snake-fight

ഇണയ്ക്കായി പോരാടുന്ന വിഷപ്പാമ്പുകളുടെ ദൃശ്യം കൗതുകമാകുന്നു. ഓസ്ട്രേലിയയിലെ മുറേ ഡാർലിങ് ബേസിനിലുള്ള സ്കോട്ടിയ വന്യജീവി സങ്കേതത്തില്‍ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. ഓസ്ട്രേലിയൻ വൈൽഡ്‌ലൈഫ് കൺസർവൻസിയാണ് ഈ ദൃശ്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

 

ഓസ്ട്രേലിയയിൽ ധാരാളമായി കാണപ്പെടുന്ന വിഷപ്പാമ്പുകളാണ് മുൾഗ പാമ്പുകൾ. വസന്തകാലത്തിന്റെ തുടക്കം ഇവയുടെ ഇണചേരൽ സമയമാണ്. ഈ സമയത്ത് ആൺ പാമ്പുകൾ തമ്മിലുള്ള പോരാട്ടം സാധാരണമാണ്. സമീപത്തുള്ള പെൺ പാമ്പുമായി ഇണചേരാനാണ് വാശിയേറിയ ഈ പോരാട്ടം നടക്കുന്നത്. പോരാട്ടത്തിൽ വിജയിക്കുന്ന ആൺ പാമ്പിന് മാത്രമേ പെൺ പാമ്പുമായി ഇണചേരാൻ കഴിയൂ. പരാജയപ്പെട്ട പാമ്പ് അതിർത്തി കടന്നു പോകണം. മിക്ക പാമ്പുകൾക്കിടയിലും ഈ പോരാട്ടം സാധാരണമാണ്.

 

ഒറ്റനോട്ടത്തിൽ ഇണചേരുകയാണെന്നു തോന്നുമെങ്കിലും ദൃശ്യത്തിലെ പാമ്പുകൾ തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ശരീരം ചുറ്റിപപ്പിണഞ്ഞ് പാമ്പുകൾ പാമ്പുകൾ പരസ്പരം കീഴ്പെടുത്താൻ ശ്രമിക്കുന്നത് കാണാം. ഏകദേശം ഒരുമണിക്കൂറോളം ഈ പോരാട്ടം നീണ്ടുനിന്നെന്ന് ദൃശ്യം പകർത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞയായ ടാലി മൊയ്‌ലെ വ്യക്തമാക്കി. ഇണയുടെ മേൽ ആധിപത്യം ഉറപ്പിക്കാനാണ് ഇവയുടെ പോരാട്ടം. പതിവുപോലെ ഇവിടെയും വിജയിച്ച പാമ്പ് ഒടുവിൽ ഇണയ്ക്കൊപ്പം ചേരുകയും പരാജിതൻ സ്ഥലം വിടുകയും ചെയ്തു.