ബ്രെയിൻ ട്യൂമർ ചികിത്സയെത്തുടർന്ന് കൊഴിഞ്ഞു പോയ മുടി വീണ്ടും വളരാൻ സഹായിച്ച എണ്ണ പരിചയപ്പെടുത്തി നടി ശരണ്യ. എണ്ണ തയാറാക്കുന്ന വിഡിയോ യുട്യൂബ് ചാനലിലൂടെയാണു താരം പങ്കുവച്ചത്. ചിറ്റമൃത്, പേരാലിന്റെ വേര്, ഒരിലത്താമര വേര് എന്നിവയാണ് ഈ എണ്ണ തയാറാക്കാൻ ആവശ്യമുള്ളത്. ശരണ്യയുടെ മുത്തശ്ശി വൈദ്യന്മാരോടു ചോദിച്ചാണ് ഈ കൂട്ട് മനസ്സിലാക്കിയതെന്ന് അമ്മ പറയുന്നു.
2012–20 കാലഘട്ടത്തിൽ തലയിൽമാത്രം ശരണ്യയ്ക്ക് 9 ശസ്ത്രക്രിയകളാണു നടത്തിയത്. 33 തവണ റേഡിയേഷനും ചെയ്തു. ഇതേത്തുടർന്ന് മുടി പൂർണമായി കൊഴിഞ്ഞു. വിഗ്ഗ്‌വെച്ചായിരുന്നു സീരിയലുകളിൽ അഭിനയിച്ചിരുന്നത്. മുടി വളരാനായി ഇക്കാലഘട്ടത്തിൽ പലതരം എണ്ണകൾ ഉപയോഗിച്ചെങ്കിലും ഫലം കിട്ടിയില്ല. പേരക്കുട്ടിക്ക് മുടിയില്ലെന്നു സങ്കടപ്പെട്ട മുത്തശ്ശിക്ക് നാട്ടു വൈദ്യന്മാരിൽ ആരോ ഈ എണ്ണക്കൂട്ട് പറഞ്ഞുകൊടുക്കുകയായിരുന്നു.
രോഗവും ചികിത്സ ചെലവും മൂലം പ്രതിസന്ധിയിലായ ശരണ്യ വരുമാനമാർഗം എന്ന നിലയിലാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. കാഴ്ചക്കാർ കുറവാണെന്നും പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ട് താരം വിഡിയോ ചെയ്തിരുന്നു. അമ്മയാണ് യുട്യൂബ് ചാനലിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നത്.