‘ഒരു കുഞ്ഞിനെ പോലെയാണ് ഞാൻ അവനെ വളർത്തിയത്. പെട്ടെന്ന് ഒരു ദിവസം എവിടെയോ പോയി കഷ്ടപ്പെടുകയാണ് എന്റെ കുഞ്ചു..’ തിരുവനന്തപുരം സ്വദേശി ചൈത്ര ജ്യോതിയുടെ വാക്കുകളാണിത്.. തന്റെ പ്രിയപ്പെട്ട നായക്കുട്ടി കുഞ്ചുവിനെ കാണാതായിട്ട് ഇന്ന് 14 ദിവസങ്ങൾ ആകുന്നു. നവംബർ ഒന്നാം തീയതി നല്ല മഴയുള്ള രാത്രി എവിടേക്കോ ഓടിപ്പോയതാണ് കുഞ്ചൂ. നായക്കുട്ടിയെ കാണാതായതു മുതൽ തിരച്ചിലിലാണ്. 3500ഓളം പോസ്റ്ററുകൾ അച്ചടിച്ചു. കവടിയാർ, വെള്ളയമ്പലം, നന്ദൻകോട്, അമ്പലമുക്ക്, നാലാഞ്ചിറ, പരുത്തിപ്പാറ എന്നിങ്ങനെ കഴിയുന്നത്ര ഇടങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചു. പത്രങ്ങളിൽ പരസ്യം നൽകി. നായ്ക്കുട്ടിയെ കണ്ടെത്തി നൽകുന്നവർക്ക് 5000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തു. പോസ്റ്ററുകളും പരസ്യങ്ങളും കണ്ട് പലരും വിളിച്ചെങ്കിലും കുഞ്ചു എവിടെ എന്ന് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. വീടിനടുത്തായുള്ള എൽ.ഐ.സി ഓഫീസിനു മുന്നിലെ സിസിടിവിയിൽ പതിഞ്ഞ കുഞ്ചുവിന്റെ ദൃശ്യങ്ങൾ മാത്രമാണ് ചൈത്രയുടെ കൈവശമുള്ളത്.
13 വർഷങ്ങൾക്കു മുൻപാണ് കുഞ്ചു ചൈത്രയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. വീട്ടിൽ സഹായത്തിന് വന്നിരുന്ന ചേച്ചിയുടെ വീട്ടിൽ 10 പട്ടിക്കുഞ്ഞുങ്ങൾ ജനിച്ചത് അറിഞ്ഞ് കൗതുകത്തിൽ കാണാനായി പോയതാണ്. ആ പട്ടിക്കുഞ്ഞുങ്ങളിൽ ഏറ്റവും കൗതുകം തോന്നിയ ഒന്നിനെ അവൾ കൂടെ കൂട്ടുകയും ചെയ്തു. കുഞ്ഞു കാലുകൾ ഉള്ള വെളുത്ത ഉരുണ്ട നായക്കുട്ടി കാണാൻ നല്ല ചന്തമായിരുന്നു. സങ്കരയിനത്തിൽ പെട്ടതായിരുന്നു കുഞ്ചു. പിന്നീടങ്ങോട്ട് 13 വർഷങ്ങൾ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിരുന്നു കുഞ്ചു. വീട്ടിലെ അംഗങ്ങളിൽ പ്രധാനി, ഏവർക്കും കണ്ണിലുണ്ണി. അങ്ങിനെ കുറുമ്പും കുസൃതിയുമായി അവൻ വളർന്നു.
'പുറത്തു പോയാലും കൃത്യമായി വീട്ടിൽ തിരിച്ചെത്തുന്ന അവൻ സാധാരണയായി ദൂരെക്കെങ്ങും പോകാറില്ല . അവൻ പോയതിൽ പിന്നെ ഒരു സമാധാനവുമില്ല. ഉറങ്ങിയിട്ട് ദിവസങ്ങളായി, അവന് ആഹാരം നൽകാറുള്ള പാത്രവും തട്ടി റോഡിലൂടെ എല്ലാ ദിവസവും രാത്രി ഞാൻ നടക്കും. ശബ്ദം കേട്ട് എവിടെ നിന്നെങ്കിലും അവൻ ഓടി വരും എന്ന പ്രതീക്ഷയിൽ ചൈത്ര പറയുന്നു. ചൈത്രയെ കാണാതെ ആഹാരം കഴിക്കാതെ വാശിപിടിച്ച കുഞ്ചുവിനായി കാശ്മീർ ട്രിപ്പ് പാതിവഴി ഉപേക്ഷിച്ചു വന്നതും ചൈത്ര ഓർമിക്കുന്നു.
തിരുവനന്തപുരം സ്വദേശിയായ ചൈത്ര ടെക്നോപാർക്ക് ജീവനക്കാരിയാണ്. നായ സ്നേഹികളായ ധാരാളം ആളുകളാണ് ദിവസവും ചൈത്രയെ വിളിക്കുന്നത്. എന്നാൽ ചിലരാകട്ടെ നായയുടെ പിന്നാലെ പോയിട്ട് കാര്യമില്ല എന്ന് ഉപദേശവും നൽകും. എന്നാൽ പ്രതീക്ഷ കൈവിടാൻ ചൈത്ര ഒരുക്കമല്ല. തന്റെ നായ്ക്കുട്ടിക്ക് ആയുള്ള അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ചൈത്ര. കുഞ്ചു തിരിച്ചുവരും എന്ന ഉറച്ച വിശ്വാസത്തിലാണ് ഈ കുടുംബം.