kozhiyala-fish

വിഴിഞ്ഞം: അഞ്ചു വർഷത്തിനു ശേഷം വിഴിഞ്ഞം തുറമുഖത്ത് വീണ്ടും കൊഴിയാള ചാകര. ഇന്നലെ രാവിലെ തുടങ്ങിയ കൊഴിയാള ചാകരക്കൊയ്ത്ത് വൈകും വരെ നീണ്ടു. കരയിലെത്തിയത് ടൺ കണക്കിനു കൊഴിയാള മത്സ്യം. രാവിലെ എട്ടോടെയാണ് കൊഴിയാള ചാകര കോള് തെളിഞ്ഞു തുടങ്ങിയത്.

 

കരയിൽ നിന്ന് അധികം അകലെയല്ലാതെ വീശുന്ന തട്ടുമടി വലയിൽ ആണ് വലുപ്പം കുറഞ്ഞ കൊഴിയാള മീൻ കൂട്ടം പെട്ടത്. മത്സ്യം നിറഞ്ഞ ആദ്യ വള്ളം കരക്ക് എത്തിയപ്പോൾ കുട്ട ഒന്നിന് രണ്ടായിരം രൂപയായിരുന്നു വില. എന്നാൽ ഉച്ചയോടെ വില കുട്ട ഒന്നിന് 300 രൂപയിൽ എത്തി. 

 

കൊഴിയാള ചാകരക്കോള് കണ്ട് തട്ടുമടി വീശിയ മിക്ക വള്ളക്കാർക്കും മീൻ ലഭിച്ചതോടെ വള്ളങ്ങളിൽ ഇവ നിറഞ്ഞു കവിഞ്ഞു. കരയിൽ അണഞ്ഞ വള്ളങ്ങളിെല്ലാം കൊഴിയാളയുടെ വലിയ ശേഖരം കണ്ടതോടെ വാങ്ങാനായി തീരത്തേക്ക് ആളുകളുടെ ഒഴുക്കായി. എന്നാൽ വളരെ വേഗം ഒഴുക്കിനു വേഗം കുറഞ്ഞു.

 

മറ്റ് മത്സ്യങ്ങൾ ഒന്നും കിട്ടാതായതോടെ കൊഴിയാള മീനിന്റെ ആവശ്യം കുത്തനെ കുറഞ്ഞു. ഫിഷ്‌ ലാൻഡിൽ അണയാൻ സ്ഥലം തികയാതെ കൊഴിയാള മീനുമായി എത്തിയ വള്ളങ്ങൾ പഴയ വാർഫിലേക്കു നീങ്ങി. വൈകാതെ അവിടെ കൊഴിയാള മീനിന്റെ വലിയ ‘മല’ രൂപപ്പെട്ടു. 

 

വാങ്ങാൻ ആളു കുറഞ്ഞതോടെ കൊഴിയാള മീനിനെ കോഴി തീറ്റ നിർമാണത്തിനു കൊണ്ടു പോകാൻ തമിഴ്നാട്ടിൽ നിന്നടക്കം വാഹനങ്ങൾ എത്തി. ഭക്ഷ്യ മേഖലയിൽ വലിയ ഡിമാൻഡ് ഇല്ലാത്ത ഈ മത്സ്യം കൂടിയ അളവിൽ കിട്ടിയതിൽ വലിയ നേട്ടമല്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മത്സ്യത്തിനു കുത്തനെ വില ഇടിഞ്ഞത് വലിയ അടിയായെന്നും തൊഴിലാളികൾ പറഞ്ഞു. ഇതിനു മുൻപ് 2015 ഓഗസ്റ്റ് 4നാണ് സമാന രീതിയിൽ കൊഴിയാള ചാകര വിഴിഞ്ഞത്ത് ലഭിച്ചത്.