eenampechi

ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് പകര്‍ച്ചയ്ക്കു പിന്നലെ വില്ലന്‍ വവ്വാലോ, ഈനാംപേച്ചിയോ തന്നെയാകുമെന്നു ചൈനീസ് പഠനത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). വവ്വാലുകളില്‍ കാണുന്ന വൈറസിനു പരിവര്‍ത്തനം വന്നതാണ് ഇപ്പോഴത്തെ കോവിഡ് മഹാമാരിക്കു കാരണമായ വൈറസ് എന്നാണ് ചൈനീസ് പഠനത്തില്‍ വ്യക്തമാക്കുന്നത്.

 

വൈറസ് മനുഷ്യരിലേക്കു പടര്‍ന്നത് വവ്വാലുകളില്‍നിന്നു നേരിട്ടോ അല്ലെങ്കില്‍ വവ്വാലുകളില്‍നിന്ന് ഇനാംപേച്ചിയിലേക്കും പിന്നീട് മനുഷ്യരിലേക്കോ ആവാമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നതായി ഐസിഎംആര്‍ അറിയിച്ചു. വവ്വാലുകളില്‍ വച്ചു വൈറസിന് മനുഷ്യരെ ബാധിക്കാന്‍ പാകത്തില്‍ രൂപാന്തരം വന്നിരിക്കാമെന്നു ചൈനീസ് പഠനത്തില്‍ കണ്ടെത്തിയതായി ഐസിഎംആര്‍ ഹെഡ് സയന്റിസ്റ്റായ ഡോ. രാമന്‍ ആര്‍ ഗംഗാഘേദ്കര്‍ പറഞ്ഞു. വവ്വാലുകളില്‍നിന്ന് അത് ഈനാംപേച്ചിയിലേക്കു പടര്‍ന്നിരിക്കാം. അതില്‍നിന്നാവാം മനുഷ്യരിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വവ്വാലുകളില്‍നിന്നു വൈറസ് മനുഷ്യരിലേക്കു പടരുന്നത് ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

 

എന്നാല്‍ ഇന്ത്യയില്‍ വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നതായി യാതൊരു തെളിവും കിട്ടിയിട്ടില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിപ്പ വൈറസ് ബാധയുടെ സമയത്തു തന്നെ ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിരുന്നു. രണ്ടു തരം വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അത് മനുഷ്യരിലേക്കു പടരാന്‍ പാകത്തില്‍ ഉള്ളതല്ലെന്നും ഡോ. രാമന്‍ ആര്‍ ഗംഗാഘേദ്കര്‍ പറഞ്ഞു. 

 

കൊറോണ വൈറസ് എങ്ങിനെ മനുഷ്യരിലേക്ക് എത്തിയെന്ന കാര്യത്തില്‍ ശാസ്ത്രലോകം വിവിധ തട്ടുകളിലാണ്. ഈനാംപേച്ചികളെ വില്‍ക്കുന്ന ചൈനയിലെ വെറ്റ് മാര്‍ക്കറ്റില്‍നിന്ന് 2019 അവസാനത്തോടെ വൈറസ് മനുഷ്യരെ ബാധിച്ചുവെന്ന വാദം ഒരു വിഭാഗം ഗവേഷകര്‍ തള്ളിക്കളയുകയാണ്.