karnataka-wedding

വിവാഹദിനം വധുവിനെയും വീട്ടുകാരെയും വഞ്ചിച്ച് കാമുകിക്ക് ഒപ്പം പോയി യുവാവ്. വിവരം അറിഞ്ഞ് തളർന്നുപോയ പെൺകുട്ടിക്ക് ജീവിതം നൽകി കല്യാണത്തിന് അതിഥിയായി എത്തിയ യുവാവ്. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് കർണാടകയിലെ ചിക്കമംഗളൂരുവിൽ നടന്നത്. സഹോദരൻമാരായ നവീനും അശോകിനും ഒരേ വേദിയിലായിരുന്നു വിവാഹം. ആഘോഷപൂർവം വിവാഹത്തിന് മുൻപുള്ള ദിവസത്തെ ചടങ്ങുകളും നടത്തിയിരുന്നു.

എന്നാൽ കല്യാണ ദിവസം വരനായ നവീനെ കാണാതായി. വീട്ടുകാരും സുഹൃത്തുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് നവീൻ കാമുകിക്കൊപ്പം പോയി എന്ന വിവരം അറിയുന്നത്. തന്നെ ഉപേക്ഷിച്ചാൽ കല്യാണസമയത്ത് വേദിയിലെത്തി വിഷം കഴിക്കുമെന്ന് കാമുകി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് നവീൻ കാമുകിക്കൊപ്പം പോയത്. അതേ സമയം കല്യാണമണ്ഡപത്തിലെത്തിയ  പ്രതിശ്രുത വധു സിന്ധുവും കുടുംബവും നവീന്റെ ചതിയിൽ തളർന്നുപോയി. സഹോദരനായ അശോകിന്റെ വിവാഹം കൃത്യസമയത്ത് തന്നെ നടന്നു. 

എന്തുചെയ്യണം എന്ന് അറിയാതെ നിന്ന സിന്ധുവിന്റെ വീട്ടുകാരോട് സമ്മതമാണെങ്കിൽ ആ കുട്ടിയെ ഞാൻ വിവാഹം കഴിക്കാം എന്ന കല്യാണത്തിനെത്തിയ ചന്ദ്രപ്പ എന്ന യുവാവ് പറയുന്നത്. ബിഎംടിസിയിൽ കണ്ടക്ടർ ജോലിയാണ് തനിക്കെന്നും സിന്ധുവിനും വീട്ടുകാർക്കും എതിർപ്പില്ലെങ്കിൽ വിവാഹം കഴിക്കാമെന്നും യുവാവ് വ്യക്തമാക്കി. ഇതോടെ കണ്ണീർ മാറി ചിരി വന്നു. ഇരുവരുടെയും കല്യാണം അതേ പന്തലിൽ വച്ചുതന്നെ നടത്തി. കാമുക്കിക്കൊപ്പം പോയ നവീനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ബെംഗളൂരു മിറർ റിപ്പോർട്ട് ചെയ്യുന്നു.