ഇര വിഴുങ്ങിയ പാമ്പിനെ തൂണ് വിഴുങ്ങിയ അവസ്ഥയായിരുന്നു ഇരുമ്പ് തൂണിനുള്ളിൽ അകടപ്പെട്ട പെരുമ്പാമ്പിന് ഇന്നലെ. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംക്‌ഷന് സമീപം റിങ് റോഡിൽ ഉപയോഗശൂന്യമായി കിടന്ന ഇരുമ്പ് തൂണിനുള്ളിലാണ് പെരുമ്പാമ്പ് അകപ്പെട്ടത്. റാന്നി വനംവകുപ്പ് ഓഫിസിലെ ദ്രുതകർമ സേനയും പത്തനംതിട്ടയിലെ അഗ്നിരക്ഷാ സേനയും ചേർന്ന് തൂൺ മുറിച്ചുമാറ്റിയാണ് രക്ഷപ്പെടുത്തിയത്. ഇതിനെ വനംവകുപ്പ് പിന്നീട് പ്ലാപ്പള്ളി ഉൾവനത്തിൽ തുറന്നുവിട്ടു.
ഇന്നലെ രാവിലെ 7നാണ് സെന്റ് പീറ്റേഴ്സ് ജംക്‌ഷന് സമീപം കരിമ്പനാക്കുഴിയിലേക്ക് തിരിയുന്ന വഴിയുടെ ഭാഗത്ത് കെഎസ്ഇബിയുടെ ഇരുമ്പ് തൂണിനുള്ളിൽ അകപ്പെട്ട നിലയിൽ പാമ്പിനെ കണ്ടെത്തിയത്. ഇര വിഴുങ്ങിയ ശേഷം പാമ്പ് തൂണിന്റെ വിസ്താരം കൂടിയ ഭാഗത്തിലൂടെ കയറി മറുഭാഗത്തിലൂടെ ഇറങ്ങാൻ ശ്രമിച്ചതാണ്. പക്ഷെ വിസ്താരം കുറഞ്ഞ ഭാഗത്ത് പാമ്പിന്റെ തലയും ഉടലിന്റെ കുറച്ചുഭാഗം മാത്രം പുറത്തുവരികയും ബാക്കി തൂണിനുള്ളിൽ കുടുങ്ങുകയുമായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് റാന്നിയിൽ നിന്ന് വനംവകുപ്പ് ദ്രുതകർമസേന എത്തിയെങ്കിലും ഇരുമ്പ് തൂൺ മുറിച്ചുമാറ്റാനുള്ള സംവിധാനമില്ലാഞ്ഞതിനാൽ അഗ്നിരക്ഷാസേനയെത്തി തൂണിന്റെ വെൽഡിങ് പൊട്ടിച്ച് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. പാമ്പിനെ വനംവകുപ്പ് പിന്നീട് പ്ലാപ്പള്ളി ഉൾവനത്തിൽ തുറന്നുവിട്ടു.
വനംവകുപ്പ് ദ്രുതകർമസേന സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ജെ.മുഹമ്മദ് റൗഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.ആർ.ദിലീപ്കുമാർ, ഡി.രാജേഷ്, എ.എസ്.നിധിൻ, എം.എസ്.ഫിറോസ് ഖാൻ എന്നിവരും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ.അരുൺകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എ.എസ്.ശ്രീജിത്, ടി.നൗഷാദ്, ലിന്റു ദാസ്, എ.അനീഷ്കുമാർ, ഡ്രൈവർ ടി.അജു എന്നിവർ ടീമിൽ ഉണ്ടായിരുന്നു.