boy-girl-thetre

കണ്ണൂരിൽ കാണാതായ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പതിനാറുകാരനൊപ്പം സിനിമ തിയേറ്ററിൽ നിന്നു കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനൊപ്പമാണ് ടൗൺ പൊലീസ് തിയേറ്ററിൽ നിന്നു കുട്ടിയെ കണ്ടെത്തിയത്. തനിക്ക് പനിയാണെന്നും ക്ലാസിൽ വരാൻ കഴിയില്ലെന്നും  അമ്മയുടെ ഫോണിൽ നിന്ന് കുട്ടി ടീച്ചർക്ക് മെസേജ് അയച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ്  മെസേജ് അയച്ചത്. 

 

ടീച്ചർ തിരിച്ചയച്ച മറുപടി ഫോണിൽ നിന്നു ഡിലീറ്റ് ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ എല്ലാ ദിവസത്തെയും പോലെ കുട്ടി വാനിൽ കയറി സ്കൂളിൽ പോയി. സ്കൂളിലെത്തിയ ശേഷം പുറത്ത് കാത്തുനിന്ന പതിനാറുകാരൻ സുഹൃത്തിനൊപ്പം സിനിമയ്ക്കായി തിയേറ്ററിലേയ്ക്ക്  പോവുകയായിരുന്നു.

 

തിരുവനന്തപുരം സ്വദേശിയായ  16 വയസുകാരൻ കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പലതവണയായി വീട്ടുകാർ നൽകിയ പണം ഉൾപ്പെടെ 3000  രൂപയുമായാണ്  തിരുവനന്തപുരത്ത് നിന്നു  കണ്ണൂരെത്തിയത്. കെഎസ്ആർടിസി ബസ്സിലായിരുന്നു കണ്ണൂരിലേയ്ക്കുള്ള  യാത്ര. 

 

തന്റെ കയ്യിലുള്ള മുയലിനെ വിറ്റ് പണം ലഭിച്ചെന്നും കാണാൻ വരുമെന്നും 16 കാരൻ കുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ്  ആദ്യമായുള്ള കൂടിക്കാഴ്ചയുടെ പദ്ധതി രണ്ടു പേരും തയാറാക്കിയത്. ഓട്ടോ റിക്ഷ ഡ്രൈവർ നൽകിയ വിവരത്തെ തുടർന്നാണ് ടൗൺ പൊലീസ് ഇരുവരെയും  അന്വേഷിച്ച് കണ്ണൂരിലെ തിയറ്ററിലെത്തിയത്. അവിടെ നിന്നു രണ്ടു പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്ന പൊലീസ് മാതാപിതാക്കൾക്ക് ഒപ്പം പിന്നീട് വിട്ടയച്ചു.