Turkish-malakli-dog

നായയെ വളര്‍ത്തുകയെന്നത് അത്ര ബുദ്ധിമുട്ടുളള കാര്യമൊന്നുമല്ല. മൃഗസ്നേഹികള്‍ സ്വന്തം മക്കളെ നോക്കുന്ന പോലെയാണ് നായയെ വളര്‍ത്താറ്. എന്നാല്‍ ഒരു നായക്ക് വേണ്ടി പ്രതിവര്‍ഷം ലക്ഷങ്ങള്‍ മുടക്കുന്ന വ്യക്തിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇംഗ്ലണ്ടിലെ നോര്‍ത്ത് യോക്ക്ഷെറിലുളള ഡിലന്‍ ഷാ എന്ന യുവാവാണ് തന്‍റെ പ്രിയപ്പെട്ട നായയുടെ ഭക്ഷണത്തിനായി ലക്ഷങ്ങള്‍ മുടക്കുന്നത്. 'അബു' എന്ന് പേരിട്ടിരിക്കുന്ന ടര്‍ക്കിഷ് മലക്ലി ഇനത്തില്‍പ്പെട്ട തന്‍റെ നായയുടെ ഭക്ഷണാവശ്യങ്ങള്‍ക്കും മറ്റുമായി ഡിലന്‍ ഷാ ചിലവഴിക്കുന്നത് പ്രതിവര്‍ഷം നാലര ലക്ഷം രൂപയാണ്. 

2 വയസുമാത്രമുളള ഒരു കൊച്ചുനായയാണ് അബു എന്നു കരുതാന്‍ വരട്ടെ. യുകെയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ നായയെന്ന വിശേഷണത്തിനുടമാണ് അബു. ഗ്രെയ്റ്റ് ഡെയ്ന്‍ ഇനത്തില്‍പ്പെട്ട ബാല്‍ത്തസാര്‍ എന്ന നായയായിരുന്നു യുകെയിലെ ഏറ്റവും വലിയ നായ എന്ന റെക്കോര്‍ഡിനുടമ. എന്നാല്‍ 2023 ഓഗസ്റ്റില്‍ ബാല്‍ത്തസാര്‍ വിടപറഞ്ഞു. നിലവില്‍ വലുപ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നത് അബു എന്ന നായയാണ്. പ്രായംകൊണ്ട് കുഞ്ഞനാണെങ്കിലും വലുപ്പത്തില്‍ കേമനാണ് അബു. 

113 കിലോ ഭാരവും 7 അടി 2 ഇഞ്ച് ഉയരവുമുളള അബുവിനെ കണ്ടാല്‍ ആരുമൊന്ന് ഭയന്നുപോകും. അബുവിന്‍റെ ഉടമയായ ഡിലന്‍ ഷാ ഒരു നായ പരിശീലകന്‍ കൂടിയാണ്. ഡിലന് അബു കൂടാതെ വേറെയും നായകളുണ്ട്. എങ്കിവും കൂട്ടത്തില്‍ പ്രധാനി അബു തന്നെ. അബുവിനെക്കുറിച്ച് ഡിലന്‍ ഷാ ഒരു ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെയാണ്. വീടിന് പുറത്തിറങ്ങിയാല്‍ വളരെ ഊര്‍ജജ്വസ്വലനും സന്തോഷവാനുമാണ് അബു. എന്നാല്‍ വീടിനകത്താണെങ്കിലോ അങ്ങനെയൊരു നായ അവിടെയുളളതായിപ്പോലും അറിയില്ല. വീടിനകത്തുളളപ്പോള്‍ ആരുടെയെങ്കിലും മടിയില്‍ ചുരുണ്ട് കിടക്കാനാണ് അബുവിന് ഇഷ്ടമെന്നും ഡിലന്‍ പറയുന്നു. മൂന്നുവയസാകുമ്പോഴാണ് മലക്ലി ഇനത്തില്‍പ്പെട്ട നായകള്‍ക്ക് പൂര്‍ണവളര്‍ച്ചയെത്തുക. അങ്ങനെ നോക്കുമ്പോള്‍ അബു ഇനിയും വലുപ്പം വയ്ക്കുമെന്നും ഡിലന്‍ കൂട്ടിച്ചേര്‍ത്തു. 

അബുവിന്‍റെ ഭക്ഷണത്തിന് വര്‍ഷാവര്‍ഷം നാലര ലക്ഷം രൂപയോളം ഡിലന്‍ ചിലവഴിക്കുന്നുണ്ട്. പച്ചമാംസമാണ് അബുവിന്‍റെ ഇഷ്ടഭക്ഷണം. ദിവസവും ഒരു കോഴി മുഴുവനായി കഴിക്കാന്‍ കൊടുക്കുകയും വേണം. നാലുമാസം മാത്രം പ്രായമുണ്ടായിരുന്ന അബുവിനെ 2021 നവംബറിലാണ് തുര്‍ക്കിയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്. 

 

Abu the Turkish malakli dog