കാന്‍ വല്യ ഇഷ്ടമാണെന്ന് പറയുമായിരുന്നു. കന്മദത്തിലെ പ്രധാനപ്പെട്ട കഥാപാത്രമാണ് മുത്തശ്ശി. ലോഹി സാറിന്റെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന സംഭാഷണങ്ങളിലൂടെയും മുഹൂര്‍ത്തങ്ങളിലൂടെയും കടന്നുപോകുന്ന വേഷം. വൈകാരികമായ ഒട്ടേറെ രംഗങ്ങളുണ്ട്. അഭിനയത്തെകുറിച്ച് എല്ലാവരോടും സംശയം ചോദിക്കുമായിരുന്നു. ആത്മാര്‍പ്പണം ലോഹി സാറിന്റെയും ഇഷ്ടത്തിന് കാരണമായിട്ടുണ്ടാകാം. പ്രതീക്ഷിച്ചതുപോലെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ 'പുതുമുഖം' പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനംനേടി.’

അസ്തമയസൂര്യനെ മറച്ചുകൊണ്ട് ഒരു സന്ധ്യയ്ക്കാണ് മുത്തശ്ശിയുടെ ജീവിതത്തിലേക്ക് ദാമുവിന്റെ കൂട്ടുകാരനായി വിശ്വനാഥന്‍ പ്രത്യക്ഷപ്പെടുന്നത്. ഒരുവേള അയാള്‍ മുത്തശ്ശിയോട് ചോദിച്ചു... ‘മുത്തശ്ശിക്കെന്നെ ശരിക്കും ഇഷ്ടാണോ. ദാമൂനോടുള്ള ഇഷ്ടത്തിന്റെ ഒരിത്തിരി എങ്കിലും... ?’ പൊട്ടിച്ചിരിച്ചു മുത്തശ്ശി, വിശ്വനാഥനെ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അവര്‍ പറയുന്നുണ്ട്,  'ഈ തടിയുടെ വമ്പത്തരമൊക്കെയുള്ളൂ. ശരിക്കും കൊച്ചുകുട്ടിയെപ്പോലെയാ....'- മുത്തശ്ശി കുട്ടിയെപ്പോലെ ചിരിച്ചുകൊണ്ടേയിരുന്നു.

 

‘സ്നേഹമായിരുന്നു എല്ലാവരോടും. കന്മദത്തിന്റെ ചിത്രീകരണം കഴിഞ്ഞ് പിരിഞ്ഞശേഷം പിന്നെ കാണാന്‍ അവസരം കിട്ടിയില്ല. അഭിനയത്തോട് ഇഷ്ടമുണ്ടായിരുന്നിട്ടും എന്തുകൊണ്ട് പിന്നീട് കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചില്ല എന്ന് ഇപ്പോള്‍ ആലോചിച്ചുപോവുകയാണ്. ഇടയ്ക്ക് ഓര്‍ക്കുമായിരുന്നു. പക്ഷേ....’– മഞ്ജു വാരിയര്‍ ഒരുനിമിഷം നിശബ്ദയാകുന്നു. മുത്തശ്ശിയോട് എന്നും 'വേണ്ടാത്ത വര്‍ത്തമാനം' പറഞ്ഞ നിഷേധിയായ ഭാനുവിന് മുത്തശ്ശിയെ നഷ്ടമായിരിക്കുന്നു.

 

പരിയാനമ്പറ്റക്കാവിലെ ആറാട്ടിന് പ്രിയതമനെ കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ചോര്‍ത്ത് നാണിക്കുന്ന, മകന്റെ കൂട്ടുകാരന്‍ സമ്മാനിച്ച പുതപ്പ് നെഞ്ചോടുചേര്‍ത്ത് വിങ്ങിപ്പൊട്ടുന്ന, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടില്‍ സന്തോഷിക്കുന്ന മുത്തശ്ശി... ശാരദ നായര്‍ കടന്നുപോകുന്നത് ഇരുപത്തിരണ്ടുവര്‍ഷത്തെ ഒരൊറ്റ കന്മദത്തിന്റെ നീറ്റലോടെയാണ്.