വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അങ്ങനെ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിന്‍റെ ചെയര്‍മാന്‍ പദവിയില്‍ നിന്ന് രാജിവച്ച് ഒഴിയുമ്പോള്‍ പറഞ്ഞുവക്കുന്നത് ഇതൊക്കെയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തെ തള്ളി, രാജിവച്ച് ഡയറക്ടര്‍ ശങ്കര്‍ മോഹനനൊപ്പം നിന്നു. സമരത്തിന് പിന്നിലും അനുബന്ധപ്രശ്നങ്ങളിലും ഗൂഢാലോചന ആരോപിച്ചു. സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് സത്യസന്ധരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഡിയോ കാണാം

 

ഇന്‍സ്റ്റിറ്ര്യൂട്ടിലെ സംഭവവികാസങ്ങളെ അപ്പാടെ തള്ളുന്നതും പിന്നില്‍ ഗൂഢാലോചനയും ഉന്നയിച്ചാണ് അടൂര്‍ പടിയിറങ്ങിയത്. അടൂരിനൊപ്പം അക്കാദമിക് കൗണ്‍സില്‍ അധ്യക്ഷന്‍ ഗിരീഷ് കാസറവളളിയും രാജിവച്ചു. നാശത്തിലേക്ക് പോകുന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നാണ് അടൂര്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന് അടൂര്‍ പറയുന്നുണ്ട്. ശേഷമാണ് മാധ്യമങ്ങളോട് സംസാരിക്കാനെത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍മോഹനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവര്‍ത്തനപരിചയമോ ഉള്ള മറ്റൊരുവ്യക്തി ഇന്ത്യയിലില്ല. അത്തരത്തില്‍ ഒരാളെയാണ് അപമാനിച്ച് പടികടത്തിവിട്ടതെന്നും അടൂര്‍ പറഞ്ഞു.