japan-life

തന്റെ സംഗീത ട്രൂപ്പിന്റെ വിജയത്തില്‍ ശ്രദ്ധിക്കാനായി ഹൈസ്‌കൂളില്‍ വച്ചു പഠിപ്പു നിർത്തിയ കുട്ടിയെ 17-ാം വയസില്‍ മാതാപിതാക്കള്‍ വീട്ടില്‍ നിന്നു പുറത്താക്കുന്നു. വിറച്ചു മരിച്ചുപോകുമോ എന്നു പേടിച്ച് ടോക്കിയോയിലെ തെരുവില്‍ അവന്‍ രണ്ടു ശൈത്യകാലം മുഴുവന്‍ കഴിച്ചുകൂട്ടി. കോച്ചുന്ന തണുപ്പില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ആയിരുന്നു അവന് ജീവന്‍ നിലനിര്‍ത്താന്‍ സഹായകമായത്. പകല്‍ പാട്ടു പാടും. രാത്രിയിലെ കൊടും തണുപ്പില്‍ തെരുവില്‍ കിടക്കും. 

മാതാപിതാക്കള്‍ക്ക് അവന്‍ യൂണിവേഴ്‌സിറ്റിയില്‍ പോയി പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ തനിക്ക് ഇഷ്ടപ്പെട്ടതു ചെയ്യാനേ ഉദ്ദേശമുള്ളു എന്നു തീര്‍ത്തു പറഞ്ഞപ്പോഴാണ് അവര്‍ അവനെ പുറത്താക്കിയത്. തിരിച്ചു വീട്ടിലേക്കില്ലെന്ന വാശിയിലായിരുന്നു തായിഹെയ് കൊബായാഷി (Taihei Kobayashi) എന്ന ബാലന്‍. തെരുവില്‍ അവന്‍ നിരവധി പേരുമായി സന്ധിച്ചു. അതിന്റെയല്ലാം ഫലമായി അവന്റെ ഭാഗ്യം മാറിമറിഞ്ഞു. അങ്ങനെ അവന്‍ ഒരു സോഫ്റ്റ്‌വെയര്‍ എൻജിനീയറായി ജോലിയില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് 2012ല്‍ സണ്‍ ആസ്‌ട്രെറിസ്‌ക് (എഴുതുന്നത് Sun* Inc.) എന്ന കമ്പനി സ്ഥാപിച്ചവരുടെ കൂട്ടത്തില്‍ ഒരാളായി തീരുകയായിരുന്നു തായിഹെയ്. ഇന്ന് അദ്ദേഹം അതിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ്. ഈ കമ്പനിയുടെ ആസ്തി ഇപ്പോൾ 100 കോടി ഡോളറിന് (ഏകദേശം 7355.75 കോടി രൂപ) മുകളിലാണ്.

തായ്‌ഹെയ്‌യുടെ 19-ാം വയസില്‍ ഒരു ലൈവ് മ്യൂസിക് ക്ലബിന്റെ മാനേജര്‍ക്ക് യുവാവിന്റെ അവസ്ഥകണ്ട് മനസ്സലിഞ്ഞ് അവനെ തന്റെ ക്ലബിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആറു വര്‍ഷക്കാലത്തോളം അവിടെയായിരുന്നു. എന്നാല്‍, ആ കാലഘട്ടത്തിനു ശേഷം തനിക്ക് അവിടെ നിന്നിറങ്ങണമെന്ന് തോന്നി. തുടര്‍ന്ന് തന്റെ മ്യൂസിക് റെക്കോഡുകള്‍ ഓണ്‍ലൈനില്‍ വിറ്റ് കുറച്ചു പണം സമ്പാദിക്കുകയായിരുന്നു തായ്‌ഹെയ് ആദ്യം ചെയ്തത്. അതിനു ശേഷം എന്തെങ്കിലും യോഗ്യതയോ പ്രവൃത്തി പരിചയമോ വേണ്ടാത്ത ഒരു ജോലിയുടെ പരസ്യം അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടു. ഒരു ടെസ്റ്റ് എഴുതിയാല്‍ മതിയെന്നായിരുന്നു പരസ്യത്തിൽ പറഞ്ഞത്. ആറു മണിക്കൂര്‍ നീണ്ട ടെസ്റ്റില്‍ ഗണിതശാസ്ത്രത്തിലെ കഴിവും, തര്‍ക്കശാസ്ത്രത്തിലെ കഴിവും, ഐക്യുവുമായിരുന്നു പരീക്ഷിക്കപ്പെട്ടത്. അവിടെ ജോലിക്കു കയറിയ തായ്‌ഹെയ്ക്ക് അവര്‍ സോഫ്റ്റ്‌വെയര്‍ പരിശീലനം നല്‍കുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഒരു സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ ആകുന്നത്.