അകാല വാർധക്യം ബാധിച്ച കുഞ്ഞ് എട്ടാം വയസിൽ മരണത്തിന് കീഴടങ്ങി. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ന സെകിഡോന്‍ എന്ന യുക്രെയ്ൻ പെണ്‍കുട്ടി മരിക്കുന്നത്. Hutchinson-Gilford progeria syndrome എന്ന അപൂര്‍വ ജനിതക രോഗമാണിത്. ജനിക്കുമ്പോള്‍ മുതല്‍ തന്നെ വാർധക്യാവസ്ഥ തുടങ്ങും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ലോകത്ത് ഇതുവരെ 160 പേര്‍ ഇത്തരത്തിൽ മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
യുക്രെയ്‌നിലെ ഒരു സാധാരണ കുടുംബത്തില്‍ 2012 ലാണ് അന്നയുടെ ജനനം. ജനിച്ച് അധികം വൈകാതെതന്നെ ഈ അപൂർവരോഗം ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗമായതിനാല്‍തന്നെ ഏറെ ശ്രദ്ധിച്ച് സമയമെടുത്തായിരുന്നു പരിശോധനകൾ നടന്നിരുന്നത്. ഒരു വയസ്സ് ആകുന്നതിന് മുമ്പുതന്നെ അന്നയില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങി. എട്ടു വയസ്സിനുള്ളിൽ സ്ട്രോക്കുകൾ ഉൾപ്പടെ നിരവധി ആരോഗ്യപ്രശ്നങ്ങളെ അന്ന അതിജീവിച്ചിരുന്നു.
മരിക്കുമ്പോൾ ഏകദേശം എട്ട് കിലോയോടടുത്ത് മാത്രമായിരുന്നു ശരീരഭാരം. അകാല വാർധക്യത്തെത്തുടർന്നുണ്ടാകുന്ന ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചാണ് അന്നയുടെ മരണം സംഭവിച്ചത്.