താമസവും യാത്രയും അടക്കം ഒരു ദിവസം മൂന്നാർ ചുറ്റിയടിക്കാൻ വെറും 300 രൂപ മാത്രം മതി എന്ന് പറഞ്ഞാൽ വിശ്വാസം വരാത്തവർക്ക് നേരെ മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് ചെല്ലാം. ഇതിനോടം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ഈ പുത്തൻ ആശയത്തിന് വൻ വരവേൽപ്പാണ് അവിടെ. പുലർച്ചെയുള്ള തണുപ്പ് ആസ്വദിച്ച് ടിക്കറ്റ് കിട്ടുമോ എന്ന ആശങ്കയോടെ നിൽക്കുന്ന യുവതയുടെ നീണ്ട നിരയാണ് അഞ്ചുമണി മുതലുള്ള കാഴ്ച. മൂന്നാറിൽ നിന്നുള്ള ആദ്യ ബസ് സർവീസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ സഞ്ചാരികൾ എത്തി ടിക്കറ്റിന് വരി നിൽക്കും. ഓൺലൈൻ ബുക്കിങ് ഇല്ലാത്തതിനെ പഴിക്കുന്നതും കേൾക്കാം. നവദമ്പതികൾ, കമിതാക്കൾ, ചങ്ക് കൂട്ടുകാർ, കുടുംബസമേതം.. അങ്ങനെ ബന്ധങ്ങളുടെ ചേർത്തുപിടിക്കലുകൾ പുലർച്ചയുള്ള തണുപ്പിനെ ചൂടാക്കുന്നു.
തിരുവനന്തപുരത്ത് നിന്ന് രാത്രി പുറപ്പെട്ട്, കൊല്ലം, ആലപ്പുഴ, എറാണാകുളം കടന്ന് മൂന്നാറിേലക്ക് പായുന്ന മിന്നൽ ബസിൽ കൂടുതലും ഈ യാത്ര ഉന്നമിട്ട് വരുന്ന സഞ്ചാരികളാണ്. വെളുപ്പിനെ അഞ്ചുമണിയോടെ മിന്നൽ മൂന്നാറിലെത്തും. അപ്പോൾ തന്നെ ടിക്കറ്റ് വിൽപ്പനയും ഉഷാറായി നടക്കുന്നുണ്ടാകും. രാവിലെ 9 മണിക്കാണ് സഞ്ചാരികളുമായി ബസ് പുറപ്പെടുക. 250 രൂപയാണ് ചാർജ്. വൈകിട്ട് 5 മണിക്ക് മൂന്നാർ ചുറ്റി വണ്ടി തിരിച്ച് സ്റ്റാൻഡിലെത്തും. ഒരു രാത്രി മൂന്നാറിൽ കഴിയണം എന്ന് ആഗ്രഹിക്കുന്നവരെ കാത്ത് സ്റ്റാൻഡിന്റെ മുന്നിൽ തലയെടുപ്പോടെ നാലു സ്ലീപ്പർ ബസുകൾ സജ്ജമാണ്. ഒരു ബസിൽ 16 കിടക്കകളാണ് ഉള്ളത്. ടിക്കറ്റ് നിരക്ക് വെറും 100 രൂപ. തലയിണയും പുതപ്പും വേണമെങ്കിൽ തുച്ഛമായ നിരക്ക് കൂടി നൽകണം. യാത്രയും സ്ലീപ്പറും ഒരുമിച്ച് എടുക്കുന്നവർക്ക് 300 രൂപ മാത്രം നൽകിയാൽ മതി.
ഓരോ പ്രദേശങ്ങളിൽ നിന്നും പ്രിയപ്പട്ടവരുമായി സ്വകാര്യ വാഹനത്തിലെത്തി. വാഹനം സ്റ്റാൻഡിൽ പാർക്ക് ചെയ്തശേഷം കെഎസ്ആർടിസി ബസിൽ സ്ഥലം കാണാൻ പോകുന്നവരെയും കാണാം. ഏകദേശം 86 കിലോമീറ്റർ ദൂരം ബസ് യാത്രക്കാരുമായി ചുറ്റിയടിക്കും. രണ്ട് ജീവനക്കാരാണ് ഒപ്പമുണ്ടാവുക. ടൂർ പാക്കേജ് പോലെ അത്രമാത്രം ഹൃദ്യമായി അവർ ഇടപെടുന്നു. യാത്ര കഴിയുമ്പോൾ അവരോട് നന്ദി പറയാതിരിക്കാൻ കഴിയില്ല. ഓരോ സ്ഥലത്തിന്റെ പ്രത്യേകതകളും അവിടെ ചെലവഴിക്കാൻ അനുവദിക്കുന്ന സമയവും അവർ കൃത്യമായി പറഞ്ഞുതരും. തിരികെ ആ സമയത്ത് വന്നില്ലെങ്കിൽ ഫോൺ വിളിച്ച് തിരക്കും. എല്ലാവരും കയറി എന്ന് ഉറപ്പാക്കിയ ശേഷമേ ബസ് പുറപ്പെടൂ. സ്കൂൾ ടൂർ കാലവും അന്ന് ഒപ്പം വരുന്ന അധ്യാപകരുടെ ഉത്തരവാദിത്തവും ഓർമവരും ആ ജീവനക്കാരെ കാണുമ്പോൾ.
രാവിലെ യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഉച്ചയ്ക്കുള്ള ആഹാരത്തിന്റെ കണക്കെടുക്കാൻ ഒരാൾ എത്തും. ഉൗണ്, ബിരിയാണി. മീൻകറി, മീൻ വറുത്തത്.. അങ്ങനെ ഇഷ്ടമുള്ളത് ബുക്ക് ചെയ്യാം. ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ബസ് എവിടെയാണോ അവിടെ എത്തും ഭക്ഷണം. അപ്പോൾ ബുക്ക് ചെയ്ത ഭക്ഷണത്തിന്റെ പണം നൽകിയാൽ മതിയാകും. ടാറ്റയുടെ റസ്റ്റോറൻഡിൽ നിന്നുള്ള ഭക്ഷണമാണ്. രുചിയും നിലവാരത്തിലും വിട്ടുവീഴ്ചയില്ലെന്ന് നാവ് െതാടുമ്പോൾ വ്യക്തമാകും.
ടീ മ്യൂസിയം, ടീ ഫാക്ടറി, ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപ്പെട്ടി ഡാം, ബൊട്ടാണിക്കൽ ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളിലേക്കാണ് ബസ് കടന്നുചെല്ലുക. ഞായറാഴ്ച ദിവസം മറയൂരും കാന്തല്ലൂരിലേക്കും ബസ് ചലിക്കും. ഓരോ പ്രദേശത്തിന്റേയും പ്രത്യേക പരിഗണിച്ച് ഒരുമണിക്കൂർ, അരമണിക്കൂർ എന്നിങ്ങനെ സമയം അനുവദിച്ചിട്ടുണ്ട്. ഇടയ്ക്ക് ചായ കുടിക്കാനും ശുചിമുറി സൗകര്യം ഉള്ളിടത്തും ബസ് നിർത്തും. അങ്ങനെ 86 കിലോമീറ്റർ, ഒരു പകൽ മൂന്നാർ ചുറ്റാം. സ്വകാര്യവാഹനത്തിൽ ഇതേ സ്ഥലങ്ങളിൽ എത്താനുള്ള ഇന്ധനചെലവ് ലാഭിക്കാം എന്നതും പ്രത്യേകതയാണ്. വൈകുന്നേരും അഞ്ചുമണിയോടെ ബസ് തിരിച്ച് സ്റ്റാൻഡിലെത്തും.
അന്ന് സ്ലീപ്പർ ടിക്കറ്റെടുത്തവർക്ക് അപ്പോൾ തന്നെ കിടക്കകൾ സജ്ജമായ ബസിൽ കയറാം. എസി ഉണ്ടെങ്കിലും മൂന്നാറിലെ തണുപ്പിൽ അതിന്റെ ആവശ്യമില്ല. എപ്പോഴും ശുദ്ധജലം ബസിൽ ഉറപ്പാക്കിയിട്ടുണ്ട്. ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനും വായിക്കാനുമുള്ള സൗകര്യവും. അപ്പർ, ലോവർ ബർത്തായിട്ടാണ് കിടക്കകൾ ഒരുക്കിയിരിക്കുന്നത്. കിടക്കയോട് ചേർന്ന് െമാബൈൽ ഫോൺ ചാർജ് ചെയ്യാനും ലഗേജ് സൂക്ഷിക്കാനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു ജീവനക്കാരൻ എപ്പോഴും വിളിപ്പാടകലെ ഉണ്ടാകും. സ്ത്രീകൾക്കും ധൈര്യമായി ഈ സൗകര്യം ഉപയോഗിക്കാം. പൂർണ സുരക്ഷ കെഎസ്ആർടിസി ഉറപ്പുവരുത്തുന്നുണ്ട്. സുരക്ഷാ ജീവനക്കാർ, സ്റ്റേഷൻ മാസ്റ്റർ എന്നിവർ എപ്പോഴും സ്റ്റാൻഡിന് അഭിമുഖമായി നിർത്തിയിട്ടിരിക്കുന്ന സ്ലീപ്പർ ബസുകൾക്ക് മുന്നിലുണ്ടാകും. കൃത്യമായി പരിപാലിക്കുന്ന വൃത്തിയുള്ള ശുചിമുറികളും സ്റ്റാൻഡിൽ സജ്ജമാണ്.
കുടുംബമായി പോക്കറ്റ് കീറാതെ ഒരു മൂന്നാർ യാത്ര എന്ന് ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. സീസണിൽ മാത്രമല്ല വളരെ ലാഭത്തിലുള്ള ഈ പാക്കേജ് ഇനി എന്നുമുണ്ടാകുമെന്ന് കെഎസ്ആർടിസി ഉറപ്പു പറയുന്നു. ദിനംപ്രതി ഇരുപതിനായിരത്തിലേറെ രൂപയുടെ വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നത്. വെറും 300 രൂപയ്ക്ക് മൂന്നാറിൽ ഒരു ദിവസം എന്നത് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറായ ബിജു പ്രഭാകര്‍ ഐ എ എസിന്റെ ആശയമാണ്. കട്ടപുറത്ത് ആകാതെ മെഗാ ഹിറ്റായി ഓടുകയാണ് ഈ ആശയം. തെലങ്കാന, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളും ഈ അവസരം ഉപയോഗിക്കുകയാണ്. പോക്കറ്റിൽ നോക്കി അഭിമാനത്തോടെ തിരികെ നാട്ടിലേക്ക് തിരിക്കാനുള്ള വണ്ടിയും മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ എപ്പോഴും തയാറാണ്.
കൃത്യമായ ആശയവും പ്ലാനിങ് ഉണ്ടെങ്കിൽ നഷ്ടത്തിലാണ് എന്ന സ്ഥിരം പല്ലവി ഒഴിവാക്കാമെന്ന് ചുരുക്കം. ഇതുപോലെ കട്ടപുറത്തായി പൊളിക്കേണ്ട ബസുകൾ പോലും വൻലാഭം നേടിത്തരുമ്പോൾ, കെഎസ്ആർടിസി മൊത്തത്തിൽ ഒന്നു പൊടിതട്ടി എടുത്താൽ കേരളത്തിന്റെ ഈ കൊമ്പനെ വെല്ലാൻ ഒരുത്തനും പറ്റില്ലല്ലോ എന്ന് ചിന്തിച്ചുപോകും മൂന്നാർ വിടുന്ന ഓരോ സഞ്ചാരിയും. അത്രത്തോളം ലാഭമാണ് ഈ യാത്ര. ഒപ്പം മികച്ച ആശയവും. നന്ദി ആനവണ്ടി.