ആറുലക്ഷം രൂപ വില വരുന്ന വാഹനം തമിഴ്നാട് പൊലീസിന് വാങ്ങി നൽകി നടൻ സൂര്യ. അദ്ദേഹത്തിന്റെ നിർമാണ കമ്പനിയാണ് വാഹനം സംഭാവന ചെയ്തിരിക്കുന്നത്. പാവപ്പെട്ടവരെ ചേർത്ത് പിടിക്കാൻ തമിഴ്നാട് പൊലീസ് ആരംഭിച്ച ‘കാവൽ കരങ്ങൾ’ എന്ന പദ്ധതിയ്ക്കുള്ള പിന്തുണ കൂടിയാണ് ഈ നീക്കം.
പാവങ്ങൾക്കും വീടില്ലാത്തവർക്കും അശരണർക്കും സഹായം എത്തിക്കുക എന്ന തമിഴ്നാട് പൊലീസിന്റെ ആശയമാണ് ‘കരുതൽ കരങ്ങൾ’ എന്ന പദ്ധതി. എൻജിഒകളുമായി സഹകരിച്ചാണ് സഹായം എത്തിക്കുന്നത്. സൂര്യ നൽകിയ വാഹനം ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. സാമൂഹിക സേവന രംഗത്ത് മികച്ച മാതൃകയാണ് സൂര്യ നടത്തുന്നത്. ദിവസങ്ങൾക്ക് മുൻപ് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തയാറാക്കിയ വീടുകൾ പൊളിച്ചുകളയാതെ വീടില്ലാത്ത മൽസ്യത്തൊഴിലാളികൾക്ക് നൽകുമെന്ന് താരം അറിയിച്ചിരുന്നു.