‘ഏഴാം ക്ലാസ്കഴിഞ്ഞപ്പോൾ പഠിത്തം നിർത്തിയതുകൊണ്ടാണു ഞാനൊരു നടിയായത്. എന്റെ അച്ഛൻ അനന്തൻനായർ ഫോട്ടോഗ്രഫർ ആയിരുന്നു. പത്തു വയസ്സു മുതൽ അച്ഛൻ എന്നെ നൃത്തം പഠിപ്പിച്ചു. കലാമണ്ഡലം ഗംഗാധരൻനായരുടെ ഡാൻസ് ട്രൂപ്പിലെ പ്രധാന നർത്തകിയായി ഞാൻ. അന്നു മുതലേ മനസ്സിൽ നാടകമുണ്ട്. കാരണം നൃത്തപരിപാടി നടക്കുന്ന സ്ഥലങ്ങളിൽ അതു കഴിഞ്ഞു നാടകമുണ്ടാകും. അതു കണ്ടും കേട്ടും ഒരു നടിയാകാൻ മനസ്സിൽ മോഹം കൊണ്ടുനടക്കുകയായിരുന്നു ഞാൻ...’
അഭിനയ മികവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു തവണ നേടിയ, അഞ്ഞൂറ്റി അൻപതോളം സിനിമകളിൽ അഭിനയിച്ച കെപിഎസി ലളിതയുടെ വാക്കുകളാണിത്. എങ്ങനെയാണ് അഭിനയത്തോടുള്ള മോഹം മനസ്സിൽ നിറഞ്ഞതെന്ന ചോദ്യത്തിന് പണ്ടൊരിക്കൽ നൽകിയ മറുപടി. നാടകത്തിൽനിന്നു തുടങ്ങി, നാടകീയത ഒട്ടുമില്ലാത്ത തനിമയാർന്ന അഭിനയം വെള്ളിത്തിരയിലെത്തിച്ച, ആ അഭിനയത്തികവിനാൽ മലയാളക്കരയെയാകെ മോഹിപ്പിച്ച നടി ഒടുവിൽ യാത്ര പറഞ്ഞിരിക്കുന്നു...
അഭിനയത്തിലേക്കു നൃത്തച്ചുവടുകൾ വച്ചു കയറിയ നാൾതൊട്ടുള്ള അനുഭവങ്ങൾ പങ്കുവച്ച ഒരു അഭിമുഖത്തിൽ കെപിഎസി ലളിത പറഞ്ഞ വാക്കുകളിങ്ങനെ: ‘എന്റെ അച്ഛൻ ചങ്ങനാശേരി പെരുന്നയിൽ രവി സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന കാലത്ത് ആ കെട്ടിടത്തിന്റെ മുകൾനിലയിലാണു ചങ്ങനാശേരി ഗീഥാ എന്ന നാടകസമിതി പ്രവർത്തിച്ചിരുന്നത്.
അച്ഛനു ചോറു കൊണ്ടു കൊടുക്കാനും മറ്റും പോകുമ്പോൾ ഞാൻ അവിടെപ്പോയി റിഹേഴ്സലും മറ്റും കാണുമായിരുന്നു. ഒരുദിവസം ഗീഥാ ഉടമ ചാച്ചപ്പൻ എന്റെ അച്ഛനോട് എന്നെ നാടകത്തിനു വിടാമോ എന്നു ചോദിച്ചു. പക്ഷേ അച്ഛൻ സമ്മതിച്ചില്ല. അവസാനം അവർ ഒരുപാടു നിർബന്ധിച്ചപ്പോൾ ഒരു നൃത്തരംഗത്തിൽ അഭിനയിക്കാൻ സമ്മതിച്ചു. ബലി എന്നായിരുന്നു ആ നാടകത്തിന്റെ പേര്.
പിന്നീടു ഞാൻ ഗീഥായുടെ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്യാൻ തുടങ്ങി. പക്ഷേ ചെറിയ പ്രശ്നങ്ങളെത്തുടർന്നു വൈകാതെതന്നെ ഗീഥാ പൂട്ടി. അച്ഛൻ അതിനിടെ സ്വന്തമായി ലളിതാ സ്റ്റുഡിയോ തുടങ്ങിയിരുന്നു. ഒരു ദിവസം ലളിതാ സ്റ്റുഡിയോയുടെ ഡാർക് റൂമിൽ അച്ഛൻ തളർന്നു വീണു. വല്ല നിവൃത്തിയുമുണ്ടെങ്കിൽ ഫൊട്ടോഗ്രഫി നിർത്തണമെന്നായിരുന്നു ഡോക്ടറുടെ നിർദേശം. അങ്ങനെ ഞങ്ങളുടെ കുടുംബച്ചെലവ് അവതാളത്തിലായി.
എങ്ങനെയും കെപിഎസിയിൽ ഒരു നടിയാകുകയെന്നതായിരുന്നു എന്റെ സ്വപ്നം. കായംകുളത്തെ ഓഫിസിലേക്ക് എന്നെ ഇന്റർവ്യൂവിനു വിളിച്ചു. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ കെപിഎസി സുലോചനചേച്ചി പറഞ്ഞു. ‘കുറേപ്പേർക്കു നിന്നെ ഇഷ്ടപ്പെട്ടു. കുറേപ്പേർക്ക് ഇഷ്ടപ്പെട്ടില്ല. തീരെ വണ്ണമില്ലെന്നാണു പരാതി. കെ.പി. ഉമ്മറിന്റെയൊക്കെ ഒപ്പം ജോഡിയായി അഭിനയിക്കുമ്പോൾ തീരെ ശരീരത്തിന് ഒരെടുപ്പില്ലെങ്കിൽ മഹാ വൃത്തികേടായിരിക്കും. അതുകൊണ്ടു പോയി വണ്ണം വച്ചിട്ടു വാ...’
ഞാൻ വീട്ടിൽ പോയി തടി നന്നാക്കാനുള്ള ശ്രമമാരംഭിച്ചു. ഈ സമയത്ത് വീട്ടിലെ സ്ഥിതി വളരെ കഷ്ടത്തിലാണ്. പല സമിതികളിൽനിന്നും എന്നെത്തേടി ആളെത്തുന്നുണ്ട്. പക്ഷേ അതൊന്നും ശരിയാകുന്നില്ല. അവസാനം കോഴിക്കോട്ട് ബഹദൂറിക്കയുടെ സമിതിയിൽ ചെന്നു. എനിക്ക് അഡ്വാൻസും തന്നു. പക്ഷേ തിരിച്ചു വീട്ടിൽവന്നപ്പോഴാണു വേഗമെത്താൻ ആവശ്യപ്പെട്ടു കെപിഎസിയിൽനിന്നു ടെലിഗ്രാം കിട്ടിയത്. അന്നുതന്നെ ഞാൻ ബഹദൂറിക്കയുടെ പണം തിരിച്ചയച്ചിട്ട് കെപിഎസിയിൽ ചെന്നു ചേർന്നു.
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയും മൂലധനവുമാണ് അന്നു കളിച്ചിരുന്ന നാടകങ്ങൾ. പക്ഷേ രണ്ടിലും എനിക്കു വേഷമില്ല. പാട്ടുപാടണം. ഞാൻ ശ്രുതിയും താളവും തെറ്റിച്ചൊക്കെ പാടും. എന്നാലും അടുത്ത വർഷം ‘കൂട്ടുകുടുംബം’ എന്ന നാടകത്തിൽ പ്രധാന വേഷം തോപ്പിൽ ഭാസിച്ചേട്ടൻ തന്നു. ബി.മഹേശ്വരിയമ്മ എന്ന എന്റെ പേര് അദ്ദേഹം കെപിഎസി ലളിതയെന്നാക്കി മാറ്റുകയും ചെയ്തു.
കൂട്ടുകുടുംബത്തിൽ അഭിനയിക്കുന്ന കാലത്താണ് സിനിമാ മോഹം എന്റെ തലയ്ക്കു പിടിച്ചത്. ഞാനും ലീലയും സിനിമാ സിനിമാന്നു പറഞ്ഞു നടക്കുകയാണ്. തോപ്പിൽ ഭാസിച്ചേട്ടൻ ഞങ്ങളെ വഴക്കു പറയും ‘എന്തിനാ സിനിമായെന്നും പറഞ്ഞു നടക്കുന്നത്? കെപിഎസിയുടെ നാടകം തന്നെ ആവശ്യത്തിനുണ്ടല്ലോ’ എന്ന്. കൂട്ടുകുടുംബത്തിനു ശേഷം തുലാഭാരം വന്നു. അശ്വമേധം സിനിമയാക്കി. തുലാഭാരം സിനിമയാക്കി. ഞങ്ങളൊക്കെ അതു കാണാൻ പോകുകയും ചെയ്തു.
അപ്പോൾ കൂട്ടുകുടുംബം സിനിമയാകുമെന്നൊക്കെ കേൾക്കുന്നുണ്ട്. പക്ഷേ നമ്മൾ അതിലൊരു സാധ്യതയും കാണുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഉദയാ സ്റ്റുഡിയോയിൽ നാടകം അവതരിപ്പിക്കാൻ വിളിച്ചു. ഉദയാ സ്റ്റാഫിനും ചാക്കോച്ചന്റെ (കുഞ്ചാക്കോ) കുടുംബത്തിനും വേണ്ടിയാണു നാടകം. അതു കഴിഞ്ഞു നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഉദയായുടെ കവറിൽ എനിക്കൊരു കത്ത്: ‘കൂട്ടുകുടുംബം സിനിമയാക്കുന്നു. നാടകത്തിൽ ലളിത അവതരിപ്പിച്ച സരസ്വതിയെന്ന കഥാപാത്രം നന്നായിരുന്നു. സിനിമയിലും നിങ്ങൾ തന്നെ ആ വേഷം ചെയ്യണം.’ ആ കത്തു വായിച്ചപ്പോൾ ഭയങ്കര സന്തോഷം തോന്നി. നമുക്കു സ്വപ്നം കാണാൻ കഴിയാത്ത കാര്യമാണല്ലോ. ആയിരം രൂപയാണു പ്രതിഫലം. അന്ന് അതൊരു വലിയ സംഖ്യയാണ്.
അന്നുവരെ ഞാൻ ഷൂട്ടിങ് കണ്ടിട്ടില്ല. മൂവി ക്യാമറ എന്താണെന്നു പോലും അറിയില്ല. സേതുമാധവനാണു സംവിധായകൻ. എന്നെ വച്ചാണ് ആദ്യ ഷോട്ടെടുത്തത്. ആ സിനിമ വലിയ ഹിറ്റായി. സംസ്ഥാന അവാർഡ് കിട്ടി. ചാക്കോച്ചൻ പറഞ്ഞു, ‘ഇവള് ആദ്യമായിട്ട് അഭിനയിച്ചതല്ലേ? ഉദയായിൽ ആദ്യമായി കാൽകുത്തിയതല്ലേ? അവള് വന്നു ഫസ്റ്റ് ഷോട്ടെടുത്തപ്പോഴാണ് അവാർഡ് കിട്ടിയത്..’ അതിൽപ്പിന്നെ ഏറെ നാൾ ഉദയായുടെ എല്ലാ പടങ്ങളുടെയും ആദ്യ ഷോട്ട് എന്നെ വച്ചായിരുന്നു. ആ പടങ്ങളെല്ലാം നന്നായി ഓടിയിട്ടുണ്ട്.