kiyotaki-tunnel-japan-pic

ജപ്പാനിലെ കിയോട്ടാക്കി തുരങ്കം തേടി പാരാനോർമൽ അനുഭവങ്ങൾ അന്വേഷിക്കുന്നവർ എത്താറുണ്ട്. കഥകളിലും അനുഭവങ്ങളിലും ലോകമെങ്ങും ചർച്ചയാണ് ഈ തുരങ്കം. ഭീതി സമ്മാനിക്കുന്ന പാത. അത്രയേറെ പ്രേതാനുഭവങ്ങളാണ് ഈ തുരങ്കവുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രചരിക്കുന്നത്.ജപ്പാനിലെ വടക്കൻ അറഷിമ പ്രദേശത്തെ സാഗാകിയോട്ടാക്കി പട്ടണവുമായി ബന്ധിപ്പിക്കുന്നതാണ് ഈ തുരങ്കം. 

1927–28ലാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. അറ്റഗോയാമ റെയിൽവേ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ആദ്യം ഈ തുരങ്കം നിർമിക്കുന്നത്. നീളം ഏകദേശം 500 മീറ്റർ വരും. 1940കൾ വരെ തുരങ്കം ഏറെ സജീവമായിരുന്നു. അതിനിടെയാണു പ്രശ്നങ്ങളുടെ തുടക്കം. തുരങ്കത്തിൽ കയറുന്ന പലർക്കും ശ്വാസംമുട്ടലും ഛർദിയും തലവേദനയുമൊക്കെ അനുഭവപ്പെടാൻ തുടങ്ങി. ആരംഭത്തിൽ കരുതിയത് അത് തുരങ്കത്തിൽ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തതിനാലാണെന്നാണ്. എന്നാൽ പതിയെപ്പതിയെ തുരങ്കത്തിൽ അപകടങ്ങൾ തുടർക്കഥയായി. ഒട്ടേറെ പേർ മരിച്ചു. 

ചുറ്റിലും വനപ്രദേശമായതിനാൽ ഒട്ടേറെ ആത്മഹത്യകളും തുരങ്കത്തിന്റെ പരിസരത്തു നടന്നു. വാഹനങ്ങൾക്കു മുൻപിലേക്കു ചാടി വരെ പലരും മരിച്ചു. തുരങ്കത്തിലേക്കു പ്രവേശിക്കുമ്പോൾ അപ്രതീക്ഷിതമായി ട്രാഫിക് ലൈറ്റ് മാറുന്നതും തുടർക്കഥയായി. അതിവേഗത്തിലെത്തുന്ന വാഹനങ്ങൾ പെട്ടെന്നുള്ള സിഗ്നൽ മാറ്റം കണ്ട് ബ്രേക്കിടുകയോ വണ്ടി വെട്ടിക്കുകയോ ചെയ്യുന്നതോടെ അപകടം പതിവുമായി. അതിനിടെ പലരും തുരങ്കത്തിനകത്ത് വെളുത്ത വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയെ കാണാൻ തുടങ്ങി. രാത്രിയിൽ തുരങ്കം വഴി പോയാൽ ആരൊക്കെയോ കരയുന്നതും നിലവിളിക്കുന്നതും കേൾക്കാം. അങ്ങനെയാണ് തുരങ്കത്തിന്റെ ചരിത്രം ചിലർ അന്വേഷിച്ചത്. 

ജോലിക്ക് കൂലി നല്‍കാതെ അടിമകളെപ്പോലെ ഒട്ടേറെപ്പേരെക്കൊണ്ട് പണിയെടുപ്പിച്ച് നിർമിച്ചതാണത്രേ കിയോട്ടാക്കി തുരങ്കം. അക്കാലത്ത് റെയിൽവേ ടണലുകൾ നിർമിക്കുന്നത് ഏറെ അപകടം പിടിച്ച പണിയായിരുന്നു. ഒട്ടേറെ പേരാണ് നിർമാണത്തിനിടെ മറ്റും പാറയും ഇടിഞ്ഞുവീണുള്ള അപകടങ്ങളിൽ ഉൾപ്പെടെ പെട്ടു മരിച്ചത്. അവരുടെ ആത്മാക്കൾ തുരങ്കത്തിൽ ഇന്നും കഴിയുന്നുണ്ടെന്നാണ് ജപ്പാൻകാരുടെ വിശ്വാസം.  കാറിന്റെ ബോണറ്റിൽ തുരങ്കത്തിൽനിന്നിറങ്ങുമ്പോൾ അസാധാരണമായ കൈപ്പത്തി അടയാളങ്ങൾ പതിഞ്ഞതായും കണ്ടെത്തി. 

ചില നേരങ്ങളിൽ പ്രേതങ്ങൾ വാഹനങ്ങൾക്കൊപ്പം ഓടുന്നതു പോലെയും പലര്‍ക്കും തോന്നിത്തുടങ്ങി. ഭയത്തിൽ തുരങ്കത്തിലൂടെ വാഹനമോടിക്കുമ്പോൾ പെട്ടെന്ന് ആരോ മുന്നിലേക്കു ചാടുന്നതു പോലെത്തോന്നും. കാർ വെട്ടിക്കുന്നതോടെ അപകടത്തിൽപ്പെടുകയും ചെയ്യും. ഇത്തരം സംഭവങ്ങളും തുരങ്കത്തിൽ സാധാരണമായി. 

ദുരൂഹമായ ഇത്തരം സംഭവങ്ങൾ ഇവിടെ കൂടിയതോടെ പാരാനോർമൽ അനുഭവങ്ങൾ അന്വേഷിക്കുന്നവരുടെ പ്രധാന താവളമായും ഇവിടം മാറി. റെയിൽവേയുടെ ഭാഗമായിരുന്ന തുരങ്കം പിന്നീട് ജപ്പാനിലെ റോഡ് സംവിധാനത്തിന്റെ ഭാഗമാക്കി. അട്ടാഗോ–ജിൻജ എന്ന പ്രശസ്ത ആരാധനാ കേന്ദ്രത്തിലേക്കു പോകുന്നതിനുള്ള പ്രധാന വഴി കൂടിയാണിത്. പക്ഷേ ഇപ്പോഴും രാത്രിയിൽ കിയോട്ടാക്കി തുരങ്കത്തിലൂടെ പോകാൻ അധികൃതർ പാതിമനസ്സോടെയാണു സമ്മതം നൽകാറുള്ളത്.