karumadi-gopan

അമ്പലപ്പുഴ: പ്രിയദർശൻ സിനിമകളിലെ നിത്യ  സാന്നിധ്യമായിരുന്ന കരുമാടി ഗോപകുമാ‍ർ ഇനി ഓർമ. ആലപ്പുഴ എസ്ഡി കോളജിലെ ഡിഗ്രി പഠനത്തിനു ശേഷം നാടക രംഗത്തേക്കു കടന്ന ഗോപകുമാർ  നാടകാഭിനയവും സംവിധാനവും ഒരു പോലെ കൊണ്ടുപോയി. ഇരുന്നൂറിലേറെ  വേദികളില്‍ വേഷമിട്ടു.ഏകാംഗ നാടകങ്ങളില്‍ മികച്ച നടനായി തിരഞ്ഞെടുത്തതോടെ ബാലെയിലും സാന്നിധ്യമറിയിച്ചു. ഇതിനിടെ സംവിധായകന്‍ പ്രിയദര്‍ശനുമായി പരിചയപ്പെട്ടു. മുത്തശ്ശിക്കഥയില്‍ സഹ സംവിധായകനും നടനുമായി രംഗത്തു വന്നതോടെ സിനിമയിലും സജീവമായി. 

 

കടത്തനാടന്‍ അമ്പാടി, അരം അധികം അരം  കിന്നരം , മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, താളവട്ടം, ചിത്രം , പുന്നാരം ചൊല്ലി ചൊല്ലി, മിഥുനം, കിളിച്ചുണ്ടന്‍ മാമ്പഴം, കാലാപാനി, കാക്കകുയില്‍,  തേന്മാവിന്‍ കൊമ്പത്ത്, വെട്ടം, വിനയന്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ മകന്‍, രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചാണക്യന്‍, മഹാനഗരം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. അമ്പലപ്പുഴ സാംസ്കാരിക സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അസുഖം ബാധിച്ച് ചികിത്സയിലായതോടെ അഭിനയ രംഗത്തു നിന്നു മാറി.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവാഴ്ച രാത്രിയിലായിരുന്നു മരണം. കരുമാടി വെള്ളേഴത്ത് വീട്ടില്‍ സംസ്കരിച്ചു.