nedumkunnam-well

നെടുംകുന്നം: ഭൂമിക്കടിയിൽ നിന്നും തുടർച്ചയായി മുഴക്കമുണ്ടായ നെടുംകുന്നത്ത് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പരിശോധന നടത്തി. ജില്ലാ ജിയോളജിസ്റ്റ് ഡോ.ബി.അജയകുമാർ മുഴക്കം കൂടുതലായി അനുഭവപ്പെട്ട മേഖലകളിലെ ആളുകളുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു. 

 

കിണറുകളിലും മറ്റും വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. 3 ദിവസത്തിനുള്ളിൽ 2 തവണയാണ് നെടുംകുന്നത്ത് ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്പനം ഉണ്ടായത്. ഇത് സംബന്ധിച്ച് മലയാള മനോരമ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

 

കലക്ടറുടെ നിർദേശ പ്രകാരമാണ് മൈനിങ് ആൻഡ് ജിയോളജിസ്റ്റ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രകമ്പനം കൂടുതൽ അനുഭവപ്പെട്ട പാറയ്ക്കൽ ഭാഗത്ത് പരിശോധന നടത്തിയത്. കൊഴുങ്ങാലൂർ ചിറ, പാറയ്ക്കൽ, മാനങ്ങാടി, ചേലക്കൊമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലും കിണറുകളിലും സംഘം പരിശോധന നടത്തി. 

 

പ്രദേശത്തെ ചില കിണറുകളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതായും കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് 6.15നും ചൊവ്വാഴ്ച രാവിലെ 8.42നും ഭൂചലനത്തിനു സമാനമായ ശബ്ദം ചില കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടിരുന്നു. ഒരാഴ്ച മുൻപ് രാത്രി 8.30നും ഭൂമിക്കടിയിൽ നിന്നും മുഴക്കം കേട്ടിരുന്നു. വിശദമായ റിപ്പോർട്ട് അടുത്ത ദിവസം കലക്ടർക്ക് സമർപ്പിക്കുമെന്ന് ജിയോളജിസ്റ്റ് ഡോ.ബി.അജയകുമാർ അറിയിച്ചു. നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് രവി.വി.സോമൻ, വില്ലേജ് ഓഫിസർ സി.മനോജ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.