ചിത്രയെന്നാൽ ചിരിയാണ്. പാട്ടിന്റെ വെണ്ണിലാവുപോലുള്ള ചിരി. മലയാളി അത്രമേൽ മനസിൽ ചേർത്തുവെച്ച് ജീവിക്കുന്ന ശബ്ദ മാധുര്യം. മലയാളികളുടെ മാത്രമല്ല സംഗീതം ആസ്വദിക്കുന്ന ഏവരുടെയും നനവുകളിലും കനവുകളിലും പ്രണയത്തിലും വിരഹത്തിലും കൂട്ടുചേരലിലും ഒറ്റപ്പെടലിലും ചിത്രയുണ്ട്, പട്ടുനൂല്‍ ശാരീരവുമായി. 25000ത്തിലധികം പാട്ടു പാടി നമ്മെ പാട്ടിലാക്കിയ ചിത്രയ്ക്ക് ഇന്ന് അറുപതിന്റെ നിറവ്.
ചിരിയില്ലാതെ, തെളിഞ്ഞ മുഖപ്രസാദമില്ലാതെ കെ.എസ്.ചിത്രയെന്ന പാട്ടുകാരിയെ കാണാനാകില്ല. പിന്നണി ഗായികയാകണമെന്ന് ചിത്ര ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അധ്യാപികയാവാനായിരുന്നു മോഹം. പക്ഷെ സംഗീത കുടുംബത്തില്‍ നിന്ന് ആ വഴിയിലേക്ക് തന്നെ എത്തിപ്പെടുകയായിരുന്നു.1963 ജൂലൈ 27ന് തിരുവനന്തപുരത്ത് ജനനം. എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ ചലച്ചിത്രഗാനരംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. 1979ലാണ് സംഗീതരംഗത്തേക്കുള്ള കടന്നുവരവ്. കടങ്കഥ പാട്ടാണ് ചിത്ര ആദ്യമായി പാടിയത്. രണ്ടാമത്തെ പാട്ട് എംജി രാധാകൃഷ്ണന്റെ സംഗീതത്തിൽ. കുമ്മാട്ടി എന്ന ചിത്രത്തിലെ മുത്തശ്ശിക്കഥയിലേ എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രയുടെ ആദ്യ സിനിമാഗാനം. 1985ല്‍ പിന്നണി ഗായികയ്ക്കുള്ള ആദ്യ സംസ്ഥാന പുരസ്കാരം. പിന്നെ ആ നേട്ടം 1995 വരെ തുടര്‍ച്ചയായി പത്തുവര്‍ഷം. ഇതുവരെ 16 തവണ സംസ്ഥാന പുരസ്കാരം. ആറു തവണ ദേശീയ പുരസ്കാരം.2005 ല്‍ പത്മശ്രീയും 2021 ൽ പത്മഭൂഷണും നൽകി രാജ്യം ആ സ്വരമാധുരിയെ ആദരിച്ചു.
1986ൽ ഒഎൻവി കുറുപ്പിന്റെ വരികൾക്ക് രവി ബോംബേ സംഗീതം നൽകി ചിത്ര പാടിയ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തിയെന്ന് തുടങ്ങുന്ന നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ ഗാനം മലയാളിത്തനിമയുടെ സുന്ദരമായ ഓര്‍മയാണ്. 37 വർഷങ്ങൾക്കിപ്പുറവും നാവിൻ തുമ്പത്തെപ്പോഴുമുള്ള പ്രസാദം. ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള രണ്ടാമത്തെ ദേശീയ പുരസ്കാരം നേടി കൊടുത്ത ഗാനമായിരുന്നു അത്. മലയാളത്തിന് ചിത്രയെന്നാൽ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞക്കുറിമുണ്ടു ചുറ്റിയ ഒരു പൊന്നോണപ്പൂവാണ്. മലയാളികളെ പുഞ്ചിരിക്കാൻ കൂടി പഠിപ്പിച്ച വസന്തം. നമ്മൾ പാടി നടന്ന ഈണങ്ങളിലൊക്കെയും ചിത്രയുടെ പാട്ടുകളുണ്ടായിരുന്നു. ആ ചിരിയും നമ്മുടേതായിരുന്നു. ഒരിക്കൽ ഒരു ആരാധകൻ ചിത്രയോട് പറഞ്ഞു. കെ.എസ് ചിത്രയെന്നാൽ കേരളത്തിന്റെ സ്വന്തം ചിത്രയാണെന്ന്. വരയ്ക്കാൻ അറിയാത്തവർക്ക് പോലും ചിത്രയെ വരയ്ക്കാൻ കഴിയുമത്രെ. ഒരു വെള്ള കടലാസിൽ ഒരു വട്ടം വരച്ച് കുറച്ച് പുഞ്ചിരി കുടഞ്ഞിട്ടാൽ അത് ചിത്രയായി. അതാണ് കെ.എസ്.ചിത്ര, മലയാളിയുടെ സ്വകാര്യ അഹങ്കാരം.
വിവിധ ഭാഷകളിലായി പരന്നു കിടക്കുന്നു ആ സ്വര മാധുരി. അറബിയും ഇംഗ്ലീഷും മലായും ലാറ്റിനും ഫ്രഞ്ചും വരെ. എ.ആര്‍. റഹ്‌മാനും ഇളയരാജയും കീരവാണിയും തുടങ്ങി എല്ലാവരുടേയും പ്രിയപ്പെട്ട പാട്ടുകാരി. യേശുദാസിനും എസ് പി ബാലസുബ്രഹ്‌മണ്യത്തിനും ഒപ്പമാണ് ചിത്ര എറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത്.1986 ലാണ് ദേശീയതലത്തില്‍ ചിത്രയ്ക്ക് ആദ്യപുരസ്‌കാരം ലഭിച്ചത് . സിന്ധുഭൈരവി എന്ന ചിത്രത്തില്‍ പാടറിയേന്‍ പടിപ്പറിയേന്‍ എന്ന ഇളയരാജയുടെ ഗാനത്തിലൂടെയായിരുന്നു ആ പുരസ്കാരനേട്ടം. 1985 ല്‍ എസ്.പി. വെങ്കിടേഷാണ് ചിത്രയെ ബോളിവുഡിന് പരിചയപ്പെടുത്തിയത്. എന്നാല്‍ ആദ്യമായി ആലപിച്ച ഹിന്ദിഗാനം റിലീസായില്ല. 1991ല്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് ചിത്രയുടെ ഹിന്ദി സിനിമ പ്രവേശം. പിന്നീടിങ്ങോട്ട് ഇരുന്നൂറിലധികം ഗാനങ്ങള്‍. 1995 ല്‍ എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ ബോംബെ എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച കെഹനാ ഹി ക്യാ എന്ന ഗാനം വളരെയധികം ആരാധകരെ ചിത്രയ്ക്ക് സമ്മാനിച്ചു.1997 ല്‍ വിരാസത് എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി ആലപിച്ച പായലേം ചുന്‍ മുന്‍ എന്ന ഗാനമാണ് ഹിന്ദിയില്‍ നിന്ന് ദേശീയപുരസ്‌കാരം നേടിക്കൊടുത്തത്. ബംഗാളി, ഒഡിയ, തെലുങ്ക്, കന്നഡ, തുളു, പഞ്ചാബി, രാജസ്ഥാനി എന്നീ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് .
ഒരു സംഗീത അധ്യാപികയാവാൻ മാത്രം കൊതിച്ച, അനന്തപുരിയ്ക്ക് അപ്പുറം ഒരു ലോകം മോഹിക്കാത്ത ആ ചിത്തിര പക്ഷി പക്ഷെ മദിരാശിയിലേക്കും അവിടെനിന്ന് തെലുങ്ക് ദേശത്തേക്കും പിന്നെ കടലുകൾ താണ്ടിയും പറന്നു നടന്നു. വാനമ്പാടിയായി. ഹൗസ് ഓഫ് കോമണ്‍സില്‍വെച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ആദരവേറ്റ് വാങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതിയും സ്വന്തം. മികച്ച പിന്നണി ഗായികയ്ക്കുള്ള ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത് 11 തവണ. നാല് തവണ തമിഴ്‌നാട് സര്‍ക്കാരും മൂന്ന് തവണ കര്‍ണാടക സര്‍ക്കാരും ഓരോ തവണ ഒഡിഷ, പശ്ചിമബംഗാള്‍ സര്‍ക്കാരിന്റേയും പുരസ്‌കാരങ്ങള്‍ ചിത്ര സ്വന്തമാക്കി.
പാടിയത് കെ.എസ് ചിത്ര. ആകാശവാണിയിൽ ഒരു ദിവസം പോലും മുടങ്ങാതെ ഈ വാചകം നമ്മളെത്ര കേട്ടു കാണും. ആ പാട്ടുകളെത്ര മൂളി നടന്നു കാണും. ഓർത്തെടുക്കാനാവില്ല. അത്രമേൽ നമ്മുടെ കൂടെയുണ്ടായിരുന്നു ഇരവിലും പകലിലുമെല്ലാം സാന്ത്വനമായി, താരാട്ടായി. ചില നേരങ്ങളിൽ ഓർമകളിൽ ഒഴുകി നടക്കാൻ നമുക്ക് ചിത്രയുടെ പാട്ടുകൾ വേണമെന്ന പിടിവാശിപോലെ, ചിത്രയും ആ സ്വരവും നമ്മോട് ചേർന്ന് നിന്നു. ഒരു പാഴ്കിനാവിലുരുകുന്ന മനസിന്റെ പാട്ട് കേട്ടുവോ എന്ന വരികൾ. നമ്മുടെ മനസിന്റെ തേങ്ങലായി മൂളിയ ഗായിക. നിഴൽ വീഴുന്ന ഇടനാഴികളില്‍ കനിവോടെ പൂത്ത മണിദീപമായി ആശ്വാസമായി മാറുകയായിരുന്നു ഓരോ രാത്രികളും വിടവാങ്ങുമ്പോൾ നമുക്ക്.
സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടേയും ശാന്താകുമാരിയുടേയും മകള്‍ സംഗീതലോകത്തെക്കല്ലാതെ മറ്റൊരു വഴി തിരഞ്ഞെടുക്കുമെന്ന് കരുതുക വയ്യ. വിജയശങ്കറാണ് ചിത്രയുടെ ഭര്‍ത്താവ്. ഗായിക കെ.എസ്. ബീന, ഗിറ്റാര്‍ വിദഗ്ധന്‍ കെ.എസ്. മഹേഷ് എന്നിവര്‍ സഹോദരങ്ങള്‍. മകളുടെ അകാലമരണം ചിത്രയെ ഏറെനാള്‍ വീടിനുള്ളില്‍ തളച്ചിട്ടു. ആ സംഗീതം നമുക്കന്യമായി. വലിയ ഒരിടവേളയ്ക്ക് ശേഷം അതിനെയെല്ലാം അതിജീവിച്ച് ചിത്ര മടങ്ങിയെത്തി. തന്‍റെ സംഗീതത്തിലലിഞ്ഞ് സങ്കടങ്ങളെ മറികടന്നു.
പാട്ടിന്റെ ആയിരമായിരം ഭാവങ്ങളുമായി ആ പുഞ്ചിരി നമുക്കു ചുറ്റുമുണ്ട്, നാലു പതിറ്റാണ്ട് പിന്നിടുമ്പോഴും. ആ പാട്ടിനൊപ്പം മലയാളവും സഞ്ചരിക്കുന്നു. ജീവിതത്തിന്റെ സമസ്ത ഭാവങ്ങളുടെയും സമ്മേളനമാകുന്ന ആ പാട്ടുലോകത്തിന്റെ കൈപിടിച്ച്.